വരണ്ടപ്രദേശങ്ങളില്‍ പാര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന മയിലുകള്‍ കേരളത്തില്‍ പലയിടങ്ങളിലായി കണ്ടുവരുന്നത് വരള്‍ച്ചയുടെ സൂചന

പത്രമെടുക്കാൻ ഗേറ്റിന്റെ അടുത്തേക്ക് നടക്കുകയായിരുന്നു സുരേഷ്. അപ്പോൾ പിന്നിൽ പ്രത്യേക കരച്ചിൽ. പൂച്ചയുടേതല്ല. അയ്യോ, അയ്യോ എന്നാർക്കുംപോലെ. സുരേഷ് തിരിഞ്ഞുനോക്കി, അതാ മുറ്റത്തൊരു മയിൽ! തൃശൂരിലെ സുരേഷിനുമാത്രല്ല, കേരളത്തിലെ പലയിടങ്ങളിലും ഇതേ അനുഭവം പലർക്കുമുണ്ട്. പ്രത്യേകിച്ചും പാലക്കാട്, മലപ്പുറം , തൃശൂർ ജില്ലകളിൽ. പീലിവിരിച്ചാടുന്ന ആൺമയിലിന്റെ ഭംഗി ആസ്വദിച്ചോളൂ, പക്ഷേ, വരാനിരിക്കുന്ന ആപത്തിന്റെ സൂചനകൾ അറിയാതെ പോകരുത്.
'നാട്ടിൻപുറത്ത് മയിലുകളെ കാണുന്നത് പാരിസ്ഥിതികമായി വലിയ 'റെഡ് സിഗ്‌നൽ' ആണ്. കഴിഞ്ഞ അമ്പതുവർഷത്തെ കണക്കിൽ കേരളത്തിൽ മഴ കുറഞ്ഞുവരികയാണെന്ന് കാണാം. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം നമ്മുടെ നാട് വരൾച്ചയിലേക്ക് നീങ്ങുകയാണ്. വരണ്ടപ്രദേശങ്ങളിൽ പാർക്കാൻ ഇഷ്ടപ്പെടുന്ന മയിലുകൾ കേരളത്തിൽ പലയിടങ്ങളിലായി കണ്ടുവരുന്നത് വരൾച്ചയുടെ സൂചനയും' മോങ്കാബേ ഇന്ത്യ- എഡിറ്റോറിയൽ ഡയറക്ടർ എസ്. ഗോപികൃഷ്ണ വാര്യർ പറയുന്നു.
വരണ്ട അന്തരീക്ഷത്തിലും കുറ്റിക്കാടുകളിലും ജീവിക്കാൻ അനുയോജ്യമായ ശരീരപ്രകൃതിയുള്ള പക്ഷിയാണ് മയിൽ (Pavo cristatus). 1933-ൽ പക്ഷിശാസ്ത്രജ്ഞൻ ഡോ. സലീം അലി തിരുവിതാംകൂർ-കൊച്ചി മേഖലകളിൽ നടത്തിയ സർവേയിൽ (19 കേന്ദ്രങ്ങളിൽ) ഒരിടത്തുപോലും മയിലുകളെ കണ്ടിരുന്നില്ല. അതേ സ്ഥലങ്ങളിൽ പിന്നീട് നടത്തിയ പഠനങ്ങളിൽ പത്തിലധികം കേന്ദ്രങ്ങളിൽ മയിലുകളെ സജീവമായി കാണാൻ തുടങ്ങി. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം മയിലുകൾക്ക് കേരളത്തിൽ പാർക്കാൻ പറ്റിയ പ്രദേശം 19 ശതമാനമായി ഉയർന്നു. 2050-ഓടെ ഇത് 40% മുതൽ 55% വരെയായി ഉയർന്നേക്കാം. പച്ചപ്പുള്ള കേരളം സാവധാനം വരണ്ട ഭൂമിയായി മാറുന്നു എന്നതിന്റെ ബയോ ഇൻഡിക്കേറ്ററാണിത്. ഈർപ്പമുള്ള പ്രകൃതിയിൽ മയിലിന്റെ മുട്ടകൾ പൂപ്പൽ ബാധിച്ച് നശിക്കാറുണ്ട്. മഴ കുറഞ്ഞ് ചൂട് കൂടുമ്പോൾ ഇവയുടെ മുട്ടകൾ പെട്ടെന്ന് വിരിയും. കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് ഉയർന്ന തോതിലാകും . കുറുക്കൻ, കാട്ടുപ്പൂച്ച എന്നിവയാണ് മയിലിന്റെ മുട്ടകൾ തിന്നിരുന്നത്. അവരുടെ അഭാവവും മയിലിന്റെ പെരുകലിന് കാരണമാകും. കാട്ടുച്ചെടികളുടെ മുളകൾ കൊത്തിത്തിന്നതുമൂലം വനനാശത്തിനും മയിലുകൾ വഴിവെയ്ക്കും. കാടുകളിൽ ഭക്ഷണം ലഭിക്കാതെ വരുമ്പോൾ മയിലുകൾ കൂട്ടത്തോടെ വയലുകളിലേക്കിറങ്ങും. നെല്ല്, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ വ്യാപകമായി തിന്നുതീർക്കും. ഈർപ്പമുള്ള പ്രദേശത്ത് മയിലുകളുടെ എണ്ണം പെരുകുന്നത് പ്രകൃതിയുടെ അനുപാതം തെറ്റിക്കുകയും ചെയ്യും.
തണ്ണീർത്തടങ്ങളും തോടുകളും കൂടുതലായി നികത്തിവരുന്നതിനാൽ ഭൂഗർഭ ജലവിതാനം താണുവരികയാണ്. കേരളത്തിലെ അന്തരീക്ഷം സാവധാനം വരണ്ട അവസ്ഥയിലേക്ക് മാറുമെന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. മഴമാറി അൽപ്പം കഴിയുമ്പോഴേക്കും ചൂട് വരാൻ തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ( IMD) കണക്കുകൾ അപായസൂചനയാണ്. ഈ വർഷത്തെ കാലവർഷം വളരെ മോശവും. മഴ 35 ശതമാനത്തിലധികം കുറവ്. ചൂടേറിവരുന്നതോടെ, മയിൽ പീലി വിരിച്ചാടുന്നത് കൂടുതൽ ജില്ലകളിൽ മലയാളികൾ കണ്ടുവരാം.
Content Highlights: Peacocks are serving as bio-indicators of Kerala's shift toward a drier climate., Data shows a significant rise in peacock habitats, projected to reach 55% by 2050., Decreasing humidity and rising temperatures create ideal conditions for peacock egg survival., Agricultural damage is increasing as peacocks migrate from forests to farmlands., The decline in natural predators and habitat loss contributes to the population surge.
Published: 28 Jul 2026, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented