പോത്താനിക്കാട് : പൈങ്ങോട്ടൂരിൽ കടവൂർ മുറിപ്പാടത്ത് ആവേശം വിതറി മരമടി മത്സരത്തിന്റെ ആരവം. കൊയ്ത്തിനുശേഷം ചെളിപ്പാടത്ത് നടത്തുന്ന മരമടി മത്സരം നാല് പതിറ്റാണ്ടിന് ശേഷമാണ് പുനരാരംഭിച്ചത്. ടി.എം. ജേക്കബ് കോതമംഗലം എം.എൽ.എ. ആയിരുന്ന കാലഘട്ടത്തിൽ ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് തെക്കേപുന്നമറ്റത്ത് തുടങ്ങിയ മത്സരം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാല് വർഷത്തിനുശേഷം നിലച്ചുപോയി.

To advertise here,

 

43 വർഷത്തിന് ശേഷം വീണ്ടും മത്സരം തുടങ്ങിയപ്പോൾ നഷ്ടപ്പെടുന്ന നെൽകൃഷിയുടെയും പാടശേഖരങ്ങളുടെയും പുനരുജ്ജീവനമായി. പുതുതലമുറയ്ക്ക് പഴമയുടെ കാർഷിക അറിവുകളിലേക്കുള്ള തിരിഞ്ഞുനോട്ടവുമായി.

മുറിപ്പാടത്തെ 75 മീറ്റർ നീളം വരുന്ന ട്രാക്കിൽ എറണാകുളം, ഇടുക്കി ജില്ലകളിൽനിന്നുള്ള 17 ടീമുകളാണ് മത്സരിച്ചത്. രാവിലെ 11.30-ന് ആരംഭിച്ച മത്സരം വൈകീട്ട് 3-നാണ് സമാപിച്ചത്.

ഒരു ജോഡി പൂട്ടിയ കാളകൾക്ക് പിന്നിൽ ഞവരിപിടിച്ച് നിയന്ത്രിച്ച് കാളപൂട്ടുകാരും ഓടി. വാശിയേറിയ പോരാട്ടത്തിനാണ് മുറിപ്പാടം വേദിയായത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. ജൂനിയർ വിഭാഗത്തിൽ ബിനോയി പുത്തൻപുരയ്ക്കൽ, മണി പാറയിൽ വഴിത്തല, കുട്ടിച്ചൻ പുറപ്പുഴ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ശിവൻ മലങ്കരയും, രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത് തൊമ്മൻ താണികുന്നേൽ, അമൽ കിഴകൊമ്പ് എന്നിവരാണ്.

ഒന്നാംസ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയും, രണ്ടാംസ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും ട്രോഫിയും സമ്മാനിച്ചു. മത്സരം

ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ. അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിജോ ജോൺ, റാണിക്കുട്ടി ജോർജ്, മുൻ എം.എൽ.എ. എൽദോ എബ്രഹാം, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് എന്നിവർ സംസാരിച്ചു.