
പത്തനംതിട്ട: നീര്‍പ്പക്ഷികള്‍ കൂട്ടമായി കൂടുകൂട്ടുന്ന കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് ജില്ലയില്‍ പൂര്‍ത്തിയായി. പ്രധാന കൊറ്റില്ലങ്ങളായ പന്തളം, പഴകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നടന്ന സര്‍വേയില്‍ ഇത്തവണ നീര്‍പ്പക്ഷികളുടെ കൂടുകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തി. പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്‌സ് ആണ് കണക്കെടുപ്പ് നടത്തിയത്.
കൊറ്റില്ലം...
നാട്ടില്‍ സ്ഥിരവാസികളായ വിവിധ തരത്തിലുള്ള നീര്‍പ്പക്ഷികള്‍ കൂട്ടമായി കൂടുകൂട്ടുന്നതിനെയാണ് കൊറ്റില്ലം (Heronry) എന്നു പറയുന്നത്. ജൂണ്‍-ജൂലായ് മാസങ്ങളില്‍ ആരംഭിച്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവോടെ അവസാനിക്കുന്നതാണ് കൂടുകൂട്ടല്‍ കാലം. കേരളത്തിലെ സ്ഥിരവാസികളായ വെള്ളരിക്കൊക്കുകള്‍, നീര്‍ക്കാക്കകള്‍, ഹെറോണുകള്‍ എന്നിവയെല്ലാംകൂടി ഒരുമിച്ചാണ് ഇത്തരം സങ്കേതങ്ങളില്‍ കൂടുകൂട്ടുന്നത്.
2014 മുതല്‍ എല്ലാവര്‍ഷവും കേരളത്തിലെ എല്ലാ ജില്ലകളിലും കൊറ്റില്ലങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കണക്കെടുപ്പ് നടത്തുന്നുണ്ട്. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷിപഠനരംഗത്തുള്ള സംഘടനകളാണ് സംസ്ഥാനത്ത് ഈ സര്‍വേ നടത്തുന്നത്.
490 കൂടുകള്‍...
പന്തളം കൊറ്റില്ലത്തില്‍നിന്ന് ആറുമരങ്ങളിലായി ഏഴുതരം പക്ഷികളുടെ 301 കൂടുകളും പഴകുളം തെങ്ങുംതാര ഭാഗത്തുള്ള കൊറ്റില്ലത്തില്‍ ഏഴു മരങ്ങളിലായി ആറുതരം പക്ഷികളുടെ 80 കൂടുകളും പത്തനംതിട്ട വെട്ടിപ്പുറം ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളിലെ ഹെറോണറിയില്‍ 10 മരങ്ങളിലായി ആറു തരം പക്ഷികളുടെ 109 കൂടുകളും കണ്ടെത്തി.

പന്തളം ഹെറോണറിയില്‍ ചിറകുമുളച്ച അവസ്ഥയിലുള്ള കുഞ്ഞുങ്ങളോടുകൂടിയ കൂടുകളാണ് കൂടുതലും. എന്നാല്‍, മറ്റു കൊറ്റില്ലങ്ങളില്‍ മുട്ടയ്ക്ക് അടയിരിക്കുന്നവയും ചിറകുമുളയ്ക്കാത്ത കുഞ്ഞുങ്ങളോടുകൂടിയതുമായ കൂടുകളാണ് കണ്ടെത്തിയത്.
പക്ഷികള്‍...
പെരുമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, കൊച്ചുനീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക, ചേരക്കോഴി എന്നിവയാണ് മൂന്നു കൊറ്റില്ലങ്ങളിലുമായി കൂടൊരുക്കിയിരിക്കുന്നത്. പാതിരാക്കൊക്ക് പത്തനംതിട്ട കൊറ്റില്ലത്തില്‍ മാത്രമാണുള്ളത്.
വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി പന്തളം ഹെറോണറിയില്‍ മാത്രവും. മുന്‍കാലങ്ങളില്‍ മുന്നൂറിലധികം കൂടുകളുണ്ടായിരുന്ന ഇവിടെ ഇത്തവണ ചേരക്കോഴിയുടെ 137 കൂടുകള്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. മാര്‍ക്കറ്റ് റോഡിലെ വലിയ മരം മുറിച്ചതാകാം കാരണമെന്ന് നിരീക്ഷകര്‍ പറഞ്ഞു.
പത്തനംതിട്ട ബേഡേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം എന്നിവരുടെ നേതൃത്വത്തില്‍ പക്ഷിനിരീക്ഷകരായ റോബിന്‍ സി. കോശി, സിയാദ് കരീം, അരുണ്‍ സിങ് എന്നിവരാണ് കണക്കെടുപ്പ് നടത്തിയത്. എല്ലാ ജില്ലകളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ ഡോ. റോഷ്‌നാഥ് രമേശ് ക്രോഡീകരിച്ച് സംസ്ഥാനതലത്തില്‍ ശാസ്ത്രീയമായ റിപ്പോര്‍ട്ട് തയ്യാറാക്കി വനംവകുപ്പിന് കൈമാറും.

പ്രജനന കേന്ദ്രങ്ങള്‍ സംരക്ഷിക്കണം - ഹരി മാവേലിക്കര
നീര്‍ത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം നിലനിര്‍ത്തുന്നതില്‍ നീര്‍പ്പക്ഷികളുടെ പങ്ക് വളരെ വലുതാണ്. നീര്‍പ്പക്ഷികളുടെ നിലനില്‍പിന് അവയുടെ പ്രജനനകേന്ദ്രങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, പത്തനംതിട്ട ബേഡേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഹരി മാവേലിക്കര പറയുന്നു.
Content Highlights: indian cormorant nests kerala
Published: 08 Aug 2024, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented