പെരുമ്പാവൂർ : കിഫ്ബി ഫണ്ട് അനിശ്ചിതത്വത്തിലായതോടെ മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ ഭാഗമായ വാരിക്കാട്-വെങ്ങോല റോഡുപണി പ്രതിസന്ധിയിലായി. 3.30 കോടി രൂപയ്ക്ക് ടെൻഡർ നൽകിയിരുന്ന പണികൾക്ക് നാലുമാസം മുൻപ് 87 ലക്ഷം രൂപ കൂടി കിഫ്ബി വഴി അനുവദിച്ചിരുന്നു. ഇതിനേ തുടർന്ന് വികസനത്തിന്റെ ഭാഗമായി രണ്ടിടത്ത് കലുങ്കുകൾ നിർമിക്കാനുള്ള പണികൾ തുടങ്ങി. എന്നാൽ യു.ഡി.എഫ്. സർക്കാർ വന്നതോടെ കിഫ്ബി ഫണ്ടുകൾ അനിശ്ചിതത്വത്തിലാവുകയും, പണികൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയുമായിരിക്കുകയാണ്.
വെങ്ങോല മുതൽ വാരിക്കാട് വരെ ബി.എം.ബി.സി. നിലവാരത്തിൽ പുനർനിർമിക്കാനായിരുന്നു പദ്ധതി. മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് നവീകരിച്ച സമയം റോഡിന് വീതിയില്ലെന്ന കാരണം പറഞ്ഞാണ് വെങ്ങോല-വാരിക്കാട് ഭാഗം ഒഴിവാക്കിയത്. പിന്നീട് റോഡിന്റെ തകർച്ച ബോധ്യപ്പെട്ടതിനേ തുടർന്നാണ് കിഫ്ബി 87 ലക്ഷം രൂപ കൂടി അനുവദിച്ചത്. കിഫ്ബി ഫണ്ട് അനിശ്ചിതത്തിലായതോടെ പണികൾ മുഴുവൻ ചെയ്താൽ ഫണ്ട് ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് പറയുന്നു.
ആറുമാസമാണ് നിർമാണ കാലാവധിയെങ്കിലും ഇതിനകം പണികൾ പൂർത്തിയാകില്ലെന്ന് ഉറപ്പായി. 22 ബസുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന റോഡിൽ രണ്ട് മാസത്തോളമായി ഗതാഗതം പൂർണമായി തടഞ്ഞാണ് പണികൾ നടത്തിവരുന്നത്. പ്രദേശവാസികളുടെ യാത്രാക്ലേശം രൂക്ഷമാണെന്ന് മാത്രമല്ല, ബസുകൾ തിരിച്ചുവിടുന്ന അല്ലപ്ര തുരുത്തിപ്ലി റോഡ് തകർന്ന് തരിപ്പണമായി.
പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഇതുവഴി പോയിരുന്നത്. നിരവധി സ്കൂൾ ബസുകളും തെക്കൻ ജില്ലകളിൽനിന്ന് രാജഗിരി ആശുപത്രി, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി ദീർഘദൂര യാത്രികരും മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് ബൈപ്പാസായി ഉപയോഗിച്ചിരുന്നു. എം.സി. റോഡിലെയും പെരുമ്പാവൂർ നഗരത്തിലെയും തിരക്ക് ഒഴിവാക്കി പോകാമെന്നതായിരുന്നു നേട്ടം.
Published: 07 Sept 2026, 01:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented