ഹോർമോൺ മരുന്ന് പ്രയോഗം നിയന്ത്രിക്കണം
കൂത്താട്ടുകുളം: പൈനാപ്പിൾ കൃഷിയിൽ കൃഷിവകുപ്പ് വിദഗ്‌ധരുടെയും ശാസ്ത്രജ്ഞരുടെയും നിരന്തരമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ കൃഷി ലാഭത്തിലാക്കാൻ സാധിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് ഭൂരിഭാഗം കർഷകർക്കുമുള്ളത്. എന്നാൽ, ഇത്തരത്തിലുള്ള കാർഷിക ഇടപെടൽ സജീവമായി നടക്കുന്നില്ല.
പൈനാപ്പിൾ കുലയ്‌ക്കുന്നതിനും ചക്ക വലുതാകുന്നതിനും കാനിക്ക് കരുത്തുണ്ടാകുന്നതിനും വേണ്ടി ഹോർമോൺ മരുന്നുകൾ ചെടിയുടെ കൂമ്പിലും ഇലകളിലും ഒഴിക്കുന്നുണ്ട്.
നിരന്തരമായി മരുന്നുകൾ ഉപയോഗിക്കുന്നത് പൈനാപ്പിൾ ചെടിയിൽ ഉത്പാദനശേഷിയില്ലാത്ത മച്ചിക്കാനികൾ ഉണ്ടാകാൻ കാരണമാകാമെന്ന അഭിപ്രായമാണ് കർഷകർക്കുള്ളത്. ചെടിയുടെ ഇലയിൽ ഒഴിക്കുന്ന മരുന്നുകളുടെ ഉപയോഗവും കൂടുതലാണ്. എന്നാൽ പണ്ടുകാലത്ത് ചാണകം, കോഴിവളം, ആട്ടിൻകാഷ്‌ഠം, യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങൾ പൈനാപ്പിൾ ചെടിയുടെ ചുവട്ടിൽ നൽകിയിരുന്നു. അക്കാലത്ത് മച്ചിക്കാനികൾ ഇത്രയധികം ഉണ്ടായിരുന്നില്ലെന്ന് മുൻ ബ്ലോക്ക് പഞ്ചായത്തംഗവും പാലക്കുഴയിലെ പൈനാപ്പിൾ കർഷകനുമായ സിബി ജോർജ് പറയുന്നു.
ഹോർമോണുകളുടെയും മരുന്നുകളുടെയും ഉപയോഗമില്ലാതെ പൈനാപ്പിൾ കൃഷി നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒന്നരക്കിലോ തൂക്കമുള്ള ചക്കയെങ്കിലും ഒരു ചെടിയിൽ നിന്ന് ലഭിച്ചാൽ മാത്രമേ കർഷകന് മുടക്കുമുതൽ തിരിച്ചു കിട്ടൂ. കൃഷിച്ചെലവുകൾ വളരെയധികം കൂടി. കർഷകർ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അധികൃതർ കർഷകർക്ക് വിവരങ്ങൾ നൽകണം. അങ്ങനെയുണ്ടാകുന്നില്ല എന്നത് വലിയ പോരായ്മയാണ്.
പൈനാപ്പിളിനെ ബാധിക്കുന്ന രോഗങ്ങൾ സംബന്ധിച്ച് കർഷകർക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ അടിസ്ഥാനപരമായ ധാരണ ഇല്ലാത്ത സ്ഥിതിയാണെന്നാണ് കർഷകരുടെ പ്രധാന പരാതി. ഉത്പാദനശേഷിയില്ലാത്ത മച്ചിക്കാനികൾ ആരംഭത്തിൽ തിരിച്ചറിയാൻ കഴിയുന്നില്ല. ആദ്യമായി കൃഷി നടത്തുന്ന കർഷകൻ ഒരു പൈനാപ്പിൾ തൈ ചെടിക്ക് 15 രൂപ കൊടുത്താണ് വാങ്ങേണ്ടത്. നടീൽ, വളം എന്നീ ഇനങ്ങളിലായി വലിയ തുക ചെലവഴിക്കണം. ചെടി വളർച്ചയെത്തി കായ് ആകുമ്പോൾ മാത്രമാണ് മച്ചിക്കാനികൾ തിരിച്ചറിയുന്നത്. ഇവ പിന്നീട് ചുവടോടെ പറിച്ചു കളയുമ്പോഴുണ്ടാകുന്ന നഷ്‌ടം ഏറെയാണ്.
പഞ്ചായത്ത് തലത്തിൽ കൃഷിഭവൻ കേന്ദ്രീകരിച്ച് പൈനാപ്പിൾ കർഷകർക്ക് മാത്രമായി പഠന പരിശീലനവും ഗവേഷണ പരിപാടിയും സംഘടിപ്പിക്കുന്ന കേന്ദ്രങ്ങൾ ഉണ്ടാകണം.
പൈനാപ്പിൾ ചെടികളിലുണ്ടാകുന്ന മാറ്റങ്ങൾ, ഹോർമോൺ മരുന്നുപ്രയോഗം എന്നിവ സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നിരന്തരമായി ഉണ്ടാകണം.
ജനിതക വൈകല്യം സംബന്ധിച്ച കാര്യങ്ങൾ കർഷകരെ ബോധ്യപ്പെടുത്തണം.
ഉത്പാദന ശേഷിയില്ലാത്ത മച്ചിക്കാനികൾ തുടർ കൃഷിക്ക് ഉപയോഗിക്കരുത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കൃഷിഭവൻ കേന്ദ്രീകരിച്ച് കർഷകരെ ബോധ്യപ്പെടുത്തണം.
(അവസാനിച്ചു)
സബ്‌സിഡി നാമമാത്രം
പൈനാപ്പിൾ കൃഷിക്ക് സംസ്ഥാന സർക്കാർ സബ്‌സിഡി നൽകുന്നത് സംബന്ധിച്ചും കർഷകർക്ക് പരാതിയുണ്ട്. 14 ജില്ലകളിലേക്കും ഒരേ തുകയാണ് വകയിരുത്തുന്നത്. വ്യാപകമായി പൈനാപ്പിൾ കൃഷി ചെയ്യുന്ന ജില്ലകൾക്കും കുറച്ചുമാത്രം കൃഷി ചെയ്യുന്ന ജില്ലകൾക്കും ഒരേ തരത്തിലാണ് സബ്‌സിഡി അനുവദിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ വ്യാപകമായി കൃഷിയുണ്ട്. പാലക്കുഴ പഞ്ചായത്തിൽ മാത്രം 100-ൽ അധികം പൈനാപ്പിൾ കർഷകരുണ്ട്. പാലക്കുഴ കൃഷിഭവനിൽ നിന്ന് ആകെ ഒരു ഹെക്‌ടർ സ്ഥലത്തിന് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. കൃഷിവകുപ്പിന്റെ അശാസ്‌ത്രീയമായ തീരുമാനങ്ങൾ കാരണം കൂടുതൽ കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ കുറച്ചു തുകമാത്രം സബ്‌സിഡി ലഭിക്കുന്നു. ഇത് മാറ്റി വ്യാപകമായി കൃഷിചെയ്യുന്ന ജില്ലകളിൽ കൂടുതൽ തുക ആനുകൂല്യമായി ലഭ്യമാക്കണമെന്നതാണ് പൈനാപ്പിൾ കർഷകരുടെ ആവശ്യം.
Published: 28 Oct 2026, 03:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented