കുന്നത്തുന്നാട്ടിൽ ആലോചനായോഗം ചേർന്നു
കോലഞ്ചേരി : വേനൽ കടുക്കുന്നതോടെ കുന്നത്തുനാട്ടിലെ കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ പെരിയാർവാലി കനാലുകളുടെ ശുചീകരണവും അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തിയാക്കാൻ കർമപദ്ധതി തയ്യാറാക്കും. കോലഞ്ചേരിയിൽ ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം. കനാലുകളുടെ സ്ഥിതിഗതികൾ മുൻകൂട്ടി വിലയിരുത്തി മുൻഗണനാ പട്ടിക തയ്യാറാക്കി ഘട്ടംഘട്ടമായി പ്രവൃത്തികൾ നടപ്പാക്കും.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വി.പി. സജീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ പെരിയാർവാലി ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുന്നത്തുനാട്ടിൽ ഏകദേശം 200 കിലോമീറ്ററോളം കനാൽ ശൃംഖലയാണുള്ളത്. പല ഭാഗങ്ങളിലും കാടുമൂടിയതും ചെളിയടിഞ്ഞതും പാലങ്ങൾ തകർന്നതുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ചോർച്ചയും തകർച്ചയും കാരണം ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരം ഭാഗങ്ങളിൽ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ അടിയന്തരമായി നടത്തണം. കനാൽ ശുചീകരണത്തിനും ചെളി നീക്കം ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടോ സാധ്യമായ മറ്റ് പദ്ധതികളോ പ്രയോജനപ്പെടുത്താനാകുമോ എന്നും പരിശോധിക്കും. പഞ്ചായത്ത് തലത്തിൽ ചേരുന്ന കമ്മിറ്റി യോഗങ്ങളിൽ പെരിയാർവാലി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ പ്രത്യേകം വിലയിരുത്തും. ഇതിലൂടെ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് പ്രധാന സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നാണ് യോഗം വിലയിരുത്തിയത്. വേനൽ തുടങ്ങുന്നതിന് മുൻപ് കനാലുകളുടെ സമഗ്ര പരിശോധന നടത്തി ശുചീകരണം ആവശ്യമായ ഭാഗങ്ങളും അറ്റകുറ്റപ്പണി വേണ്ട ഭാഗങ്ങളും പ്രത്യേകം കണ്ടെത്തും.
സംസ്ഥാന ബജറ്റിൽ ജലസേചനത്തിനും പ്രളയനിയന്ത്രണത്തിനുമായി അനുവദിച്ച തുകയിലൂടെ ആവശ്യമായ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളും മുന്നോട്ടുകൊണ്ടുപോകും. തദ്ദേശ സ്ഥാപനങ്ങൾ, ഇറിഗേഷൻ വകുപ്പ്, പ്രാദേശിക സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെ കനാലുകളുടെ പരിപാലനം കാര്യക്ഷമമാക്കുകയും വേനൽക്കാലത്ത് ജലവിതരണം തടസ്സപ്പെടാത്ത സാഹചര്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി തോമസ്, എ.പി. കുഞ്ഞുമുഹമ്മദ്, ജിൻസി അജി, മിനി മോഹൻദാസ്, പ്രസന്ന പ്രദീപ്, കെ. ശാരദ, റജി വർഗീസ്, ഷൈജ റെജി, വൈസ് പ്രസിഡന്റുമാരായ ഷമീർ തുകലിൽ, ജോൺ ജോസഫ്, എ.വി. ജോയ്, ശ്യാമള സുരേഷ്, ബിൻസി സജീവ്, പെരിയാർവാലി എക്സിക്യുട്ടീവ് എൻജിനിയർ സി.വി. ബൈജു, അസി. എക്സിക്യുട്ടീവ് എൻജിനിയർമാരായ ബേസിൽ സ്കറിയ, പി.വി. സിനി, കെ.ജി. ഗിലത, പെരുമ്പാവൂർ, ആലുവ, കോലഞ്ചേരി സബ് ഡിവിഷനുകളിലെ അസി. എൻജിനിയർമാർ എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും സംബന്ധിച്ചു.
Published: 20 Sept 2026, 02:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented