തിരുവല്ല : മലങ്കര കത്തോലിക്കാസഭയുടെ മുവാറ്റുപുഴ രൂപതാ മുൻ അധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ് മെത്രാപ്പൊലീത്ത (81) കാലംചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.

To advertise here,

2019-ൽ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച യൂലിയോസ് വിശ്രമജീവിതത്തിലായിരുന്നു. 2008-ൽ മെത്രാപ്പൊലീത്താ സ്ഥാനത്ത് എത്തുന്നതിന് മുൻപ് ഫാ. എബ്രഹാം കാക്കനാട്ട് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.

1945 മേയ് 25-ന് മല്ലപ്പള്ളി കല്ലൂപ്പാറ കടമാൻകുളം കാക്കനാട്ടിൽ ഇ.ടി. വർഗീസ്-അന്നമ്മ ദമ്പതിമാരുടെ മകനായാണ് ജനനം. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദിക പരിശീലനം തുടങ്ങി. തിരുവല്ല സെയ്ന്റ് ജോൺസ് കത്തീഡ്രൽ വികാരിയായി വർഷങ്ങളോളം പ്രവർത്തിച്ചു. തിരുവല്ല അതിരൂപതയുടെ സാമൂഹിക സേവനപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെ വളർച്ചയിൽ നേതൃത്വം നൽകിയതിൽ പ്രധാനിയാണ്.

ബൈബിൾ പഠനത്തിൽ പ്രത്യേകവൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉപരിപഠനം നടത്തി. 2008 ജനുവരി 18-നാണ് മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് ഉയർത്തി മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷനാക്കുന്നത്. 1970 ഒക്ടോബർ 10-ന് വൈദികനായി. ഓഞ്ഞിൽ, മൈക്കാവ്, നാരങ്ങാത്തോട്, തലവടി വടക്ക്, തലവടി തെക്ക്, അമിച്ചകരി, ആലപ്പുഴ, ചെങ്ങരൂർ എന്നീ ഇടവകകളിൽ വികാരിയായും തിരുവനന്തപുരം മേജർ സെമിനാരി റെക്ടറായും പ്രവർത്തിച്ചു.

സഹോദരങ്ങൾ: ത്രേസ്യാമ്മ പോൾ(തിരുവല്ല), രാജൻ കാക്കനാട്ട്(ആലപ്പുഴ), വത്സമ്മ ജേക്കബ്(ജർമനി), പരേതരായ സിസ്റ്റർ യൂലിത്തി, ഫാ. സെൻസ്ലാവോസ്, സിസ്റ്റർ ക്രിസ്റ്റീന. ഭൗതികശരീരം തിരുവല്ല സെയ്ന്റ് ജോൺസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഞായറാഴ്ച വിവിധ ശുശ്രൂഷകൾ നടക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് കത്തീഡ്രലിലെ പ്രത്യേക കല്ലറയിൽ കബറടക്കം നടത്തും.

വിടപറഞ്ഞത് മൂവാറ്റുപുഴയുടെ പ്രിയപ്പെട്ട പിതാവ്...

മൂവാറ്റുപുഴ : ആത്മീയ വളർച്ചയിലും ഭൗതിക വികാസത്തിലും ഒരുപോലെ മനസ്സുറപ്പിച്ച മൂവാറ്റുപുഴയുടെ പ്രിയപ്പെട്ട പിതാവായിരുന്നു വിട പറഞ്ഞ ഡോ. എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത. രൂപതയുടെ സമൃദ്ധി സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ നൂറിലേറെ കുടുംബങ്ങൾക്ക് അദ്ദേഹം വീടൊരുക്കി. പാവപ്പെട്ട വിദ്യാർഥികളുടെ ഉന്നത പഠനത്തിന് മാർ യൂലിയോസ് എൻഡോവ്‌മെന്റ് രൂപവത്കരിച്ച് സഹായങ്ങൾ നൽകി. ജാതി മതഭേദമില്ലാതെ നിരവധി കുട്ടികൾക്ക് നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾ പഠിക്കാനും ജോലി കണ്ടെത്താനും ഇതുമൂലം കഴിഞ്ഞു. 2018-ലെ വെള്ളപ്പൊക്ക സമയത്ത് സഭ ചെയ്ത സേവനങ്ങളും പിതാവിന്റെ കാരുണ്യത്തിന് തെളിവാണ്.

ഉറച്ച തീരുമാനങ്ങളും ദീർഘവീക്ഷണവും കാര്യങ്ങൾ നടത്തിയെടുക്കാനുള്ള അസാമാന്യമായ കരുത്തുമായിരുന്നു പിതാവിനെ വ്യത്യസ്തനാക്കിയിരുന്നതെന്ന് സഭയുടെ കീഴിലുള്ള മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്‌കൂൾ മാനേജർകൂടിയായ ഫാ. വർഗീസ് പണ്ടാരംകുടിയിൽ അനുസ്മരിച്ചു.