വീട്ടുവാതിൽ തുറക്കുമ്പോൾ കാണുന്നത് കാട്ടാനയെ, കിണറ്റിൻകരയിൽ കാണുന്നത് ഒരു പുള്ളിപ്പുലിയെ. റീൽസിൽ കാണുന്ന കൗതുകമൊന്നും അപ്പോൾ തോന്നില്ല. കാടും നാടും തമ്മിലുള്ള അതിരുകൾ ചിലപ്പോൾ മാഞ്ഞുപോകാനിടയുള്ള എൽ നിനോ കാലത്ത് ഈ കാഴ്ചകൾ റീൽസിൽ മാത്രം ഒതുങ്ങാനിടയില്ല.

To advertise here,

വനാതിർത്തിയോട് ചേർന്നുള്ള ജനവാസമേഖലകളിലേക്ക് മ‍ൃഗങ്ങൾ ഇറങ്ങുന്നതും നാശം വിതയ്ക്കുന്നതും ആദ്യമായല്ല, കാട്ടുപന്നികൾ കൃഷിഭൂമികളിലിറങ്ങി വിളകൾ ഇല്ലാതാക്കുന്നതും ആനകളുടേയും കടുവകളുടേയും ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതും വാർത്തകളിൽ നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നത് എന്ന ചോദ്യം അപ്പോഴൊക്കെയും ഉയരാറുണ്ട്. വനാതിർത്തിയിലും വനത്തിലും നടക്കുന്ന മനുഷ്യ ഇടപെടൽ മുതൽ വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ലഭ്യതക്കുറവ് വരെ ഈ പ്രശ്നത്തിന് പിറകിലുണ്ട്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമായ തലത്തിൽ എത്തിക്കുന്നുണ്ടോ. വരാനിരിക്കുന്ന സൂപ്പർ എൽ നിനോ ഈ പ്രശ്നത്തെ എങ്ങനെയായിരിക്കും ബാധിക്കുക?

ചോലവനങ്ങൾ, നിത്യഹരിത വനങ്ങൾ, പുൽമേടുകൾ, ഇലപൊഴിയും വനങ്ങൾ എന്നിവ ഉൾപ്പെടുന്ന പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ പ്രധാന ജൈവവൈവിധ്യകേന്ദ്രമാണ്. ഇവിടുത്തെ സങ്കീർണമായ ആവാസവ്യവസ്ഥ നിലനിൽക്കുന്നത് മഴ, താപനില, ഈർപ്പം, ജലലഭ്യത, ഭക്ഷ്യലഭ്യത മുതലായവയെ ആശ്രയിച്ചാണ് കാലാവസ്ഥാ വ്യതിയാനവും അതുവഴി ജലക്ഷാമവും സൃഷ്ടിക്കാൻ സാധ്യതയുള്ള എൽ നിനോ പ്രതിഭാസം കേരളത്തിന്റെ ജൈവവൈവിധ്യത്തിനും കനത്ത ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം. താപനിലയിലുണ്ടാകുന്ന വർദ്ധനവ് വനമേഖലയെ സാരമായി ബാധിക്കാനിടയുണ്ട്.

സ്വതവേ, കേരളത്തിൽ ലഭിക്കേണ്ട തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയിൽ 28% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയുടെ കുറവും ഉയർന്ന താപവും വനമേഖലയിൽ കടുത്ത വരൾച്ചയ്ക്കിടയാക്കുന്നു. വേനൽക്കാലത്തിന് മാസങ്ങൾക്കു മുൻപ് തന്നെ വനമേഖലയിലെ സ്വാഭാവികമായ ജലസ്രോതസ്സുകൾ വറ്റിവരളുന്നു. കാലാവസ്ഥാ വ്യതിയാനം സസ്യങ്ങളുടെ പരാഗണം, പൂവിടൽ എന്നിവയിലും മാറ്റങ്ങൾ ഉണ്ടാക്കാനിടയുണ്ട്. സ്വാഭാവികമായ പരാഗണ-പ്രജനന പ്രക്രിയ പരാജയപ്പെടുന്നതിലൂടെ ഇവയുടെ എണ്ണത്തിലും ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്നു. താപനില ഉയരുന്നത് മണ്ണിലെ ഈർപ്പം കുറയാനിടയാക്കുന്നു. സസ്യവളർച്ചയെ ഇത് ബാധിച്ചേക്കാം. വനത്തിന്റെ സ്വഭാവം, മണ്ണിന്റെ ഘടന, മഴയുടെ വിതരണം, സസ്യവിതാനം എന്നിവയനുസരിച്ച് മാറ്റങ്ങളുടെ ആഘാതത്തിൽ വ്യത്യാസങ്ങളുണ്ടാകും.

 

വനാന്തരങ്ങളിൽ അനുഭവപ്പെടാനിടയുള്ള ഉയർന്ന ചൂട് കാട്ടുതീ പടരാൻ കാരണമായേക്കാം. പല വന്യമൃഗങ്ങൾക്കും ആവശ്യമായ ഭക്ഷണം കൂടിയാണ് കാട്ടുതീയിലൂടെ നശിച്ചുപോകുന്നത്. പ്രകൃതിയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ കാരണം ചില വന്യജീവികൾ ആവാസമേഖലകളിൽനിന്നും താൽക്കാലികമായി മാറിയേക്കാം. വനാതിർത്തിയോട് ചേർന്ന ജനവാസമേഖലകളിലേക്ക് ഇവ ഭക്ഷണം തേടിയിറങ്ങാനും സാധ്യതയുണ്ട്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന് ഇത് വഴിയൊരുക്കാനിടയുണ്ട്. കത്തുന്ന കാടുകൾ, കരയുന്ന കർഷകർഎൽ നിനോ യെ തുടർന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാടുകളെ ദോഷകരമായി ബാധിച്ചതിന് തെളിവുകളുണ്ട്. വരൾച്ച കാരണം നിരവധി വന്യജീവികൾ താൽക്കാലികമായെങ്കിലും നാട്ടിലെത്തിയത് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയാക്കി. ഇൻഡൊനീഷ്യയിലെ ഒറാങ് ഉട്ടാനുകളുടെ പലായനം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇന്റർനാഷണൽ അനിമൽ റെസ്ക്യൂ പ്രസിദ്ധീകരിച്ച ‘എന്താണ് എൽ നിനോ? 2026-ൽ അത് വന്യജീവികളെ എങ്ങനെ ബാധിക്കും?’ (What Is El Niño? And How Will It Affect Wildlife in 2026?) എന്ന ലേഖനത്തിൽ, 2015-ൽ എൽ നിനോയെ തുടർന്നുണ്ടായ കടുത്ത വരൾച്ചയും കാട്ടുതീയും ഇൻഡൊനീഷ്യയിലെ വിശാലമായ വനമേഖലകളെയും ചതുപ്പുനിലങ്ങളെയും നശിപ്പിച്ചതായി പറയുന്നു. ഭക്ഷണവും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട ഒറാങ്‌ഉട്ടാനുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ഇതോടെ കാടുവിട്ട് സമീപത്തെ എണ്ണപ്പനത്തോട്ടങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂട്ടത്തോടെ എത്തിത്തുടങ്ങി.

ഭക്ഷണം തേടിയെത്തുന്ന ഈ മൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നു. ഇത് കർഷകരും മൃഗങ്ങളും തമ്മിൽ സംഘർഷത്തിനിടയാക്കുന്നു. പലപ്പോഴും വംശനാശ ഭീഷണി നേരിടുന്ന ഒറാങ് ഊട്ടാനുകൾ ഉൾപ്പടെയുള്ള മ‍ൃഗങ്ങൾ ആക്രമിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു.

ഭൂമിയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ മഴക്കാടുകളേയും എൽ നിനോ വെറുതെ വിട്ടില്ല. കടുത്ത വരൾച്ചയും രൂക്ഷമായ കാട്ടുത്തീയും കാരണം ആമസോൺ മഴക്കാടുകളിലെ ജീവികൾ പലായനം ചെയ്യേണ്ടിവന്നു. ആമസോണിലെ കാട്ടുതീയും കാലാവസ്ഥാ വ്യതിയാനവും (WWF Amazone fires and Climate Crisis Report) എന്ന വിഷയത്തിലുള്ള വൈൽഡ് ലൈഫ് ഫണ്ടിന്റെ റിപ്പോർട്ട്, അമേരിക്കൻ സർക്കാരിന്റെ കീഴിലുള്ള ബയോമെഡിക്കൽ വിവരശേഖരണ കേന്ദ്രമായ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച കന്നുകാലി കർഷകരും ജഗ്വാറുകളും തമ്മിലുള്ള സംഘർഷത്തെ കുറിച്ചുള്ള പഠനം( Conflict between Cattle Ranching and Jaguar Conservation) , എന്നിവ പ്രകാരം, കാട്ടുതീയും വരൾച്ചയും കാരണം ആമസോൺ വനമേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും മൃഗങ്ങളുടെ ഇരകൾക്കും നാശം സംഭവിക്കുന്നുണ്ട്. വനനശീകരണവും കാലാവസ്ഥാവ്യതിയാനവും കാരണം ഇരകളില്ലാതെയാകുമ്പോൾ ജഗ്വാറിനെ പോലുള്ള മാംസഭോജികളായ മൃഗങ്ങൾ ജനവാസ മേഖലകളിലെത്തുകയും കന്നുകാലികളെ ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇതിൽ പ്രകോപിതരാകുന്ന കർഷകർ, വംശനാശം നേരിടുന്ന ജഗ്വാറുകളെ കൊല്ലുന്നു.

കാട് നാട്ടിലെത്തുമ്പോൾ

മധ്യേന്ത്യൻ കാടുകളിൽ ഉണ്ടാകുന്ന രൂക്ഷമായ വരൾച്ച കാരണം മിക്കവാറും ജലാശയങ്ങൾ മാർച്ച്- ഏപ്രിൽ മാസത്തോടെ വറ്റിപോകുന്നു. കുടിവെള്ളം തേടി പുള്ളിപ്പുലികളും കരടികളും കാടിനു സമീപമുള്ള ഗ്രാമങ്ങളിലേക്ക് എത്തുന്നു. മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും ഗ്രാമങ്ങളിൽ വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളേയും മനുഷ്യരേയും ആക്രമിക്കുന്ന സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത് എൽ നിനോ വരൾച്ചാ വർഷങ്ങളിലാണ്.

എൽ നിനോ പ്രതിഭാസം കാര്യമായി രേഖപ്പെടുത്തിയ വർഷമാണ് 1983. ഇക്കാലത്ത് തെക്കേ ഇന്ത്യയിലാകെ മഴ ഗണ്യമായി കുറഞ്ഞു. വനത്തിലെ മിക്ക ജലസ്രോതസ്സുകളും വറ്റി വരണ്ടു. വയനാട് കാടുകളിലേയും കർണാടക ബന്ദിപ്പൂർ, തമിഴ്നാട് ഹൊസ്സൂർ എന്നിവിടങ്ങളിലെയും കാട്ടാനക്കൂട്ടങ്ങൾ ജലാശയങ്ങൾ തേടി നാട്ടിലേക്കിറങ്ങി. ഇത് വ്യാപകമായ കൃഷിനാശത്തിന് ഇടയാക്കി. ഇത് കർഷകരും ആനകളും തമ്മിൽ രൂക്ഷമായ സംഘർഷത്തിനിടയാക്കി. 2023-2024 എൽ നിനോ കാലത്ത് വയനാട് ജില്ലയിൽ മൺസൂൺ മഴ പെയ്ത്ത് 30%-37% വരെ കുറവായിരുന്നു. ഈ കാലഘട്ടത്തിലും ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങിയിട്ടുണ്ട്.

എൽ നിനോ പ്രതിഭാസം രേഖപ്പെടുത്തുന്ന വർഷങ്ങളിൽ പശ്ചിമഘട്ടകാടുകൾ- പാലക്കാട്, വയനാട് , ഇടുക്കി അതിർത്തിയിലുള്ള കാടുകളിൽ താപനില ഉയരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ഇത് കാട്ടുതീ ഉണ്ടാകാനിടയാക്കുന്നു. ഭക്ഷണസ്രോതസ്സുകൾ നഷ്ടപ്പടുന്ന ആനകളും കാട്ടുപോത്തുകളും ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നു. കർഷകരും മൃഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും മനുഷ്യജീവന് ഹാനി സംഭവിക്കുകയും ചെയ്ത സംഭവങ്ങൾ ഇതിനോടകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് എൽ നിനോ നേരിട്ട് വന്യജീവികൾ കാടിറങ്ങാൻ കാരണമാകുന്നില്ല. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ ലഭ്യതയിൽ കുറവുണ്ടാക്കുകയും വനഭൂമിയെ വരൾച്ചയിലേക്കും കാട്ടുതീയിലേക്കും നയിക്കുകയും ചെയ്യുന്നു. ഇത് ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നതിനാൽ വന്യമൃഗങ്ങൾ നാട്ടിലെത്തുന്നു.

കാടിറങ്ങുന്ന ആവലാതികൾ...

കേരള വനം വകുപ്പിന്റെ 2025-2026 സാമ്പത്തികവർഷത്തിലെ കണക്കുകൾ പ്രകാരം, വന്യമൃഗങ്ങൾ കാരണം 43 പേരാണ് മരണപ്പെട്ടത്. ഈ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് 2018-19 സാമ്പത്തിക വർഷത്തിലാണ്. ഈ കാലയളവിൽ 147 പേർക്ക് വന്യജീവികൾ കാരണം ജീവൻ നഷ്ടപ്പെട്ടു. വനം വകുപ്പിന്റെ കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, കാട്ടാനയാക്രമണം കാരണം കൊല്ലപ്പെട്ടത് 276 പേരാണ്. 2025-2026 വർഷത്തിൽ മാത്രം 18 പേരോളം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. പതിനഞ്ചു വർഷത്തെ കണക്കുകൾ പറയുന്നത് കാട്ടുപന്നി കാരണം 63 മരണങ്ങളും കടുവ, കാട്ടുപോത്ത് എന്നിവ കാരണം യഥാക്രമം 11, 10 മരണങ്ങളും സംഭവിച്ചിട്ടുണ്ട് എന്നാണ്. രാത്രികാലങ്ങളിലാണ് കൂടുതലായും വന്യജീവികൾ കാടിറങ്ങുന്നത്. വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം രാത്രി ഏഴ് മണി മുതൽ പകൽ ആറു മണിവരെയാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത്.

വനം വകുപ്പ് സംസ്ഥാനത്തുടനീളം 1004 അതിതീവ്ര സംഘർഷ മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. വയനാട് നോർത്ത്, വയനാട് സൗത്ത്, നിലമ്പൂർ നോർത്ത് എന്നിവടങ്ങളിലായാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത മേഖലകൾ സ്ഥിതി ചെയ്യുന്നത്.

കുരങ്ങ്, ആന, കാട്ടുപന്നി തുടങ്ങിയവ ധാരാളമായി കൃഷിഭൂമിയിലിറങ്ങി വിളവ് നശിപ്പിക്കാറുണ്ട്. 48,000 ലധികം കേസുകൾ കൃഷിനാശത്തെ തുടർന്ന് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതായാണ് വനം വകുപ്പിന്റെ കണക്ക്.

വിദഗ്ധാഭിപ്രായം

‘ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കേരളത്തിൽ വലിയ തോതിലുള്ള മഴക്കുറവുണ്ടായിട്ടുണ്ട് എന്നാണ് കാണുന്നത് (വയനാട്ടിലും, ഇടുക്കിയിലും വലിയ തോതിലും). കാടുകൾ വേനലിലേക്ക് കടക്കുന്നത് തന്നെ ജലക്ഷാമത്തോടെയാവാം. നീരുറവകളും കാട്ടരുവികളും വറ്റുക, ഈർപ്പം കുറയുക, ഇലകൊഴിച്ചിൽ, ഉണങ്ങിയ പുല്ലും കരിയിലയും കാരണം കാട്ടുതീ സാധ്യത കൂടുക എന്നിവയാണ് പ്രതീക്ഷിക്കാവുന്നത്. വരൾച്ച അടുത്ത വേനലിലേക്കും നീണ്ടില്ലെങ്കിൽ വ്യാപകമായ തോതിൽ മരങ്ങൾ ഉണങ്ങാനുള്ള സാധ്യത കുറവാണ്. എന്നാൽ അടിക്കാടുകൾ ഉണങ്ങുന്നത് ഇവയെ ആശ്രയിച്ചു ജീവിക്കുന്ന ജീവികളെ സാരമായി ബാധിച്ചേക്കാം. അധിനിവേശ സസ്യങ്ങൾ വരൾച്ചയിലും കാട്ടുതീയ്ക്ക് ശേഷവും പടരാൻ സാധ്യത കൂടുതലാണ്.

മഴയുടെ കുറവ്, വരൾച്ച എന്നിവ സ്വാഭാവികമായും വന്യജീവികളുടെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയേയും അവയുടെ ആവാസവ്യവസ്ഥകളേയും ബാധിക്കും. ഇത് വന്യജീവികളിൽ ഏതുതരം സ്വഭാവ വ്യതിയാനങ്ങൾ ആണ് ഉണ്ടാക്കുക എന്നു പ്രവചിക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് കൂടിയ താപനില, നിലവിൽ മദപ്പാടിലുള്ള ഒരു കൊമ്പനാനയുടെ പെരുമാറ്റത്തെ സാരമായി ബാധിച്ചേക്കാം. ഉയർന്ന താപനില പാമ്പുകളുടെ സ്വഭാവത്തെ സ്വാധീനിച്ചേക്കാം. ഇതെല്ലാം മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ വർദ്ധിക്കാൻ കാരണമായേക്കാം.

അധിനിവേശ സസ്യങ്ങൾ നീക്കി തീറ്റസസ്യങ്ങൾ വീണ്ടെടുക്കുകയും ജലസ്രോതസ്സുകൾ ഉറപ്പാക്കുകയും ഫയർലൈനുകൾ നേരത്തേ തീർക്കുകയും വേലികളും ദ്രുതപ്രതികരണ സംഘങ്ങളും സജ്ജമാക്കുകയും വേണം. ജനങ്ങൾ വനാതിർത്തിയിലൂടെ സന്ധ്യ, രാത്രി, പുലർച്ചെ സമയങ്ങളിൽ യാത്ര ഒഴിവാക്കുകയും മൃഗത്തെ കണ്ടാൽ അടുത്തുപോകാതെ വനം വകുപ്പിനെ അറിയിക്കുകയും കന്നുകാലികളെ രാത്രി സുരക്ഷിതമായി കെട്ടുകയും പഴങ്ങളും മാലിന്യവും വനാതിർത്തിയിൽ ഇടാതിരിക്കുകയും ചെയ്യണം.

ഇതോടൊപ്പം സൂപ്പർ എൽ നിനോ പ്രതിഭാസം എങ്ങിനെ കാടുകളെയും വന്യജീവികളെയും ബാധിക്കുന്നുവെന്ന് പഠനവിധേയമാക്കെണ്ടതുമാണ്.’

(ഡോ. പി. ബാലകൃഷ്ണൻ, ശാസ്ത്രജ്ഞൻ
വൈൽഡ് ലൈഫ് ബയോളജി-കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
)

എൽ നിനോ കാരണം ഉണ്ടാകാനിടുള്ള കാലാവസ്ഥാ മാറ്റങ്ങൾ സംസ്ഥാനത്തെ വനങ്ങളെ എത്രത്തോളം ബാധിക്കുമെന്നത് വരും മാസങ്ങളിലേ വ്യക്തമാകൂ. എന്നാൽ വരൾച്ചയും ജലക്ഷാമവും കാട്ടുതീയും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരാൻ കാരണമായേക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന താളപ്പിഴകളും മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാണ്.

മനുഷ്യ–വന്യജീവി സംഘർഷങ്ങളെ കേവലം മൃഗങ്ങളുടെ ആക്രമണമായി വിലയിരുത്താതെ, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയിലെ അസ്വഭാവികമായ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയ പാരിസ്ഥിതിക പ്രതിസന്ധിയുടെ ഭാഗമായി പഠനവിധേയമാക്കണം. സംഘർഷാവസ്ഥ ഉടലെടുത്തതിനു ശേഷമല്ല പ്രതിരോധ നടപടികളെടുക്കേണ്ടത്. വനത്തിനുള്ളിൽ ജല-ഭക്ഷ്യലഭ്യത ഉറപ്പാക്കാനും ആവാസവ്യവസ്ഥ സംരക്ഷിക്കാനും നാം മുൻകൈ എടുക്കണം . കാടിന്റെ അതിരുകൾ നിലനിൽമ്പോൾ മാത്രമേ മനുഷ്യനും വന്യമൃഗങ്ങൾക്കും ഒരുപോലെ നിലനിൽപ്പ് സാധ്യമാകൂ.