അങ്കമാലി : സാങ്കേതിക വിദ്യയുടെ തണലിൽ വിവിധ രൂപഭാവങ്ങൾക്ക് വേദിയായ KL 41 5355 ബസ് ഇനി രുചിവൈവിധ്യങ്ങളുടെ ഫുഡ് ലാബ്.
ഒരു കാലത്ത് അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളെയും വഹിച്ചു നീങ്ങിയിരുന്ന ഈ ബസ് കാലചക്ര യാത്രയിൽ വിവിധ മാറ്റങ്ങൾക്ക് വിധേയമായി ഇതിനോടകം നിരവധി റോളുകളിൽ തിളങ്ങി.
2016-ൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി ബസിന് ആദ്യ രൂപമാറ്റം വന്നത് ഇനവേഷൻ ലാബിന്റെ രൂപത്തിലായിരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഫിസാറ്റിൽ ആരംഭിച്ച ഐ.ഇ.ഡി.സി. സെല്ലിന്റെ ഭാഗമായി കേരളത്തിലുടനീളം സഞ്ചരിച്ച് നിരവധി സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയുടെയും അറിവിന്റെയും വാതായനങ്ങൾ തുറക്കാൻ ഫിസാറ്റ് ബസിന് കഴിഞ്ഞു. പിന്നീട് ബസിന്റെ രൂപമാറ്റം ഫിസാറ്റ് മൊബൈൽ ഫാബ് ലാബിന്റെ രൂപത്തിലേക്കായിരുന്നു. സാധാരണക്കാരായ ആളുകൾക്ക് സാങ്കേതിക വിജ്ഞാനവും അറിവും പകർന്നുനൽകാൻ ഇതുവഴി സാധിച്ചു.
2018-ൽ വെള്ളപ്പൊക്കം മൂലം വേദനയനുഭവിച്ച നിരവധി കുടുംബങ്ങളിൽ ഒരുപാട് വീട്ടുപകരണങ്ങളൂം ഇലക്ട്രിക് സാധനങ്ങളും കേടായ അവസരത്തിൽ വിദ്യാർഥികളുടെ സഹായത്തോടെ റിപ്പയർ-റീ ബിൽഡ്-റീ സ്റ്റോർ എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി സർവീസ് വാഹനമായി ഫിസാറ്റ് ബസ് മാറുകയായിരുന്നു. 2020-ൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ സാധാരണക്കാരിലേക്ക് ആതുര സേവനത്തിന്റെ രൂപത്തിൽ മൊബൈൽ മെഡിക്കൽ ക്ലിനിക്കായി ബസ് പ്രവർത്തിച്ചു.
അതിനുശേഷം 2023 വരെ ടെക്നോളോജി പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി വിവിധ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയുടെ അറിവുകൾ പകർന്നു നൽകാൻ വിവിധ ഭാവങ്ങളിൽ യാത്ര നടത്തുകയായിരുന്നു.
20 വർഷം പൂർത്തിയായി ബസിന്റെ പെർമിറ്റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ വകുപ്പിൽ നിന്ന് ആവശ്യമായ അനുവാദങ്ങൾ വാങ്ങി ബസിനെ രൂപമാറ്റം വരുത്തി ഈ വർഷം ഫാബ് ലാബിനെ ഒരു തുറന്ന ഫുഡ് ലാബാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷണം വാങ്ങാനും വിവിധ രുചികൾ അനുഭവിക്കാനുമുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫാബ് ലാബുമായുള്ള വിദ്യാർഥികളുടെ ബന്ധം ഊഷ്മളമായതിനെ തുടർന്ന് അതിനെ എങ്ങനെ കാമ്പസിൽ വീണ്ടും ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ് ഫുഡ് ലാബിലേക്കുള്ള രൂപമാറ്റം.
ഫിസാറ്റ് ഫുട്ബോൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നത് കൊണ്ടു തന്നെ നിരവധി വിദ്യാർഥികളാണ് ഇവിടെ നിത്യ സന്ദർശകരാകുന്നത്.
ഫിസാറ്റിലെ ഓരോ വിദ്യാർഥിയും പഠനത്തോടൊപ്പം സാങ്കേതിക മേഖലയിൽ നേടുന്ന അറിവിന് പുറമേ സാധാരണക്കാരായ ആളുകൾക്ക് കൂടുതൽ ഉപകാരം ലഭിക്കുന്ന പദ്ധതികളിലേക്ക് കടന്നുചെല്ലണം എന്ന് കരുതിയാണ് ഫിസാറ്റിലെ ബസിന് രൂപമാറ്റം വരുത്താൻ വിദ്യാർഥികൾക്ക് വിട്ടുനൽകിയതെന്ന് ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് പറഞ്ഞു.
കൂടാതെ ഫിസാറ്റിലെ ഒരു കാറും ഇരുപത് വർഷം പൂർത്തിയായി പെർമിറ്റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി വിട്ടുനൽകിയിരിക്കുകയാണ്.
കാറിനെ രൂപപ്പെടുത്തി ഇലക്ട്രിക് ബഗ്ഗിയാക്കി മാറ്റി ഉടൻ പുറത്തിറക്കും. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ അധ്യാപകനായ ജോസഫ് പാപ്പച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് ചെയർമാൻ പറഞ്ഞു.
ഫിസാറ്റിൽ പഠിക്കുന്ന ഓരോ വിദ്യാർഥികൾക്കും സാമൂഹിക ബോധം ആഴത്തിൽ വളർത്തുന്നതിനുള്ള ശ്രമം കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് പറഞ്ഞു.
Published: 11 Nov 2026, 03:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented