കെ.എം.ആർ.എൽ. മണ്ണിട്ടു നികത്തിയ ഭൂമി മാലിന്യത്തുരുത്തായി

To advertise here,

കാക്കനാട് : ഒരു വശത്ത് ജില്ലാ പഞ്ചായത്ത് കാര്യാലയം, മറുവശത്ത് തൃക്കാക്കര മുനിസിപ്പൽ കോ-ഓപ്പറേറ്റീവ് ആശുപത്രി. ഇതിനിടയിലെ വിലമതിക്കാനാവാത്ത ആറ് ഏക്കറോളം വരുന്ന സർക്കാർ ഭൂമി ഇന്ന് നാട്ടുകാർക്ക് സമ്മാനിക്കുന്നത് കടുത്ത ദുരിതവും മൂക്ക് പൊത്തേണ്ടുന്ന ദുർഗന്ധവുമാണ്. കൊച്ചി മെട്രോയുടെ (കെ.എം.ആർ.എൽ.) നിർമാണാവശിഷ്ടങ്ങളും കവറുകളിൽ കെട്ടിത്തൂക്കുന്ന വീട്ടുമാലിന്യങ്ങളും തള്ളുന്ന ആധുനിക 'ഡംപിങ് യാർഡ്' ആയി ഈ റവന്യൂ ഭൂമി അധഃപതിച്ചിട്ട് നാളുകളേറെയായി.

തൃക്കാക്കര നഗരസഭാ ഓഫീസിനും സീപോർട്ട്-എയർപോർട്ട് റോഡിനും സമീപത്തെ ആറ് ഏക്കറോളം വരുന്ന ഗർത്ത സമാനമായ ഈ പ്രദേശം കെ.എം.ആർ.എൽ. മണ്ണിട്ടു നികത്തിയപ്പോഴാണ് കഥ മാറുന്നത്. അടിഭാഗത്തുണ്ടായിരുന്ന കലുങ്ക് മണ്ണിനടിയിലായി. പിന്നീട് കലുങ്ക് കണ്ടെത്തിയെങ്കിലും അതിനുള്ളിലെ മണ്ണും ചെളിയും പൂർണമായി നീക്കാൻ കഴിയാത്തതിനാൽ വെള്ളത്തിന് ഒഴുക്കില്ലാതായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സംഭവിച്ചത് ദാരുണ കാഴ്ചയായിരുന്നു.

കെ.ബി.പി.എസ്. കോമ്പൗണ്ടിൽനിന്നും കാക്കനാട് ജങ്ഷനിൽനിന്നും ഇരച്ചെത്തിയ വെള്ളം ഒഴുകിയെത്തിയത് കോ-ഓപ്പറേറ്റീവ് ആശുപത്രി മുറ്റത്തേക്ക്. ചികിത്സ തേടിയെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുർഗന്ധം വമിക്കുന്ന അഴുക്കുവെള്ളം ചവിട്ടിയാണ് ആശുപത്രിക്ക് അകത്തേക്ക് കയറിയത്. രോഗം മാറ്റേണ്ട ആശുപത്രിതന്നെ രോഗം പരത്തുന്ന കേന്ദ്രമായി മാറുന്ന വിചിത്ര കാഴ്ചയ്ക്കാണ് കാക്കനാട് സാക്ഷ്യം വഹിച്ചത്.

പ്രശ്നം ഗുരുതരമായപ്പോൾ രണ്ട് മാസം മുൻപ് കളക്ടറുടെ അധ്യക്ഷതയിൽ എം.എൽ.എ. ഉമാ തോമസിന്റെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

കെ.എം.ആർ.എൽ., തൃക്കാക്കര നഗരസഭ, ആശുപത്രി അധികൃതർ എന്നിവരെല്ലാം പങ്കെടുത്ത ആ യോഗത്തിൽ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ കർശന നിർദേശം നൽകുകയും ചെയ്തു.

എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും യോഗത്തിലെ മിനിറ്റ്സ് പേപ്പറുകളിൽമാത്രം വെള്ളം ഒതുങ്ങി.

യാതൊരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, മാലിന്യ നിക്ഷേപം മുറപോലെ തുടരുകയും ചെയ്യുന്നു!

ഈ ദുരിതത്തിന് ശാശ്വത പരിഹാരമായി തൃക്കാക്കര നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും യു.ഡി.എഫ്. ചെയർമാനുമായ എം.എസ്. അനിൽകുമാർ ജില്ലാ കളക്ടർക്ക് പുതിയൊരു പദ്ധതി സമർപ്പിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ വശത്തുകൂടി വെള്ളം കിളിയിങ്കൽ തോട്ടിലേക്ക് തിരിച്ചുവിടുന്നതിനായി ഏകദേശം 150 മീറ്റർ നീളത്തിൽ പുതിയ ഓട നിർമിക്കുക എന്നതാണ് പദ്ധതി.

ഇതിന്റെ സാങ്കേതിക സാധ്യത പരിശോധിച്ച് എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കുകയാണെങ്കിൽ കാക്കനാടിന്റെ ഈ വലിയ തലവേദനയ്ക്ക് വിരാമമിടാം.

നാടിന്റെ ഭാവി വികസനത്തിന് ഉപയോഗിക്കേണ്ട വിലപ്പെട്ട സർക്കാർ ഭൂമി മാലിന്യക്കൂമ്പാരമായി മാറുന്നത് അനുവദിച്ചുകൂടാ.

രോഗികൾക്ക് അഭയമാകേണ്ട ആശുപത്രിയിലേക്ക് ചെളിവെള്ളം ഇരച്ചുകയറുന്ന ഈ സാഹചര്യം ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.