കൊല്ലം: മിഷൻ സമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം പോർട്ടിന്റെ വികസനപ്രവർത്തനങ്ങൾ സമയബദ്ധമായി പൂർത്തിയാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു.

To advertise here,

പദ്ധതിയുടെ ഭാഗമായി കൊല്ലം പോർട്ടിന്റെ നിലവിലെ സൗകര്യങ്ങൾ പരിശോധിക്കാനും വികസനസാധ്യതകൾ വിലയിരുത്താനുമായി തുറമുഖവകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ മന്ത്രിക്കൊപ്പം കൊല്ലം പോർട്ട് സന്ദർശിച്ചു.

പോർട്ടിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആവശ്യമായ വികസനം നടപ്പാക്കാനാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ലജിസ്റ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റ് തുറമുഖങ്ങളുമായും ഉൾനാടൻ ഗതാഗതശൃംഖലയുമായും ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ സാധ്യതകളും സംഘം വിലയിരുത്തി.

മിഷൻ സമുദ്രയുടെ ബന്ധപ്പെട്ട വിശദമായ ചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങൾ, തമിഴ്നാട്ടിലെ തെങ്കാശി എന്നിവ ഉൾപ്പെടുന്ന വിശാലമായ മേഖലയ്ക്ക് ചരക്കുഗതാഗത സൗകര്യമൊരുക്കാൻ കൊല്ലം തുറമുഖത്തിന് വലിയ സാധ്യതകളുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാലിനു സമീപമുള്ള സ്ഥാനവും ദേശീയ ജലപാത മൂന്നിന്റെ (വെസ്റ്റ് കോസ്റ്റ് കനാൽ) തെക്കേ അറ്റത്തുള്ള സ്ഥിതിയും തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീണ്ടകരയിലെ സ്ഥലവും പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്തുമെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു.

മേയർ എ.കെ. ഹഫീസ്, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജെറോമിക് ജോർജ്, കളക്ടർ ആനി ജൂലാ തോമസ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, പോർട്ട് പർസർ ആർ. സുനിൽ, പോർട്ട് കൺസർവേറ്റർ അനിൽകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.