അരൂർ : അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് താഴെ ദേശീയപാതയിൽ അരൂർ പഞ്ചായത്തിന് മുന്നിലെ കോൺക്രീറ്റ് മീഡിയന്റെ ഒരുഭാഗം പൊളിച്ചു. കാൽനടയാത്രികർക്ക് കടന്നുപോകുന്നതിനായാണിത്. ആളുകൾക്ക് കടന്നുപോകാൻ വിധം 39-ാം നമ്പർ തൂണിന് സമീപം മീഡിയന്റെ ഇരുഭാഗത്തെയും കോൺക്രീറ്റ് ചൊവ്വാഴ്ചയാണ് പൊളിച്ചത്.

To advertise here,

പൊളിച്ച ഭാഗത്തിന്റെ വശങ്ങളിൽ സിമന്റുപയോഗിച്ച് മിനുസപ്പെടുത്തും. പിന്നീട് ദേശീയപാതയിൽ സീബ്രാലൈനുകൾ വരയ്ക്കുന്നതോടെ ഇതുവഴി കാൽനടക്കാർക്ക് സുരക്ഷിതമായി കടന്നുപോകാം.

ദേശീയപാതയിലെ തിരക്കേറിയ ജങ്ഷനുകളിലൊന്നാണ് അരൂർ അമ്പലം. ചേർത്തലയിൽനിന്നുള്ള നിരവധി ബസുകൾ ഇവിടെ സർവീസ് അവസാനിപ്പിക്കുന്നു.

ഇതിലെത്തുന്ന അരൂർ മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിലുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് എറണാകുളത്തേക്ക് പോകണമെങ്കിൽ ദേശീയപാത കുറുകെ കടക്കണമായിരുന്നു. തുറവൂർ ഭാഗത്തുനിന്ന് അരൂരിലെത്തി അരൂക്കുറ്റി ഭാഗത്തേക്ക്, പഠനത്തിനും ജോലിക്കും മറ്റുമായി പോകുന്നവരും പാത മുറിച്ച് കടക്കണം.

നിലവിൽ ഇതിനായി ആളുകൾ ചുറ്റി സഞ്ചരിക്കുകയോ, ജങ്ഷനിൽ സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ അപകടകരമായി മറികടക്കുകയോ വേണമായിരുന്നു. അതിനാൽ പഞ്ചായത്തിന് മുന്നിൽ പെഡസ്ട്രിയൻ ക്രോസിങ് എന്ന ആവശ്യവും ശക്തമായിരുന്നു. ഇതിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇവിടെ നിർമിക്കുന്ന ഈ ചെറുപാതവഴി ഇരുചക്രവാഹനങ്ങൾ കടന്നുപോകാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും കാൽനടക്കാർ മുന്നോട്ട് വെക്കുന്നു. ഇതിനായി ഒരു വരി ഇഷ്ടിക കെട്ടിയാൽ മതിയാകും.

അരൂരിനും തുറവൂരിനും ഇടയിലെ ചില പെഡസ്ട്രിയൻ ക്രോസിങ്ങിൽ ഈ നിർമിതിയുണ്ട്. ഇതില്ലാത്തയിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ കാൽനടക്കാർക്കുള്ള വഴി ദുരുപയോഗപ്പെടുത്തുന്നുമുണ്ട്.

അമ്പലം ജങ്ഷന് വടക്കുഭാഗം കഴിഞ്ഞദിവസം നൂറ് മീറ്ററോളം ദൂരത്തിൽ പൊളിച്ച ദേശീയപാതയുടെ കിഴക്കേയോരവും ചൊവ്വാഴ്ച ടാർ ചെയ്തു.