കരുമാല്ലൂർ : പെരിയാറിലൂടെ ഒഴുകിയെത്തിയ കൂറ്റൻ ബാർജ് കരുമാല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പമ്പ്ഹൗസിനുസമീപം അടിഞ്ഞു. ബാർജിൽതട്ടി പായൽക്കൂട്ടം പുഴയിൽ നിറഞ്ഞിരിക്കുന്നത് പമ്പ് ഹൗസിന്റെ പ്രവർത്തനത്തെ താളംതെറ്റിക്കുകയാണ്.

To advertise here,

കരുമാല്ലൂർ നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കുസമീപമാണ് ബാർജ് അടിഞ്ഞുകിടക്കുന്നത്. ഇത് എവിടെനിന്നെങ്കിലും ഒഴുകിവന്നതാണോ, ആരെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് നാട്ടുകാർക്കുപോലും അറിയില്ല. പാലം ഉൾപ്പെടെ പുഴയിലെ നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതരത്തിലുള്ള ബാർജാണ്. ഇവിടെ പുഴതീരം കാടുപിടിച്ചുകിടക്കുന്നതുകൊണ്ട് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പമ്പ്ഹൗസിലേക്ക് വെള്ളം ശേഖരിക്കുന്ന ഭാഗമെല്ലാം പായൽവന്നടിഞ്ഞതോടെ കർഷകരും പമ്പ് ഓപ്പറേറ്ററും പരിശോധന നടത്തിയപ്പോഴാണ് പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന കൊന്നമരച്ചില്ലകളിൽത്തട്ടി ബാർജ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തീരത്തോട് ചേർന്നുകിടക്കുന്നതുകൊണ്ടുതന്നെ കിഴക്കുനിന്നും ഒഴുകിവരുന്ന പായലെല്ലാം ഒഴുകിപ്പോകാതെ ഇവിടെ കൂടിക്കിടക്കുകയാണ്. കരുമാല്ലൂർ നാറാണത്തുക്ഷേത്രത്തിന്റെ ആറാട്ടുകടവും പായൽകൊണ്ടുമൂടി. ഇത് ഇവിടെനിന്നും എടുത്തുമാറ്റിയില്ലെങ്കിൽ പമ്പ്ഹൗസിന്റെ പ്രവർത്തനംതന്നെ നിലയ്ക്കുമെന്നാണ് കർഷകർ പറയുന്നത്.

അങ്ങനെയായാൽ കരുമാല്ലൂർ തട്ടാംപടി പ്രദേശത്തെ കൃഷിയിടങ്ങളിലേക്കെല്ലാം വെള്ളമെത്താത്ത അവസ്ഥവരും. മുന്നൂറോളമേക്കർ കൃഷിചെയ്തിരിക്കുന്ന കരുമാല്ലൂർ പാടത്ത് വെള്ളംകിട്ടാതെ വലിയ കൃഷിനാശമുണ്ടാകും. പുഴയിൽ വലിയ ഒഴുക്കുണ്ടായാൽ സമീപത്തുള്ള റെഗുലേറ്റർ-കം- ബ്രിഡ്ജിലേക്ക് ഇടിച്ചുകയറാനുമിടയുണ്ട്. അതുകൊണ്ട് ഈ ബാർജ് ഉടമസ്ഥനുണ്ടെങ്കിൽ ഇവിടെനിന്നും കൊണ്ടുപോകുകയോ അല്ലെങ്കിൽ ഇറിഗേഷൻ വകുപ്പ് ഇത് ഇവിടെനിന്നും മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് കർഷകരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.