പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം അഴുകിയ സംഭവം

To advertise here,

പറവൂർ : താലൂക്ക് ഗവ. ആശുപത്രിയിൽ മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ച വീട്ടമ്മയുടെ മൃതദേഹം അഴുകിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് ബഹുജനമാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരുവതുരുത്ത് ഒറ്റാറക്കൽ ജെസി(65)യുടെ മൃതദേഹമാണ് ആശുപത്രിയിലെ ഫ്രീസറിൽ അഴുകിയ സംഭവമുണ്ടായത്.

ആശുപത്രിയിൽ പുതിയ ഫ്രീസറുകൾ വാങ്ങാൻ സ്പോൺൺസർമാരെ കണ്ടെത്താനാകാത്തത് കഴിവില്ലായ്മയാണെന്നും സമരക്കാർ ആരോപിച്ചു. മരുന്നുകളുടെ അപര്യാപ്തതയും പ്രധാന പ്രശ്നങ്ങളോടുള്ള അവഗണനയും മൂലം കേരളത്തിന്റെ ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും സമരക്കാർ പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് പി.ആർ. സജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സെക്രട്ടറി നിഖിൽ ബാബു, സി.പി.എം. ഏരിയ സെക്രട്ടറി ടി.വി. നിഥിൻ, ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഷൈല, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. ശ്രേഷ, സേതുപാർവതി, സി.ബി. ആദർശ്, അഖിൽ ബാവച്ചൻ എന്നിവർ സംസാരിച്ചു. മരിച്ച ജെസിയുടെ മകൻ വിനേഷ് പോൾ സമരത്തിൽ പങ്കെടുത്തു.

സി.പി.എം. ജില്ലാസെക്രട്ടറി അന്തരിച്ച വീട്ടമ്മയുടെ വീട് സന്ദർശിച്ചു

പറവൂർ : കഴിഞ്ഞദിവസം അന്തരിച്ച പരുവത്തുരുത്ത് ഒറ്റാറയ്ക്കൽ ജെസി(65)യുടെ വീട് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് സന്ദർശിച്ചു. വീട്ടിൽ വീണുപരിക്കേറ്റതിനെ തുടർന്ന് മരിച്ച ജെസിയുടെ മൃതദേഹം താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ ​െവച്ചിട്ടും അഴുകിയത് വിവാദമായിരുന്നു. നഗരസഭയുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥ മറച്ചുപിടിക്കാനായി പഴക്കംചെന്ന മൃതദേഹമാണ് ഫ്രീസറിൽ ​െവച്ചതെന്ന ആശുപത്രി സൂപ്രണ്ടിന്റെ പരാമർശം കുടുംബാംഗങ്ങൾക്ക് ഏറെ മാനസികവിഷമം ഉണ്ടാക്കിയതിനെ തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, റൂറൽ എസ്.പി., ഡി.എം.ഒ. എന്നിവർക്ക് ജെസിയുടെ മകൻ വിനേഷ് പോൾ പരാതി നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളെ എസ്. സതീഷ് ആശ്വസിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.വി. നിഥിൻ, ഏരിയ കമ്മിറ്റിയംഗം ടി.എസ്. രാജൻ, പി.പി. ജോസ്, റോബിൻ ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.