കോതമംഗലം : നെല്ലിക്കുഴി ജങ്ഷനിലെ ഗതാഗതക്കുരുക്ക് പ്രദേശത്തെ വ്യാപാര മേഖലയെ സ്തംഭനത്തിലാക്കുന്നതായി പരാതി. ആലുവ-മൂന്നാർ റോഡിൽ കനാൽ പാലംമുതൽ നെല്ലിക്കുഴി കവലവരെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.
മൂന്നാർ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിത്യേന ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൂടാതെ ചെറുവട്ടൂർ, തൃക്കാരിയൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നു. നാലും കൂടിയ കവലയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ കിടക്കുന്നത് കാൽനടക്കാരെ പോലും ബാധിക്കുകയാണ്.
ഓണക്കാലത്ത് പല ദിവസങ്ങളിലും വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ദീർഘദൂര യാത്രയ്ക്ക് വിദൂര സ്ഥലങ്ങളിൽനിന്ന് വരുന്നവരും സർവീസ് ബസുകളും കുരുക്കിൽപ്പെട്ട് ഏറെ നേരം കിടക്കേണ്ടിവരുകയാണ്. ഇത്രയധികം ഗതാഗതകുരുക്ക് ഉണ്ടായിട്ടും ട്രാഫിക് പോലീസിന്റെ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നെല്ലിക്കുഴി കവലയിലെ ഗതാഗതസ്തംഭനത്തിന് പരിഹാരമായി പഞ്ചായത്തിന് പിന്നിലൂടെയുള്ള റോഡ് ബൈപ്പാസായി പ്രയോജനപ്പെടുത്തിയാൽ പരിഹാരമാകുമെന്ന് വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് ആവശ്യപ്പെട്ടു.
സർവീസ് ബസ് ഒഴിച്ച് ലോറിയും കാറും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ട് ഗ്രീൻ വാലി സ്‌കൂൾ വഴി തങ്കളം ആൽമാവിൻചുവട്ടിൽ എത്തി തങ്കളം കവലകൂടി കോതമംഗലത്തിന് പോകാവുന്നവിധം സൗകര്യം ഏർപ്പെടുത്തണം. കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ മേഖലയായ നെല്ലിക്കുഴിയിൽ ഗതാഗത കുരുക്ക് മൂലം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും സമിതി പ്രസിഡന്റ് കെ.കെ. ബഷീറും സെക്രട്ടറി എൻ.ബി. യൂസഫും പറഞ്ഞു.
Published: 14 Sept 2026, 01:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented