കാട്ടാക്കട (തിരുവനന്തപുരം): നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്തെ മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിനുള്ളിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
കാട്ടാക്കട പൂവച്ചൽ കാക്കമുകൾ റോഡരികത്ത് വീട്ടിൽ സുകുമാരൻകുട്ടിനായർ (65), ചൊവ്വി നിവാസിൽ ചന്ദ്രദാസ് (65) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് വേവിച്ച കാട്ടുപോത്തിറച്ചിയും വനംവകുപ്പ് കണ്ടെടുത്തു. 26- ന് പുലർച്ചെയാണ് കാട്ടുപോത്തിനെ വെടിവച്ചു വീഴ്ത്തിയത്.
തോലുരിച്ച ശേഷം ഇറച്ചി കഷ്ണങ്ങളാക്കി വാഹനത്തിൽ കടത്തുകയായിരുന്നു. നായാട്ടുസംഘത്തിലെ അംഗങ്ങളാണിവരെന്നും ഏഴു പേർ സംഘത്തിൽ ഉള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലെ പ്രധാനികൾ ഒളിവിലാണ്. 25- ന് രാത്രി തന്നെ സംഘം എസ്റ്റേറ്റിന് സമീപത്തെ സുകുമാരൻകുട്ടി താമസിക്കുന്ന ലയത്തിൽ എത്തിയിരുന്നു. കൃത്യത്തിന് ശേഷം പുലർച്ചെ അഞ്ചുമണിയോടെ ഇറച്ചിയുമായി സംഘം കടന്നതായും അന്വേഷണത്തിൽ വ്യക്തമായി.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, മൊബൈൽ ടവർ വിവരങ്ങൾ, ടാപ്പിങ് തൊഴിലാളികളുടെ മൊഴികൾ, രഹസ്യ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി.വിപിൻചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ റോയ് ജോൺസൺ, മനുചന്ദ്രൻ, ജിഷ്ണു എം.എൽ., റോഷ്നി ജി.എസ്., ബീറ്റ് അസിസ്റ്റന്റുമാരായ വി.പ്രദീപ്, വി.സുജിത്ത്, കിരൺ, എസ്.ശ്യാം, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Two men arrested by the forest department for shooting and killing a gaur in a rubber estate near Nettukaltheri., Cooked gaur meat and the vehicle used for smuggling were seized from the prime accused's residence., Investigation utilized CCTV footage, mobile tower data, and worker testimonies to track down the 7-member poaching gang., The arrested individuals were produced before the Nedumangad forest court and remanded.
Published: 03 Oct 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented