ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രിക്കുന്നതിലും നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലും വിമുഖത കാണിക്കുന്നതിൽ സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നവംബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1,000-ൽ അധികം തീപിടിത്തങ്ങളിൽ 1,100 ഹെക്ടറിൽ കൂടുതൽ പ്രദേശങ്ങൾ തീ വിഴുങ്ങി. നൂറിലധികം പ്രദേശങ്ങളിലെ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഗാർഡുകളെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിയോ​ഗിച്ചതിനെ കോടതി ചോദ്യംചെയ്തു. 

To advertise here,

തീപിടിത്തം നേരിടാൻ സംസ്ഥാനത്തിന് 10 കോടി രൂപയുടെ ആവശ്യമുള്ളിടത്ത് 3.15 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന റിപ്പോർട്ട് പരി​ഗണിച്ച കോടതി, നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തരമായി ഫണ്ട് നൽകാത്തതെന്തുകൊണ്ടാണെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ എന്തിനാണ് തിരഞ്ഞെടുപ്പ് ജോലികളിൽ ഉൾപ്പെടുത്തിയതെന്നും ആരാഞ്ഞു. ജസ്റ്റിസ് ബി. ആർ. ​ഗവായി, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നം​ഗ ​ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

ഇനി ഒരു ഫോറസ്റ്റ് ഓഫീസറെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉടൻ ഉത്തരവ് പിൻവലിക്കുമെന്നും സംസ്ഥാനത്തിൻ്റെ നിയമ പ്രതിനിധി കോടതിയെ അറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിയോ​ഗിച്ചതിനെതിരെ മുമ്പും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കാട്ടുതീയുടെ ഗുരുതരമായ സ്വഭാവം കുറച്ചുകാണുന്ന അവസ്ഥയെ പരിസ്ഥിതി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. അഗ്നിശമന സേനാംഗങ്ങൾ മതിയായ ഉപകരണങ്ങളില്ലാതെ തീയണക്കേണ്ടി വരുന്നതും പ്രവർത്തകർ ചൂണ്ടികാട്ടിയിരുന്നു.

ഉത്തരാഖണ്ഡിൻ്റെ ഭൂവിസ്തൃതിയുടെ 45 ശതമാനത്തോളം വരുന്ന മൊത്തം വനമേഖലയുടെ 0.1 ശതമാനം പ്രദേശത്ത് മാത്രമേ തീപിടുത്തം ബാധിച്ചിട്ടുള്ളൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. കാട്ടുതീ സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത ഒരു പ്രതിഭാസമല്ലെന്നും ഇതിന് ഹ്രസ്വ-ദീർഘകാല പദ്ധതികൾ ഉണ്ടെന്നും സർക്കാർ പറയുന്നു. കാടുകൾക്ക് സമീപം ഖരമാലിന്യങ്ങൾ കത്തിക്കുന്നതിനുള്ള നിരോധനം ഉൾപ്പെടെയുണ്ടെന്നും സംസ്ഥാനം പറഞ്ഞു.

അതേസമയം, കാട്ടുതീയിൽനിന്ന് തൻ്റെ കൃഷിയിടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായ പൊള്ളലേറ്റ 65 കാരിയായ സാവിത്രി ദേവി ഉൾപ്പെടെ അഞ്ച് പേർ ഉത്തരാഖണ്ഡിൽ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തീ ഇടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. പിത്തോരഗഡ് ജില്ലയിലെ ഗംഗോലിഹട്ട് ഫോറസ്റ്റ് റേഞ്ചിൽ തീപിടുത്തത്തിന് കാരണക്കാരായ പീയുഷ് സിങ്, ആയുഷ് സിങ്, രാഹുൽ സിങ്, അങ്കിത് എന്നിവർക്കെതിരെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.