വണ്ണപ്പുറം : ലീഗ് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് മുണ്ടികുന്നേൽ എം.ഇ. റാഫിയെയും മറ്റു രണ്ടുപേരെയും രാസലഹരിയുമായി പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇതിന്റെ ഭാഗമായി ഞായറാഴ്ച കാളിയാർ മുപ്പത്തിയാറു കവലയിലെ വീട്ടിൽ തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡും കാളിയാർ പോലീസും സംയുക്തമായി പരിശോധന നടത്തി.
പരിശോധനയിൽ രാസലഹരി ഉത്പന്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ലഭിച്ച വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് തുടർ പരിശോധനകൾക്ക് കാരണമായത്. മറ്റൊരുവീട്ടിൽ നടത്തിയ പരിശോധനയിൽ രാസലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ഒക്ടോബർ മൂന്നിന് രാത്രി കാളിയാറിന് സമീപമുള്ള വാടകവീട്ടിൽനിന്നാണ് രാസലഹരിയുമായി റാഫി (42) ഉൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടിയത്.
വണ്ണപ്പുറം അമ്പലപ്പടി സ്വദേശി പുഴക്കരയിൽ ഷമ്മാസ് (36), കാളിയാർ പള്ളിക്കവല സ്വദേശി ചെത്തിനാട്ട് സി.എം. കബീർ (43) എന്നിവരാണ് പിടിയിലായ മറ്റുരണ്ടുപേർ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഒക്ടോബർ രണ്ടിന് നടത്തിയ പരിശോധനയിൽ 1.6 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇതിനുപുറമേ, ശനിയാഴ്ച വണ്ണപ്പുറത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വണ്ണപ്പുറം സ്വദേശികളായ രണ്ടുപേരിൽനിന്നും കടവൂർ സ്വദേശിയിൽനിന്നും കോടിക്കുളം സ്വദേശിയിൽനിന്നും ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ പിഴയടപ്പിച്ചശേഷം വിട്ടയച്ചു.
പ്രതികളുടെ ഫോൺ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്കും സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
Published: 15 Oct 2026, 02:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented