കലഞ്ഞൂര്‍: കാട്ടുതീ നേരിടാന്‍ ശക്തമായ പ്രവര്‍ത്തനവും ബോധവത്കരണവുമായി വനംവകുപ്പ്. പാടം ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് വേനല്‍ കടുത്തതോടെ കാട്ടുതീക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയത്. കാട്ടുതീ ഉണ്ടായാല്‍ പെട്ടെന്ന് കണ്ടെത്താന്‍ വനത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായി ട്രാപ് ക്യാമറകളും സ്ഥാപിച്ചു. വെള്ളംതെറ്റി, പാറുവേലി, ഇരുതോട്, കടിയാര്‍, തട്ടാക്കുടി, പൂമരുതുക്കുഴി, വില്ലേജ്പാറ, കിളിയറ, തിടി, പോത്തുപാറ, ഞണ്ടുപാറ, കുളത്തുമണ്‍, ഉളിയനാട്, പറക്കുളം, മണ്ണാറപ്പാറ ഭാഗങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ കണ്‍ട്രോള്‍ റൂം(ഫോണ്‍.8547600564) തുടങ്ങിയിട്ടുമുണ്ട്.

To advertise here,

വനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫയര്‍ ബ്രേക്ക് ജോലികളും പൂര്‍ത്തിയാക്കിയതായി പാടം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍ബേബി പറഞ്ഞു. പാടം സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വനസംരക്ഷണ സമിതിയംഗങ്ങളെ ഉള്‍പ്പെടുത്തി ഫയര്‍ ഗ്യാങ് സേനയും രൂപവത്കരിച്ചിട്ടുണ്ട്. വനപാലക സംഘത്തെ കാടിനുള്ളിലെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ച് നിരീക്ഷണവും ശക്തിപ്പെടുത്തി.

സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ ഒന്‍പത് ബ്ലോക്കുകളായി തിരിച്ചാണ് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നത്. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വനപാലക സംഘവും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും നേരിട്ടെത്തി കാട്ടുതീ നാടിനാപത്ത് എന്ന സന്ദേശവും ബോധവത്കരണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ.ജയപ്രകാശ്, ആര്‍.അജയകുമാര്‍, ടി.മധുസൂദനന്‍പിള്ള, നജിമുദ്ദീന്‍, എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അഞ്ച് വര്‍ഷംവരെ ശിക്ഷ

കാടിനുള്ളില്‍ അതിക്രമിച്ച് കടന്ന് കാട്ടുതീക്ക് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും കാരണമാകും. കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോത് കൂടുന്നതിന് കാരണമാകും. ഇതിനൊപ്പം വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യത്തിനും കാട്ടുതീ ഇടയാക്കും.

Content Highlights: Forest division takes measures to prevent forest fire