സൂര്യന്റെ അന്തരീക്ഷത്തിൽ രൂപപ്പെട്ട വലിയൊരു ദ്വാരമാണ് ബട്ടർഫ്ളൈ ഹോൾ എന്നറിയപ്പെടുന്നത്. ഇങ്ങനെ സൂര്യന്റെ പുറംപാളിയിൽ ദ്വാരങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ബട്ടർഫ്ളൈയുടെ ആകൃതിയിലായതിനാലാണ് ഇതിന് വലിയ ശ്രദ്ധ കിട്ടുന്നത്. ഏകദേശം അഞ്ചുലക്ഷം കിലോമീറ്റർ വലുപ്പമുള്ളതാണ് ഈ പൂമ്പാറ്റ ദ്വാരം എന്നാണ് നാസയുടെ സോളാർ ഡയനാമിക്സ് ഒബ്‌സർവേറ്ററി പറയുന്നത്.

To advertise here,

സൂര്യന്റെ പുറംപാളിയിലുണ്ടായ ഈ ദ്വാരം ബഹിരാകാശ സാന്ദ്രതയെവരെ തകിടംമറിക്കാൻ കഴിയുന്നതാണ്. ഇതുവഴിയാണ് സൗരവാതം സൗരയൂഥത്തിലേക്ക് പ്രവഹിക്കുന്നത്. ബഹിരാകാശത്ത് വീശിയടിക്കുന്ന സൗരവാതം ഭൂമിയുടെ അടുത്തെത്തുമ്പോൾ ഭൂമിയുടെ കാന്തികമണ്ഡലം പരിചപോലെ പ്രവർത്തിക്കുകയും സൗരവാതത്തിലൂടെയെത്തുന്ന കണങ്ങളെ ധ്രുവപ്രദേശങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യും. ഇതാണ് ആകാശവിസ്മയമായ ധ്രുവദീപ്തി (അറോറ, നോർത്തേൺ ലൈറ്റ്‌സ്, സതേൺ ലൈറ്റ്‌സ്) എന്ന പ്രതിഭാസത്തിന് കാരണമാകുന്നത്. എന്നാൽ, ഈ സൗരവാതം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ പതിച്ചാലോ? അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ ഭൗമകാന്തികക്കൊടുങ്കാറ്റുകൾ അഥവാ ജിയോമാഗ്നറ്റിക് സ്റ്റോംസ് ഉണ്ടാകും. തീവ്രത കൂടിയ ഭൗമകാന്തികക്കൊടുങ്കാറ്റുകൾ ജിപിഎസ്, റേഡിയോ സിഗ്നലുകൾ, വിമാന-കപ്പൽ നാവിഗേഷനുകൾ, വൈദ്യുതിവിതരണസംവിധാനങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.