
മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിർമ്മിക്കുന്ന പുതിയ സമാന്തര പാലത്തിന്റെ രൂപരേഖ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി മാത്യു കുഴൽനാടൻ എം.എൽ.എ. അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ എം.എൽ.എ.യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
കിഫ്ബി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലത്തിന്റെ അലൈൻമെന്റും ഡിസൈനും അന്തിമമാക്കുന്നതിനായിരുന്നു ഈ പരിശോധന. പദ്ധതിയുടെ സർവ്വേ നടപടികൾക്കായി നേരത്തെ പല തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്നാണ് കിഫ്ബി നേരിട്ട് സർവ്വേ നടത്തിയത്. വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ പൂർത്തിയാകും.
53.66 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പാലത്തിനും സമീപന റോഡിനുമായി മാറാടി വില്ലേജിലെ 28.75 സെന്റ് സ്ഥലം ഏറ്റെടുക്കും. ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലമായ നിലവിലെ കച്ചേരിത്താഴം പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന രണ്ടാമത്തെ പാലമാണിത്. നടപ്പാതയും രണ്ട് വരി ഗതാഗതമാർഗ്ഗവും അടക്കം 10 മീറ്റർ വീതി പാലത്തിനുണ്ടാകും.
ഇതോടെ കച്ചേരിത്താഴത്തെ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് മാറുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ റോഡുകൾ നാലുവരിപ്പാതയായി നിർമ്മിച്ചതോടെ നിലവിലെ കച്ചേരിത്താഴം പാലത്തിലേക്കെത്തുമ്പോൾ രണ്ട് വരിയാകുന്നതാണ് പ്രശ്‌നം. ഇതിനാണ് പരിഹാരം കാണുന്നത്.
പൊതുമരാമത്ത് ഡിസൈൻ വിഭാഗം സീനിയർ എൻജിനീയർമാരായ പി.എസ്. സുജു, ഡോ. എസ്.എസ്. ഫീനിക്‌സ്, അലൻ ഓസ്റ്റിൻ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പോൾ തോംസൺ, അസിസ്റ്റന്റ് എൻജിനീയർ ബിനു മേരി തോമസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Content Highlights: The design of the parallel bridge at Kacherithazham in Muvattupuzha is nearing completion, with PWD design wing officials conducting an on-site inspection.
Published: 28 Nov 2026, 06:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented