സൈബീരിയയുടെ ഭാഗമായ യകൂട്ടിയ ഭീമാകാരമായ ഒരു ഫ്രീസറാണ്. ചരിത്രാതീതകാലം മുതലുള്ള ജീവികളെ കേടുവരാതെ സൂക്ഷിച്ചിരുന്ന പ്രകൃതിയുടെ ഫ്രീസര്‍. യകൂട്ടിയയില്‍നിന്ന് ഇത്തവണ കണ്ടെത്തിയിരിക്കുന്നത് അത്യപൂര്‍വമായ ഒരു കുട്ടിമാമത്തിന്റെ അവശിഷ്ടമാണ്.

To advertise here,

റഷ്യയിലെ യാന എന്ന നദിയുടെ അടിത്തട്ടില്‍നിന്ന് കണ്ടെത്തിയതിനാല്‍ 'യാന' എന്നാണ് കുട്ടിമാമത്തിന് പേരിട്ടിരിക്കുന്നത്. ഏകദേശം 50,000 വര്‍ഷം പഴക്കമുണ്ടാവും 'യാന'യ്ക്ക് എന്നാണ് ഗവേഷകര്‍ പറയുന്നത്. 180 കിലോ ഭാരമുള്ള യാനയ്ക്ക് 1.2 മീറ്റര്‍ ഉയരവും രണ്ടുമീറ്റര്‍ നീളവുമുണ്ട്. മരിച്ചസമയത്ത് ഒരു വയസ്സോ അതില്‍ അല്‍പം കൂടുതലോ ആയിരിക്കണം ഇവളുടെ പ്രായമെന്നാണ് പ്രാഥമികനിഗമനം. 

എന്നിരുന്നാലും കൂടുതല്‍ പഠനത്തിലൂടെ മാത്രമേ ഇത് ഉറപ്പിക്കാനാവൂ. അതിന് വേണ്ടിയുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ് ശാസ്ത്രജ്ഞര്‍. ലോകത്ത് ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മാമത്ത് അവശിഷ്ടമാണ് യാനയുടേത്. യാനയുള്‍പ്പെടെ ആകെ ഏഴ് മാമത്ത് ഫോസിലുകളെ ലോകത്തിതുവരെ കണ്ടെത്തിയിട്ടുള്ളൂ.