
ഓഗസ്റ്റ് 10- ഇന്ന് ലോക സിംഹദിനം... കാട്ടിലെ രാജാവിന്റെ ചിത്രം പങ്കുവെച്ചും ലോകമെമ്പാടുമുള്ള സിംഹസംരക്ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മോദി സിംഹപ്രിയരെ ഗിര്‍ വനത്തിലേക്ക് ക്ഷണിക്കുന്നുമുണ്ട്. ഏഷ്യന്‍ സിംഹങ്ങള്‍ സ്വാഭാവിക പരിസ്ഥിതിയില്‍ കാണാന്‍ കഴിയുന്ന ഒരേഒരിടമാണ് ഗുജറാത്തിലെ ഗിര്‍ വനങ്ങള്‍.
ഗിര്‍ വനങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന സിംഹങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ധനവില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ലോകമെമ്പാടും ഇവയ്ക്ക് സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ലോകരാജ്യങ്ങളുമായി പങ്കുവെച്ച ഉടമ്പടിയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു.
ലോക സിംഹദിനത്തില്‍, സിംഹങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേരാനും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. അവയുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് സന്തോഷം തരുന്ന വാര്‍ത്തയാണ് - പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ലോകത്ത് സിംഹങ്ങള്‍ അധിവസിക്കുന്ന എല്ലാ രാജ്യങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ്' രൂപവത്കരിക്കാനുള്ള നീക്കത്തിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലോകത്തെല്ലായിടത്തും സിംഹങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പാക്കാനും അത് സംബന്ധിച്ച അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും - പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രൗഢിയുടെ പ്രതീകമായ ഏഷ്യന്‍ സിംഹങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കാണാനും ആസ്വദിക്കാനും എല്ലാ വന്യജീവി സ്‌നേഹികളേയും ഞാന്‍ ഗിര്‍ വനത്തിലേക്ക് ക്ഷണിക്കുകയാണ്. എത്ര നന്നായാണ് അവിടെ സിംഹങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കുന്നതിനൊപ്പം ഗുജറാത്തിലെ ജനങ്ങളുടെ ആഥിത്യമര്യാദയും ആസ്വദിക്കാം - മോദി എക്‌സില്‍ കുറിച്ചു.
2013 മുതലാണ് ലോക സിംഹദിനം ആഘോഷിച്ചുതുടങ്ങിയത്. വന്യജീവി സംരക്ഷകരായ ഡെരക്-ബേവര്‍ലി ദമ്പതിമാരുടെ 'ബിഗ് ക്യാറ്റ് റെസ്‌ക്യു' ആണ് ഇതിന് തുടക്കം കുറിച്ചത്. അനിയന്ത്രിത വേട്ടയാടല്‍ മൂലം സിംഹങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ട ദമ്പതിമാര്‍ അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു.
2009-ല്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലുമായി ചേര്‍ന്ന് 'ബിഗ് ക്യാറ്റ് ഇനിഷ്യേറ്റീവ് (ബി.സി.ഐ.)' എന്ന പദ്ധതിക്ക് ഇവര്‍ തുടക്കം കുറിച്ചു. ലോകത്തെമ്പാടുമുള്ള സിംഹങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി 2013-ല്‍ അവര്‍ സംയുക്തമായി ആഘോഷിച്ച് തുടങ്ങിയതാണ് ലോക സിംഹദിനം. എല്ലാ വര്‍ഷവും ഓഗസ്റ്റ് 10-നാണ് ലോക സിംഹദിനമായി ആചരിക്കുന്നത്.
Content Highlights: world lion day 2024 pm modi shares good wishes to lion protectors all over the world
Published: 10 Aug 2024, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented