കോതമംഗലം : കുട്ടംപുഴ വില്ലേജിലെ ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയിൽനിന്നും പൂർണമായും ഒഴിവാക്കിയുള്ള പുതിയ മാപ്പ് സർക്കാർ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. ഈ മാപ്പാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. ഇതനുസരിച്ച് 476.19 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

To advertise here,

ഇത് വനപ്രദേശമാണ്. വില്ലേജിന്റെ ആകെ വിസ്തൃതി 519.28 ചതുരശ്ര കിലോമീറ്ററിൽനിന്ന് 43.09 ചതുരശ്ര കിലോമീറ്റർ ജനവാസമേഖലയെ ഇ.എസ്.എ.യിൽനിന്നും ഒഴിവാക്കിയുള്ള മാപ്പ് ആണ് സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഒക്ടോബർ 12-ന് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട കെ.എം.എൽ. ഫയലിൽ വിശദമായ പ്രൊപ്പോസൽ മാപ്പ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ശുപാർശ നേരത്തേ കേന്ദ്രത്തിന് നൽകിയിരുന്നു. കെ.എം.എൽ. ഫയൽ (കീഹോൾ മാർക്ക്അപ്പ് ലാഗ്വേജ്) പുറത്തുവിട്ടത് പൊതുജനത്തിന്റെ അറിവിലേക്കായിട്ടാണ്. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചപ്പോൾ എറണാകുളം ജില്ലയിൽ കുട്ടംപുഴ വില്ലേജ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. കുട്ടംപുഴ വില്ലേജിലെ ജനവാസമേഖല പൂർണമായും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടതായുള്ള ആശങ്ക നേരത്തേ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിലേക്ക് അയച്ചിരിക്കുന്ന പുതിയ മാപ്പിൽ കുട്ടംപുഴ വില്ലേജിലെ ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കിയാണ് നിർദേശം നൽകിയത്.

ഫയൽ പരിശോധിച്ചാൽ ഒഴിവാക്കിയ ജനവാസമേഖല സംബന്ധിച്ച വിവരം വ്യക്തമാകും.ഇ.എസ്.എയും ആയി ബന്ധപ്പെട്ട കേന്ദ്രസംഘം 2026 ജൂലായ് 14 മുതൽ 16 വരെ സംസ്ഥാനത്ത് സന്ദർശനം നടത്തിയിരുന്നു. ജൂലായ് 15-ന് കേന്ദ്രസംഘം മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ ഷിബു ബേബി ജോൺ, സണ്ണി ജോസഫ്, വിവിധ വകുപ്പുമേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിൽ കേരളത്തിലെ പരിസ്ഥിതിലോല മേഖല 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രസംഘം റിപ്പോർട്ട് കൊടുക്കുന്നതിന് മുൻപുതന്നെ ജൂലായ് 27-ന് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ഉണ്ടായത്.ജനത്തിന് ആശങ്ക ഉണ്ടായിരുന്ന മണികണ്ഠൻചാൽ, കല്ലേലിമേട്, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി മുതലായ ജനവാസമേഖലകളും കുഞ്ചിപ്പാറ, തലവച്ചുപാറ, വാരിയം, തേര, ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി ഊരുകളും അടക്കം മുഴുവൻ ജനവാസ മേഖലകളും ഒഴിവാക്കിയാണ് സംസ്ഥാനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചത്.