
ധനമന്ത്രി നിർമലാ സീതാരമൻ കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രധാനമായും നൽകിയത് കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണവും അത് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പാതയുമാണ്. ബജറ്റിന് ശേഷം ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഒഡീഷയിലെ ഗഹിർമാതാ തീരത്ത് നടപ്പിലാക്കി വിജയിച്ച ഈ പദ്ധതി കേരളത്തിൽ കൂടെ വരുന്നതോടെ ഇത് കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എങ്ങനെയാണ് ഗഹിർമാതയിൽ കടലാമ സംരക്ഷണം വിനോദസഞ്ചാരത്തിന് ഗുണകരമാവുന്നത്.
1997-ൽ ആണ് ഒഡിഷയിലെ കേന്ദ്രപര ജില്ലയിലെ ഗഹിർമാതാ തീരത്ത് കടലാമ സംരക്ഷണത്തിന് ഒഡിഷ സർക്കാർ തുടക്കം കുറിക്കുന്നത്. ഏകദേശം 1435 സ്‌ക്വയർ കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന തീരത്ത് ലക്ഷക്കണക്കിന് കടലാമകളാണ് മുട്ടയിടാനായി ഓരോ വർഷവും എത്തിച്ചേരുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് തീരം ആമകളെ കൊണ്ട് നിറയും. ഇതുകാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കം നിരവധി വിനോദസഞ്ചാരികൾ സ്ഥലത്തെത്തുകയും ചെയ്യുന്നതോടെ ഒഡിഷയുടെ വിനോദ സഞ്ചാര വികസനത്തിന് വഴിത്തരുവുമായി. പ്രധാനമായും ഒലീവ് റിഡ്‌ലി വിഭാഗത്തിൽ പെടുന്ന വംശനാശ ഭീഷണി പട്ടികയിൽപ്പെടുന്ന ആമകളാണ് മുട്ടയിടാനായി എത്തുന്നത് എന്നതുകൊണ്ടുതന്നെ ഇതിനെ ഏറെ പ്രാധാന്യത്തോടെയാണ് സർക്കാരും കാണുന്നത്.
- എങ്ങനെയാണ് ആമകളുടെ സംരക്ഷണം ഉറപ്പാക്കുന്നത്
ആമകൾ മുട്ടയിടാനായി എത്തുന്ന കാലത്ത് വലിയ നിയന്ത്രണമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന് പ്രദേശവാസികളുടെ വലിയ പിന്തുണയുമുണ്ട്. യന്ത്രവത്കൃത മത്സ്യബന്ധനം ഇക്കാലത്ത് നിരോധിക്കും. ചില പ്രത്യേക മേഖലകളിൽ മത്സ്യബന്ധനം പൂർണമായും നിരോധിക്കും. മത്സ്യബന്ധനത്തിന് ടെർടിൽ എക്സ്ക്ലൂഡർ ഡിവൈസ്(ടെഡ്) എന്ന പ്രത്യേക നെറ്റും നിർബന്ധമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ ആമകൾ വലയിലേക്ക് കയറിയാൽ ഇതിന് പുറത്തുകടക്കാനുള്ള എളുപ്പവഴി കാണിച്ചുകൊടുക്കുകയെന്നതാണ് ടെഡിന്റെ ജോലി. ഇതിന് പുറമെ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും സീസൺ കാലത്ത് പ്രത്യേക നിരീക്ഷണവും സർക്കാർ നടപ്പിലാക്കുന്നുണ്ട്. മുട്ടകൾ മോഷ്ടിച്ച് കൊണ്ടുപോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ രാത്രികാലങ്ങളിൽ വനംവകുപ്പിന്റെ പട്രോളിങ്ങും ഇക്കാലത്ത് തീരത്ത് നടപ്പിലാക്കാറുണ്ട്. ഇതിന് പുറമെ തീരസംരക്ഷണ സേനയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ അനധികൃത മീൻപിടിത്തം തടയുക ലക്ഷ്യമിട്ട് ബോട്ട് പട്രോളിങ്ങും നടത്തും. സന്നദ്ധസംഘടനാ പ്രവർത്തകരെയും നിയോഗിക്കും. മുട്ടയിട്ട ശേഷം വിരിയുന്ന കാലം വരെ ഇവയെ പ്രത്യേകം നെറ്റുകളിട്ട് സംരക്ഷിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിലേക്കിറക്കുകയും ചെയ്യും. ഇതിനൊപ്പം സാറ്റലൈറ്റ് നിരീക്ഷണവും കാലാവസ്ഥാ വ്യതിയാനവും പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ആമസംരക്ഷണ വോളണ്ടിയർമാരെ ഇക്കാലത്ത് നിയോഗിക്കുന്നതും നിയമലംഘകർക്കെതിരെ പിഴയടക്കം ചുമത്തുന്നതും വലിയ മാറ്റമാണ് തീരങ്ങളിലുണ്ടാക്കിയിരിക്കുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ആമകൾക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്യുമ്പോൾ ശുശ്രൂഷിക്കാനുള്ള പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും ഇവിടെയുണ്ട്
- ലോകശ്രദ്ധയിലായ അരിബാഡ പ്രതിഭാസം
കടലാമകൾ കൂട്ടമായി മുട്ടയിടാനെത്തുന്ന പ്രതിഭാസത്തെ അരിബാഡയെന്നാണ് വിളിക്കുന്നത്. അറൈവൽ എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം നൽകുന്ന സ്പാനിഷ് വാക്കാണ് അരിബാഡ. ആഗമനം എന്ന് മലയാളത്തിൽ പറയാം. 2024-25 കാലത്ത് മാത്രം 6.07 ലക്ഷം ഒലീവ് റിഡ്‌ലികൾ ഗഹിർമാതാ തീരത്ത് മുട്ടയിടാനെത്തിയെന്നാണ് കണക്ക്. ഇക്കോടൂറിസമാണ് ഗഹിർമാതാ പ്രോത്സാഹിപ്പിക്കുന്നത്. കർശനനിയന്ത്രണത്തോടെയുള്ള ബീച്ച് സന്ദർശനം, സുരക്ഷാ ഗൈഡുമാരുടെ നേതൃത്വത്തിലുള്ള ബോട്ട് യാത്ര, അന്താരാഷ്ട്ര ഗവേഷണം, നിയന്ത്രിത ഡോക്യുമെന്ററി ചിത്രീകരണം, പരിസ്ഥിതി ഫോട്ടോഗ്രാഫി എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഇവിടെയുള്ള വിനോദസഞ്ചാരം. ഇതുവഴി പ്രാദേശിക തൊഴിലവസരങ്ങളും ഉറപ്പാക്കുന്നുണ്ട്. നിരവധി പേരാണ് ബോട്ട് സർവീസ് വഴിയും പരിശീലനം ലഭിച്ച പരിസ്ഥിതി ഗൈഡുമാരായും ഹോംസ്‌റ്റേ നടത്തിയും ഭക്ഷണ യാത്രാ സൗകര്യങ്ങൾ ഒരുക്കിയുമെല്ലാം വേതനം കണ്ടെത്തുന്നത്. മാത്രമല്ല തനത് കരകൗശല വസ്തുക്കളുടെ വിൽപ്പന വഴിയും മറ്റും വരുമാനം കണ്ടെത്താനുമാകുന്നു. ഇതുവഴി ഒഡിഷയുടെ മറ്റ് വിനോദ സഞ്ചാരമേഖലകളെയും ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്.
കാലാവസ്ഥയും സുരക്ഷിതത്വവും അനുകൂലമാകുന്ന സമയത്ത് ലക്ഷക്കണക്കിനാവും കടലാമകൾ വരുന്നത്. ഒലീവ് റിഡ്‌ലി പെൺ കടലാമകളാണ് മുട്ടയിടാനെത്തുന്നത്. സാധാരണരീതിയിൽ രാത്രി കാലം മാത്രം മുട്ടയിടാറുള്ള ഇവർ, സുരക്ഷിതത്വം ഉറപ്പ് ലഭിക്കുന്നതോടെ പകൽസമയം കൂടി മുട്ടയിടുന്ന അസാധാരണ സ്വഭാവം കാണിക്കാറുണ്ട്.
ലോകത്ത് ഏഴിനം കടലാമകളെയാണ് കണ്ടെത്തിയത്. ലെതർബാക്ക്, ലേഗർ ഹെഡ്, ഹോക്‌സ് ബിൽ, ഒലിവ് റിഡ്‌ലി, ഗ്രീൻ, ഫ്‌ലാറ്റ് ബാക്ക്, കെംപ്‌സ് എന്നിവയാണവ. ഇതിൽ ഒലിവ് റിഡ്‌ലിയാണ് ഒഡിഷ, കേരളതീരത്ത് കൂടുതലായെത്തുന്നത്. ജെല്ലിഫിഷുകളുടെയും കളകളുടെയും വർധനയുണ്ടാകാതെ കടലിൽ പരിസ്ഥിതി സന്തുലനമുണ്ടാക്കാൻ കടലാമ അനിവാര്യമാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ളവ പഠിക്കാനും മറ്റു ഗവേഷണങ്ങൾക്കും കടലാമകളെ ഉപയോഗപ്പെടുത്തുന്നുണ്ട്.
- ചുവപ്പുപട്ടികയിൽ പെട്ട കടലാമകൾ
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റിപ്പോർട്ട് പ്രകാരം ആകെയുള്ള ഏഴ് കടലാമ വിഭാഗങ്ങളിൽ ആറെണ്ണവും വംശനാശ ഭീഷണയിലാണ്. ഇവയിൽ ലതർബാക്ക് സീ ടർട്ടിൽ, ഒലീവ് റിഡ്‌ലി സീ ടർട്ടിൽ, ലോഗർഹെഡ് സീ ടർട്ടിൽ-എന്നിവ വൾനറബിൾ വിഭാഗത്തിലാണ്. ഗ്രീൻ സീ ടർട്ടിൽ, കെംപ്‌സ് റിഡ്‌ലി സീ ടർട്ടിൽ, ഹോക്‌സ്ബിൽ സീ ടർട്ടിൽ, എന്നിവയാണ് വംശനാശ ഭീഷണയിൽ ഉൾപ്പെടുന്നത്. ഫ്‌ലാറ്റ്ബാക്ക് സീ ടർട്ടിലിനെ കുറിച്ച് കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.
ആവാസ വ്യവസ്ഥയുടെ നാശമാണ് പ്രധാന തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മത്സ്യബന്ധന വലകളിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുന്നതും ഏറെയാണ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാരണമാവുമ്പോൾ അമിത മത്സ്യബന്ധനത്തിന് പുറമെ ഇറച്ചിക്കും മുട്ടയ്ക്കുമായി ഇവയെ വേട്ടയാടുന്ന പ്രവണതയും വംശനാശത്തിന് കാരണമാവുന്നതായി ഐയുസിഎൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് കടലാമകൾ. മുട്ടയിടുന്നതിനും മറ്റുമായി കടലിൽ നിന്നും കരയിലേക്കും കരയിൽ നിന്നും കടലിലേക്കുമുള്ള യാത്രയിലൂടെ പോഷകങ്ങളുടെ കൈമാറ്റം നടത്തലും കടലാമകളുടെ പ്രധാന ജോലിയാണ്. സമുദ്രാരോഗ്യത്തിന്റെ സൂചകങ്ങളായും കടലാമകൾ അറിയപ്പെടുന്നുണ്ട്. ഇവയുടെ എണ്ണങ്ങളിലുള്ള വ്യത്യാസം കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന സൂചനയായും മാറാറുണ്ട്.
- അമേരിക്കൻ വിലക്കിനെ മറികടക്കാം
2019-മുതൽ പ്രധാനമായും കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള കടൽച്ചെമ്മീൻ കയറ്റുമതി നിർത്തിയിരുന്നു. കടലാമയെ സംരക്ഷിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെഡ് (ടെർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്) ഇന്ത്യ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ടെഡ് ഇല്ലാതെയുള്ള ചെമ്മീൻപിടിത്തം വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് അമേരിക്ക വിലയിരുത്തി.
ടെഡ് നടപ്പിലാക്കുന്നത് വഴി ചെമ്മീൻവലയിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന കടലാമകളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവുവരുത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. അമേരിക്കയും ലോകവ്യാപാര സംഘടനയുമെല്ലാം ടെഡിന്റെ ഉപയോഗം കൂടുതൽ നിർബന്ധമാക്കിയതോടെയാണ് കയറ്റുമതിക്ക് പൂർണ നിരോധനമുണ്ടായിരുന്നത്. നിരോധനം അഞ്ച് വർഷം പിന്നിട്ടിട്ടും പരിഹാരം കാണുന്നില്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിക്കാൻ തുടങ്ങിയതോടെ വിഷയം കൂടുതൽ ചർച്ചയാവുകയും ചെയ്തു.
2019 ൽ ആരംഭിച്ച നിരോധനം ഇപ്പോഴും തുടരുമ്പോൾ സമുദ്രോൽപ്പന്ന കയറ്റുമതിയിൽ വർഷത്തിൽ കോടികളുടെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാവുന്നത്. 6700 കോടി രൂപയുടെ മത്സ്യക്കയറ്റുമതിയാണ് വർഷാവർഷം രാജ്യത്ത് നടക്കുന്നത്. ഇതിൽ 2500 കോടിരൂപയോളം കടൽചെമ്മീൻ കയറ്റുമതിയാണ്.
ബജറ്റ് നിർദേശപ്രകാരം കടലാമകളെ സംരക്ഷിച്ചാൽ അത് ചെമ്മീൻ കയറ്റുമതിക്കും ഗുണകരമാവുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ ടെഡ് പോലുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുമ്പോൾ മത്സ്യങ്ങൾ നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ ഇത് ഉപയോഗിക്കാൻ സന്നദ്ധമായിരുന്നില്ല. കൊച്ചിയിലെ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ടെഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Content Highlights: Kerala`s Union Budget allocation for turtle conservation & eco-tourism promises a significant boost to the state`s tourism sector. Explore the potential and Odisha`s success story.
Published: 04 Feb 2026, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented