പാറക്കടവ് : ​പാറക്കടവ് പഞ്ചായത്ത് 15-ാം വാർഡിലെ വലിയകുളത്തിന്റെയും ആലുവത്തോടിന്റെയും നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

To advertise here,

ഏഴര ഏക്കർ വിസ്തൃതിയുള്ള വലിയകുളത്തിലും രണ്ടു കിലോമീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള ആലുവത്തോടിലും പലഭാഗത്തും കുളവാഴയും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിങ് ഹിറ്റാച്ചി ഉപയോഗിച്ച് ഇവ വാരിമാറ്റുന്ന പണി തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. രണ്ടുദിവസം മുൻപ് പണി പൂർത്തിയായി എന്നനിലയിൽ ഹിറ്റാച്ചി ഇവിടെനിന്ന് കൊണ്ടുപോയെന്ന് കർഷകർ പറയുന്നു.

എന്നാൽ വലിയകുളത്തിനോട് ചേർന്നും ആലുവത്തോടിന്റെ പല ഭാഗത്തും പായലും കുളവാഴയും നിറഞ്ഞുകിടക്കുന്നുണ്ട്. ഇവ മാറ്റിയില്ലങ്കിൽ കനത്ത മഴപെയ്താൽ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടും. നടീൽ കഴിഞ്ഞ പാടശേഖരം വെള്ളക്കെട്ടിലാകും. ഇറിഗേഷൻ വകുപ്പ് ഫണ്ട് ഉപയോഗിച്ച് കുളത്തിലെ ചെളി നീക്കാനും കുളവാഴ പൂർണമായി മാറ്റാനുമായിരുന്നു പദ്ധതി. എന്നാൽ നവീകരണ പ്രവർത്തനങ്ങളിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് കർഷകർ ആരോപിച്ചു.

കുളത്തിന്റെ ചുറ്റുമുള്ള അല്പം ചെളി മാത്രം നീക്കുകയും കുളവാഴ ഭാഗികമായി മാറ്റുകയും മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്ന് പറയുന്നു. പ്രവൃത്തികൾ പാതിവഴിയിലായിരിക്കെ, പണി പൂർത്തിയായെന്ന് കാണിച്ച് ബില്ല് മാറാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. ഇതിനെതിരേ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൂവത്തുശ്ശേരി പാടശേഖരസമിതി പ്രസിഡന്റ് വി.പി. നൈജു, സെക്രട്ടറി സൈബി ഇട്ടൂപ്പ് എന്നിവർ ആവശ്യപ്പെട്ടു.