അരൂർ : ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഇട്ടിരുന്ന കോൺക്രീറ്റ്‌ സ്ലാബിൽ തട്ടി നിയന്ത്രണംവിട്ട ഇന്നോവ കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന കായംകുളം ഭരണിക്കാവ് സ്വദേശികളായ നാലംഗ കുടുംബം പരിക്കേൽക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

To advertise here,

വെള്ളിയാഴ്ച രാത്രി പത്തരയോടെ അരൂർ ശ്രീനാരായണനഗറിന് സമീപമാണ് സംഭവം. എറണാകുളത്ത് പോയി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് കയറ്റിവെച്ചിരുന്ന കോൺക്രീറ്റ് സ്ലാബിൽ റിഫ്ളക്ടറുകൾ ഉണ്ടായിരുന്നില്ല.

നിർമാണം നടക്കുന്നയിടങ്ങളിൽ ആവശ്യത്തിന് വെളിച്ചവുമില്ല. ഇതാണ് അപകടകാരണമെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.

മുൻവശം സ്ലാബിൽ ഇടിച്ചതോടെ നിയന്ത്രണംവിട്ട കാർ ഒരുവശത്തേക്ക് മറിഞ്ഞ് സമീപത്തെ ഇരുമ്പ് കോവണിയിൽ തട്ടി നിൽക്കുകയായിരുന്നു. ഇവിടെ ഉയരപ്പാതയ്ക്ക് മുകളിലേക്ക് തൊഴിലാളികൾക്ക് കയറാനായി സ്ഥാപിച്ചിരുന്നതാണ് ഇരുമ്പ് ഗോവണി. വലിയ ശബ്ദം കേട്ട് സമീപത്തെ തളിക ഹോട്ടലിലെ ജീവനക്കാരും ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരടക്കം ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ ഒരുവശത്തെ ഡോറും ഡിക്കിയും തുറന്നാണ് അകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന അരൂർ ബ്രഡ് ഹൗസ് ഉടമ സഹിൻഷാ വിവരം പോലീസിലും അരൂർ അഗ്നിരക്ഷാസേനയിലും അറിയിച്ചു. ഇവരും സ്ഥലത്തെത്തി. പിന്നീട് ക്രെയിൻ എത്തിച്ച് വാഹനം സമീപത്തേക്ക് മാറ്റിയിട്ടു. പരിക്കേൽക്കാതിരുന്ന കുടുംബം മറ്റൊരു കാറിൽ സ്വദേശത്തേക്ക് മടങ്ങി. സംഭവത്തെ തുടർന്ന് പാതയിൽ അല്പനേരം ഗതാഗത തടസ്സം ഉണ്ടായി.