ആലുവ : ദേശീയപാതയിൽ പഴയ മാർത്താണ്ഡവർമ പാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച മുതൽ നവംബർ ആറുവരെ അടച്ചിടുന്നതിനാൽ ഗതാഗതനിയന്ത്രണത്തിനായി ബൈപ്പാസിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
മാർക്കറ്റ് മേൽപ്പാലത്തിൽ നിന്നുവരുന്ന വാഹനങ്ങൾ വലത്തേക്കുതിരിഞ്ഞ് പുതിയ മാർത്താണ്ഡവർമ പാലത്തിലൂടെയാണ് അങ്കമാലി ഭാഗത്തേക്ക് പോകേണ്ടത്. ഇതിനായി പ്രധാനപാതയിലെ മീഡിയന്റെ ഒരുഭാഗം പൊളിച്ചുനീക്കി. മാർക്കറ്റിനു മുന്നിലെ പാരലൽ റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്തെ മീഡിയനും പൊളിച്ചിട്ടുണ്ട്.
അങ്കമാലി ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലം കടന്നശേഷം പോലീസിന്റെ ട്രാഫിക് കൺട്രോൾ ക്യാമ്പിന്റെ ഭാഗത്തുകൂടി സഞ്ചരിച്ച് മേൽപ്പാലത്തിലേക്ക് പ്രവേശിക്കണം. ഇതിനായി കാടുപിടിച്ചുകിടന്ന ഈ ഭാഗം ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കി.
ഗതാഗതക്കുരുക്കിന് സാധ്യത
: രണ്ട് പാലങ്ങൾ ഉണ്ടെങ്കിലും പകൽസമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് ആലുവയിൽ അനുഭവപ്പെടുന്നത്. ദേശീയപാതയിലൂടെ ഏറെ സമയമെടുത്താണ് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത്.
അറ്റകുറ്റപ്പണിക്കായി പഴയ മാർത്താണ്ഡവർമ പാലം അടച്ചിടുകയും പുതിയ പാലത്തിലൂടെ രണ്ടുവരി ഗതാഗതം നടത്തുകയും ചെയ്യുന്നതോടെ ആലുവയിൽ കുരുക്ക് മുറുകും എന്നാണ് കരുതുന്നത്. പൊതുജനങ്ങൾക്കും പോലീസിനും ഇതു സംബന്ധിച്ച് ആശങ്കയുണ്ട്. മറ്റിടങ്ങളിൽ നിന്നും ആലുവയിൽ ജോലിക്കെത്തുന്ന ചിലർ ബുധനാഴ്ച അവധി എടുക്കുന്നുണ്ട്. സാഹചര്യം മനസ്സിലാക്കി തുടർ ദിവസങ്ങളിൽ ജോലിക്കെത്താം എന്നാണ് അവർ പറയുന്നത്.
Published: 28 Oct 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented