കോട്ടയം : കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ പഴുക്കാനില കായൽവികസന പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. 103.73 കോടി രൂപയാണ്‌ പ്രഖ്യാപിച്ചത്‌. 2020 ജൂണിൽ ഭരണാനുമതി കിട്ടിയതാണ്‌.

To advertise here,

നവംബറിൽ കിഫ്ബി ഫണ്ടിങ്‌ അംഗീകാരവും ലഭിച്ചു. എന്നാൽ, കായൽ ആഴംകൂട്ടൽ പദ്ധതിക്ക്‌ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് പദ്ധതി നടത്തേണ്ടിയിരുന്നത്.

200 മീറ്റർ വീതിയിലും മൂന്ന്‌ കിലോമീറ്റർ നീളത്തിലും 1800 ഏക്കറിലായി പടർന്നുകിടക്കുന്ന കായൽ പ്രദേശമാണ് പഴുക്കാനിലം.

കായലിന്റെ ആഴം കൂട്ടി വാരിയെടുക്കുന്ന ചെളിമണ്ണ് ഉപയോഗിച്ച്‌ എഫ് ബ്ലോക്ക്, തിരുവായ്ക്കരി, ജെ ബ്ലോക്ക് 9000 എന്നീ പാടശേഖരങ്ങളുടെ 27.5 കിലോമീറ്റർ നീളുന്ന പുറംബണ്ട് ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ടൂറിസം, കാർഷികം, മത്സ്യമേഖലകൾക്ക്‌ ഒരുപോലെ ഗുണകരമാകുമായിരുന്ന പദ്‌ധതിയാണ്‌ എങ്ങുമെത്താതെ പോയത്‌.

തടാകം ആഴം കൂട്ടിയാൽ ടൂറിസം രംഗത്തും നേട്ടമുണ്ടാകുമായിരുന്നു. സീ പ്ലെയിൻ ഇറങ്ങാൻ സാധിക്കുന്ന തടാകമാണിത്. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥിതി സംരക്ഷിക്കാനും കഴിയുമായിരുന്നു.

പദ്‌ധതി പ്രഖ്യാപിച്ചതല്ലാതെ കഴിഞ്ഞ സർക്കാർ പിന്നീട് യാതൊന്നും ചെയ്തില്ലെന്ന് സി.കെ. ദാസ് കാഞ്ഞിരം പറഞ്ഞു.

പഴുക്കാനില കായൽ പദ്ധതി പുനരാരംഭിക്കുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനം വെറും വാക്ക് ആകരുതെന്ന് തിരുവാർപ്പ് കാഞ്ഞിരം വെട്ടിക്കാട് റോഡ് ഡിവലപ്മെന്റ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.