അഗ്‌നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം

To advertise here,

ചാലക്കുടി : ചാലക്കുടി അഗ്നിരക്ഷാനിലയത്തിനു പുതിയ കെട്ടിടം പണിയുന്നതിനുള്ള സ്ഥലം സംബന്ധിച്ച് ധാരണയായി. നഗരസഭാ മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് അനുവദിച്ച 20 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുക.

എന്നാൽ നഗരസഭ അനുവദിച്ച 20 സെന്റ് പോരെന്നും കുറഞ്ഞത് അഞ്ചുസെന്റ് ഭൂമി കൂടി ഇനിയും വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നഗരസഭയോടു കൂടുതൽ ഭൂമി വേണമെന്ന ആവശ്യം സനീഷ്‌കുമാർ ജോസഫ്‌ എം.എൽ.എ. അറിയിച്ചിട്ടുണ്ട്. 20 സെന്റ് ഭൂമി ഇൻഡോർ സ്റ്റേഡിയത്തിന്റെ വടക്കുപടിഞ്ഞാ​റേമൂലയിലാണ് അനുവദിച്ചിട്ടുള്ളത്.

റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന്‌ ഈ സ്ഥലത്തേക്ക് വഴിയും നൽകും. ആവശ്യപ്പെട്ട കൂടുതൽ ഭൂമി അനുവദിച്ചാലേ കെട്ടിടത്തിന് ഫണ്ട് അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകൂ. അഗ്നിരക്ഷാനിലയത്തിനു പുതിയ കെട്ടിടം നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ട് ഒരു ദശകത്തിലധികമായി. എന്നാൽ, അനുയോജ്യമായ സ്ഥലം ഇതുവരെ ലഭ്യമായില്ല.

ആദ്യം റെയിൽവേ സ്റ്റേഷൻ റോഡിൽ ഇറിഗേഷൻ മെക്കാനിക്കൽ ഡിവിഷന്റെ കൈവശമുള്ള സ്ഥലം അനുവദിച്ചതാണ്. എന്നാൽ, അവിടെ പിന്നീട് ട്രാംവേ മ്യൂസിയത്തിനായി സ്ഥലം നൽകിയതിനാൽ അഗ്‌നിരക്ഷാസേനയ്ക്ക് സ്ഥലം കിട്ടിയില്ല. തുടർന്ന് നഗരസഭയെ സമീപിച്ചു.

നഗരസഭ പോട്ടയിൽ സ്ഥലം അനുവദിച്ചു. പരിശോധനയിൽ ഈ സ്ഥലം തണ്ണീർത്തടമാണെന്ന് കണ്ടെത്തിയതോടെ മറ്റു നടപടികളുണ്ടായില്ല. മൂന്നര ദശകംമുൻപാണ് അഗ്‌നിരക്ഷാസേനയുടെ സേവനം ചാലക്കുടിയിൽ തുടങ്ങിയത്. സൗത്ത് ജങ്ഷനിൽ മുനിസിപ്പാലിറ്റി അനുവദിച്ച പഴയ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്.

ഈ പഴയ കെട്ടിടമാണ് സേനയുടെ വാഹനങ്ങളിടുന്നതിന് ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത്. ബാക്കി സ്ഥലം ജീവനക്കാരുടെ വിശ്രമസ്ഥലമായി ഉപയോഗിക്കുകയാണ്. അധികം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് താത്കാലിക ഷെഡ് നഗരസഭ കെട്ടിനൽകിയിട്ടുണ്ട്. പഴയ കെട്ടിടത്തിൽ അസൗകര്യങ്ങളേറെയുണ്ട്. 30 പേരാണ് ഇവിടെ ജീവനക്കാരായുള്ളത്. എല്ലാവർക്കുമായുള്ളത് ചെറിയ വിശ്രമമുറി. മഴ വന്നാൽ ഇവിടം ചോർന്നൊലിക്കും.

സ്ഥലം എത്രയും പെട്ടെന്ന് വിട്ടുകിട്ടിയാൽ മാത്രമേ കെട്ടിടംപണി നടത്തി പുതിയ സ്ഥലത്തേക്ക് മാറാനാകൂവെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. പറഞ്ഞു.