കരുമാല്ലൂർ : തകർന്നുകിടക്കുന്ന പഴയ പൈപ്പ് മാറ്റിസ്ഥാപിക്കാതെ വാട്ടർ അതോറിറ്റിയുടെ തട്ടിക്കൂട്ട് പണിമൂലം ആലുവ-പറവൂർ റോഡിൽ ചെളിക്കൂനയും പൊടിയും. പ്രദേശത്തെ വ്യാപാരികൾ ദുരിതത്തിലായിട്ടും റോഡ് വെട്ടിപ്പൊളിക്കുന്ന പണി തുടരുന്നു.

To advertise here,

കരുമാല്ലൂർ ആശുപത്രിപ്പടി കവല മുതൽ തട്ടാംപടി മരോട്ടിച്ചുവടുവരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ അടുത്തിടെയായി 11 സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. അവിടെയെല്ലാം വാട്ടർ അതോറിറ്റിയുടെ കരാറുകാരെത്തി റോഡ് കുഴിക്കും. ചോർച്ചയടയ്ക്കും. അത് തീരുന്നതിനുമുൻപ് അടുത്തസ്ഥലത്ത് പൊട്ടും. പിന്നെ അതിന്റെ പണിയായി. ചിലയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലത്തുതന്നെ വീണ്ടും ചോർച്ചയുണ്ടാകും. കുഴിയടച്ച് ടാറിങ് നടത്തിയ സ്ഥലത്തുപോലും ഇപ്പോൾ വെള്ളം ചോർന്നുപോകുന്നുണ്ട്.

 

വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പിലാണ് പ്രധാനമായും ചോർച്ചയുള്ളത്. പൈപ്പുകൾ യോജിപ്പിക്കുന്ന സ്ഥലത്തെ റബർബുഷുകളെല്ലാം ജീർണാവസ്ഥയിലാണ് അവിടെയാണ് കൂടുതൽ ചോർച്ച അനുഭവപ്പെടുന്നത്. അതുകൂടാതെ കാലഹരണപ്പെട്ട പൈപ്പ് പലയിടങ്ങളിലായി പൊട്ടുന്നുണ്ട്. ഈ ഒരു കിലോമീറ്റർ ദൂരത്തിൽ പുതിയ കാസ്റ്റയേൺ പൈപ്പ് സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ അതിന് വാട്ടർ അതോറിറ്റി തുനിയുന്നുമില്ല. അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചെലവാക്കിക്കൊണ്ടേയിരിക്കുകയാണ്. ലക്ഷക്കണക്കിനു ലിറ്റർ ശുദ്ധജലം പാഴാക്കിക്കളയുകയുംചെയ്യുന്നു. അതുകൂടാതെ ജനങ്ങളെ ദുരിതത്തിലുമാക്കുന്നു.

 

വ്യാപാരികൾക്ക് പ്രതിഷേധം

കഴിഞ്ഞദിവസം കരുമാല്ലൂർ ആശുപത്രിപ്പടിയിൽ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടത്താൻ റോഡ് കുഴിച്ചിട്ടത് ഒരാഴ്ചയോളമാണ്. ഇതിനിടെ മഴപെയ്ത് റോഡിലേക്കെല്ലാം ചെളി ഒലിച്ചിറങ്ങി. കാൽനടയാത്രക്കാരെല്ലാം ദുരിതത്തിലായി. വ്യാപാരസ്ഥാപനങ്ങളിലേക്ക് ആരും കയറിച്ചെല്ലാത്ത അവസ്ഥയുണ്ടായി. അതിനുശേഷം പള്ളിപ്പടിയിലെ കടകളുടെ മുൻപിലായിരുന്നു പണി. ഇപ്പോൾ തട്ടാംപടി കവലയിലും ഇവിടെ കൂനപോലെയാണ് ചെളി കൂട്ടിയിട്ടിരിക്കുന്നത്. ചെളിവെള്ളം തട്ടാംപടി നീറിക്കോട് റോഡിലൂടെയൊഴുകി കടകളുടെ മുൻഭാഗം കെട്ടിക്കിടന്നു. ഇത് ഒരുദിവസത്തെ മാത്രം സംഭവമല്ല. നിത്യവും ഇവിടെ അറ്റകുറ്റപ്പണികളാണ്.

റോഡ് ടാർ ചെയ്താൽ ഉടൻ പൊളിയും

ആലുവ-പറവൂർ റോഡ് ഇപ്പോൾ ടാറിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിൽ ടാർ ചെയ്താൽ റോഡ് ഉടൻതന്നെ കുത്തിപ്പൊളിക്കേണ്ടിവരും. ജീർണാവസ്ഥയിലുള്ള പൈപ്പ് പൊട്ടുമെന്നുറപ്പാണ്. ആദ്യം പൊട്ടുന്നത് എവിടെയാണെന്ന് നോക്കേണ്ടതുള്ളൂ. അതുകൊണ്ടാണ് പഴയ പൈപ്പ് പൂർണമായും മാറ്റിസ്ഥാപിക്കണമെന്ന് ജനം ആവശ്യപ്പെടുന്നത്.