അരൂർ : അരൂർ ബൈപ്പാസിൽ നിന്നും തോപ്പുംപടി റോഡിലേക്ക് കയറുന്ന ഭാഗത്ത് പൈപ്പ് അറ്റകുറ്റപ്പണിക്കായി എടുത്ത കുഴി മൂടാത്തത് ദുരിതമാകുന്നു. മൂന്നാഴ്ചയ്ക്ക് മുൻപെടുത്ത കുഴിയാണ് ജോലികൾ കഴിഞ്ഞിട്ടും മൂടാത്തത്.

To advertise here,

ഇതോടെ തിരക്കേറിയ തോപ്പുംപടി റോഡിൽ കാൽനടയും വഹന ഗതാഗതവും അപകടകരമാവുകയാണ്. ഇതിനോട് ചേർന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്താത്തത് വ്യാപാരികളെയും വലയ്ക്കുകയാണ്.

ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായാണ് കുഴിയെടുത്തതെന്ന് പ്രദേശവാസികൾ പറയുന്നു. കുഴിയെടുത്തപ്പോൾ ലഭിച്ച മണലെല്ലാം റോഡരികിലാണ് കൂട്ടിയിരിക്കുന്നത്. മറ്റിടങ്ങളിലേക്ക് മാറ്റുവാൻ സൗകര്യമില്ലതാനും. രാത്രി വൈകി അറ്റകുറ്റപ്പണി അവസാനിച്ചതാണ് കുഴിമൂടാൻ തടസ്സമായത്.

പിന്നീട് ഇതിനായി ആളുകൾ എത്താത്തതിനെ തുടർന്ന് പരിസരവാസികൾ കാര്യം തിരക്കിയപ്പോൾ 28-ന് കുഴിമൂടുമെന്ന് പറഞ്ഞിരുന്നു. അതും കഴിഞ്ഞ് കുഴി മൂടാതായതോടെയാണ് പരിസരവാസികൾ പരാതിയുമായി രംഗത്തെത്തിയത്.