
ന്യൂഡല്‍ഹി: വിഷപ്പുകയില്‍ രാജ്യതലസ്ഥാനം ശ്വാസംകിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ ആകാശത്തിന്റെ നിറം പോലും മാറിപ്പോയി. അന്തരീക്ഷത്തിനും ആകാശത്തിനുമാകെ മഞ്ഞനിറം കലര്‍ന്നതോടെ എന്തുചെയ്യണമെന്ന ആശങ്കയിലാണ് അധികൃതരും. ഇതിനിടെ നോയ്ഡയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണയില്‍നിന്ന് ഒരു താമസക്കാരന്‍ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
പൊടിപടലങ്ങളും വിഷപ്പുകയും നിറഞ്ഞ് മഞ്ഞനിറത്തിലായ നോയ്ഡയിലെ അന്തരീക്ഷത്തിന്‍റെ ചിത്രമാണ് വൈറലായിരിക്കുന്നത്. പ്രേതസിനിമയിലുള്ളപോലുള്ള ദൃശ്യമെന്നാണ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2.13-ന് ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക(എ.ക്യു.ഐ) 428-ല്‍ എത്തി. ഇത് അതീവ ഗുരുതരം എന്ന കാറ്റഗറിക്കും മുകളിലാണ്.
ഒരു ദിവസം 40 സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് തലസ്ഥാനത്തെ പുക ശ്വസിക്കുന്നതുമൂലം ആളുകള്‍ക്കുണ്ടാവുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചു. 50 ശതമാനം സര്‍ക്കാര്‍ ജോലിക്കാരോട് വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എ.ക്യു.ഐ 468 ആയ വസിര്‍പുരിലെ വായുവാണ് ഏറ്റവും മലിനമായത്. അശോക് വിഹാറില്‍ 467 ആണ് എ.ക്യു.ഐ. ഇതോടെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്.
എ.ക്യു.ഐ പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍. 100 മുതല്‍ 200 വരെയാണ് മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥയാണ്. 300 മുതല്‍ 400 വരെയാണ് രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍, 400 മുതല്‍ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്. ഈ സൂചികയിലാണ് ഇപ്പോള്‍ ഡല്‍ഹി.
Content Highlights: Yellow Tinted Skies In Noida As Air Quality Deteriorates
Published: 20 Nov 2024, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented