ചെറായി : വൈപ്പിൻ മേഖലയിലെ തോടുകളിൽ കുളവാഴയും പോളയും നിറഞ്ഞു. എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളിലും കിഴക്ക് വീരൻ പുഴയിലുമാണ് പായൽശല്യം അതിരൂക്ഷമായിരിക്കുന്നത്. വെള്ളത്തിലെ ഉപ്പുരസം കുറയുമ്പോൾ പായൽ വളരുന്നത് പതിവാണെങ്കിലും, ഇക്കുറി ജലാശയങ്ങളിൽ പോളയും പായലുകളും പൂർണമായി മൂടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
പായലിനിടയിലൂടെ വഞ്ചിയിൽ സഞ്ചരിക്കാൻ പതിവിലേറെ സമയം വേണം. ചെറുവഞ്ചികൾമുതൽ വലിയ ബോട്ടുകൾവരെ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെയാണ് ഈ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. പുഴയിൽ വളർന്നു പെരുകുന്ന പായൽ ഒഴുക്കിൽ തോടുകളിലേക്കും ചെമ്മീൻകെട്ടുകളിലേക്കും എത്തുന്നു. പുഴയിൽ സ്ഥാപിച്ചിട്ടുള്ള ചീനവലകൾ, ഊന്നിവലകൾ എന്നിവയുടെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടതോടെ നൂറുകണക്കിന് തൊഴിലാളികളെയാണ് ഇത് സാരമായി ബാധിച്ചത്. ഇതോടെ വിപണിയിൽ പുഴമീനിന്റെ ലഭ്യതയും വൻതോതിൽ കുറഞ്ഞു. പുത്തൻ തോടുകളിൽ വലവീശി മത്സ്യബന്ധനം നടത്തുന്നവർക്കും ചൂണ്ടക്കാർക്കും വലിയ ബുദ്ധിമുട്ടായി മാറി.
പരിസ്ഥിതിപരമായും വലിയ ആഘാതമാണ് ആഫ്രിക്കൻ പായൽ എന്നറിയപ്പെടുന്ന കുളവാഴകളും പോളപ്പായലുകളും സൃഷ്ടിക്കുന്നത്. ജലോപരിതലം പൂർണമായി മൂടപ്പെടുന്നതിനാൽ വെള്ളത്തിലേക്ക് സൂര്യപ്രകാശവും വായുവും കടന്നുചെല്ലുന്നത് തടയപ്പെടുന്നു. പായൽ ചീഞ്ഞുനശിച്ചാലും അവയുടെ അവശിഷ്ടങ്ങൾ പൂർണമായി നീങ്ങാൻ മാസങ്ങൾ വേണ്ടിവരുമെന്ന് പ്രദേശവാസികൾ പറയുന്നു. നീരൊഴുക്ക് നിലയ്ക്കുന്നതു മൂലം മാലിന്യങ്ങൾ അടിഞ്ഞുകൂടി പകർച്ചവ്യാധി ഭീഷണിയുമുണ്ട്.
ഈ ഗുരുതര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികൾ ആവശ്യമാണ്. ഫ്ളോട്ടിങ് ട്രാഷർ പോലുള്ള ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ജലാശയങ്ങളിൽനിന്നും പായൽ വാരി മാറ്റാൻ ചിലയിടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നുണ്ട്. ജൈവനിയന്ത്രണ മാർഗങ്ങളിലൂടെ പായലിന്റെ വളർച്ച തടയുന്നതോടൊപ്പം, നീക്കം ചെയ്യുന്ന പായൽ ഉണക്കി കരകൗശല വസ്തുക്കളോ മികച്ച ജൈവവളമോ ആക്കി മാറ്റാനുള്ള പദ്ധതികളും എൻജിനിയറിങ് കോളേജുകളിൽനിന്നും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്.
ഇതിൽ മെച്ചപ്പെട്ടവ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി നോക്കാൻ അവസരങ്ങൾ നൽകണം.
ജനകീയ കൂട്ടായ്മയിലൂടെ തോടുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Published: 28 Oct 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented