പീച്ചി വന്യജീവി വിഭാഗവും, ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയും [TNHS) ചേര്‍ന്ന് പീച്ചി, ചിമ്മണി, ചൂലന്നൂര്‍ എന്നീ 3 വന്യജീവി സങ്കേതങ്ങളില്‍ 4 ദിന ചിത്രശലഭ സര്‍വ്വേ പൂര്‍ത്തീകരിച്ചു. 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സംരക്ഷിത വനത്തിനുള്ളില്‍ 14 ബേസ്‌ക്യാമ്പുകളില്‍ വനപാലകരോടൊപ്പം താമസിച്ചാണ് 35 ഓളം വരുന്ന സര്‍വ്വേ ടീം അംഗങ്ങള്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചത്. 50 വനപാലകര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. വൈവിധ്യങ്ങളായ ആവാസ വ്യവസ്ഥയും, ഉയരവും കേന്ദ്രീകരിച്ചായിരുന്നു 14 ക്യാമ്പുകള്‍ തിരഞ്ഞെടുത്തത്.

To advertise here,

കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 326 തരം ചിത്രശലഭങ്ങളില്‍ 156 എണ്ണം സര്‍വ്വേയില്‍ കണ്ടെത്താനായി. അതില്‍ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍ 132 ഇനങ്ങളും, ചിമ്മിണിയില്‍ 116, പാലക്കാട് ജില്ലയിലുള്ള ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ 41 എന്നിങ്ങനെ എണ്ണം ഇനങ്ങളുമാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്.

നാളിതുവരെ പീച്ചി - വാഴാനി വന്യജീവി സങ്കേതത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്തില്‍ 80ഓളം എണ്ണം കൂടുതലായി കണ്ടെത്താന്‍ ഈ സര്‍വ്വേയിലൂടെ കഴിഞ്ഞു. ചിമ്മിണിയില്‍ 33 ഇനങ്ങളാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ ഇത് ആദ്യമായാണ് ചിത്രശലഭ സര്‍വ്വേ നടക്കുന്നത്. 

ഇതോടെ പീച്ചി വന്യജീവി ഡിവിഷനിലെ മൂന്നു വന്യജീവി സങ്കേതങ്ങളിലുമായി ആകെ 200 ഓളം ചിത്രശലഭങ്ങളുടെ സാന്നിധ്യം സ്ഥിഥീകരിച്ചു. അതില്‍ 23 എണ്ണം IUCN ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പെട്ടതും, 63 എണ്ണം വന്യജീവിസംരക്ഷണ നിയമപ്രകാരം കൂടുതല്‍ സംരക്ഷണ് പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം [SOUTHERN BIRD WING), ഏറ്റവും ചെറിയ ചിത്രശലഭമായ രത്നനീലി [GRASS JEWEL] സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി [BUDHA PEACOCK) എന്നിവ സര്‍വ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

placeholder
ബുദ്ധമയൂരി


പശ്ചിമഘട്ടത്തില്‍ മാതം കണ്ടു വരുന്ന ചിത്ര ശലഭ ഇനങ്ങളായ 'നീലഗിരി പാപ്പാത്തി ' [Nilgiri Grass yellow) കരിയില ശലഭം [Travancore Evening Brown) മലബാര്‍ മിന്നന്‍ [Malabar Flash] സുവര്‍ണ്ണആര[Orange Tailed Awl) പുള്ളിശരവേഗന്‍ [Southern Spotted Ace), ഗോമേദകശലഭം [Common onyx] തുടങ്ങിയവ സര്‍വ്വേയില്‍ റിപ്പോര്‍ട്ട് ചെയ്തു.ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ചു കാട്ടരുവികളിലൂടെ അബട്രോസ് ചിത്രശലഭങ്ങളുടെ മലമുകളിലേക്കുള്ള പലായനം ചിമ്മിണി വന്യജീവിസങ്കേതത്തില്‍ കണ്ടെത്താനായി.

ചിത്രശലഭങ്ങളെ കൂടാതെ മൂന്നു വന്യജീവി സങ്കേതങ്ങളിലെയും പക്ഷികള്‍, തുമ്പികള്‍, ഉരഗങ്ങള്‍, എട്ടുകാലികള്‍, ചീവീടുകള്‍, തുടങ്ങിയവയും സര്‍വ്വേയുടെ ഭാഗമായി നിരീക്ഷണം നടത്തി. 340 ഓളം തരം പക്ഷികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളക്കണ്ണി പരുന്ത് (White Eyed Buzzard) പുഴ ആള [River Tern] ചെറിയ മീന്‍ പരുന്ത് [Lesser Fish Eagle), താലിപ്പരുന്ത് (Osprey], മീന്‍ കൂമന്‍ (Brown | Fish Owl), ചാരച്ചിലപ്പന്‍ [Large Grey Babbler] കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ സാന്നിധ്യം പീച്ചിയിലും, ചിമ്മിനിയിലും കണ്ടെത്താനായത് ശ്രദ്ധേയമായി.

11 ഇനം തുമ്പികളുടെ സാന്നിധ്യം പുതുതായി കണ്ടെത്തിയതോടെ പീച്ചി വന്യജീവി വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള തുമ്പികളുടെ ആകെ എണ്ണം 83 ആയി. 50 തരം നിശാശലഭങ്ങളും, 15 തരം ഉറുമ്പുകളും, 4 തരം ചീവീടുകളും, രാജവെമ്പാല ഉള്‍പ്പടെ 10 തരം ഉരഗങ്ങളും സര്‍വ്വേയില്‍ രേഖപ്പെടുത്തി.

"മൂന്നു വന്യജീവിസങ്കേതങ്ങളുടെയും മാനേജ്മെന്റ് പ്ലാന്‍ പുതുക്കുന്നതിന്റെ ഭാഗമായി ചിത്രശലഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നടത്തിയ വന്യജീവി കണക്കെടുപ്പ് ആയിരുന്നെങ്കിലും വന്യജീവിസങ്കേതങ്ങളിലെ ജൈവവൈവിധ്യം ഏറെക്കുറെ അടയാളപ്പെടുത്തുന്ന ഒരു സെന്‍സസ് ആയിരുന്നു ഇത്. പീച്ചി വന്യജീവി സങ്കേതത്തിലും, ചിമ്മിനി വന്യജീവി സങ്കേതത്തിലും കടുവയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡിസംബര്‍ അവസാനത്തോടെ ഈ രണ്ടു സംരക്ഷിത മേഖലകളെയും ബ്ലോക്കുകളായി തിരിച്ചു ക്യാമറ ട്രാപ് സംവിധാനം ഉപയോഗപ്പെടുത്തി വിപുലമായ കടുവ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു",പീച്ചി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനായ പ്രഭു.പി.എം അഭിപ്രായപ്പെട്ടു.

Travancore Nature History Society (TNHS)യ്ക്ക് വേണ്ടി ഡോ.കലേഷ് സദാശിവന്‍, ഡോ. അനൂപ്, ശ്രീ വിനയന്‍ എന്നിവര്‍ സര്‍വ്വേ അവലോകനം നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ചു. അവലോകന യോഗത്തില്‍ പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയ ശ്രീ. പ്രഭു. പി എം, പീച്ചി വന്യജീവി സങ്കേതം റേഞ്ച് ഓഫീസറായ ശ്രീ അനീഷ്, ചിമ്മിണി റേഞ്ച് ഓഫീസറായ ശ്രീ. അജയകുമാര്‍, പീച്ചി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ശ്രീ സലീഷ് മേച്ചേരി എന്നിവരും മറ്റു സര്‍വ്വേ പ്രതിനിധികളും പങ്കെടുത്തു . WBA, Green Roots Alapuzha, Green Cap Thrissur, 075601370 NGO COO61603830 Kerala Veterinary University, Wayanad നിന്നുള്ള വിദ്യാര്‍ഥികളും സര്‍വ്വേയുടെ ഭാഗമായിരുന്നു.

Content Highlights: different types of butterfly found in peechi