പാലക്കാട്: രാത്രി മാത്രം വിടരുന്ന കുടകപ്പാല ഇനത്തിലെ പുതിയ വകഭേദത്തെ കൊഴിഞ്ഞാമ്പാറയ്ക്കടുത്ത നാട്ടുകല്ലില്‍ നിന്ന് കണ്ടെത്തി. പാലക്കാട് ചുരത്തിന്റെ ജൈവ വൈവിദ്ധ്യത്തെക്കുറിച്ച് പഠനം നടത്തുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഗവേഷക സംഘമാണ് ഈ സസ്യ ഇനത്തെ തിരിച്ചറിഞ്ഞത്. അപ്പോസൈനേസിയെ കുടുംബത്തില്‍പ്പെടുന്ന ഈ ഇനത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനോടുള്ള ആദരസൂചകമായി ഹോളറീന പരിഷദി (Holarrhena parishadii) എന്ന് പേരാണ് ഗവേഷകര്‍ നല്‍കിയിട്ടുള്ളത്.

To advertise here,

സാധാരണക്കാരില്‍ ശാസ്ത്രമനോഭാവം വളര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശ്രമങ്ങളോടുള്ള ആദരമാണ് പേരിനുപിന്നിലെന്നും ഗവേഷകര്‍ പറഞ്ഞു. സാധാരണ കുടകപ്പാലയില്‍ നിന്ന് വ്യത്യസ്തമായി ചെറിയ പൂക്കളും ഇലകളുമാണ് ഇവയ്ക്കുള്ളത്. 'ചെറുകുടകപ്പാല' എന്ന വിശേഷണം നല്‍കാവുന്നതാണ്. ന്യൂസിലന്‍ഡില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്‌സിയിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

placeholder
holarrhena parishadii
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകരായ ഡോ. സുരേഷ് വി., ഡോ. സോജന്‍ ജോസ്, ഗവേഷണ വിദ്യാര്‍ത്ഥിനിയായ അംബിക വി. എന്നിവര്‍ ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഹൊളറാന ഗ്രൂപ്പില്‍  ഇന്ത്യയില്‍ കാണപ്പെടുന്ന രണ്ടാമത്തെ സസ്യ ഇനമാണിതെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. വി. സുരേഷ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഇനത്തില്‍ നാലിനം സസ്യജാലങ്ങളാണ് ആകെയുള്ളത്. ഇവ സിരാവിന്യാസം, ബ്രാക്ടുകള്‍, വിദളങ്ങള്‍, ദളങ്ങള്‍, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മറ്റു നാല് ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഗവ. വിക്ടോറിയാ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഇതേ ഗവേഷകസംഘത്തിന്റെ പത്തോളം കണ്ടെത്തലുകള്‍ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.