തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ പ്രകൃതിസമ്പത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വാഴച്ചാൽ വനമേഖലയിലെ സമഗ്ര ജന്തുജാല വാർഷിക കണക്കെടുപ്പിൽ 26 പുതിയ ജീവിവർഗങ്ങൾകൂടി. വനംവകുപ്പും ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നായിരുന്നു സർവേ സംഘടിപ്പിച്ചത്.

To advertise here,

മലക്കപ്പാറ മുതൽ ചാലക്കുടി വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലെ 14 ക്യാമ്പുകളിലായി താമസിച്ച് നടത്തിയ പഠനത്തിൽ ഏകദേശം 50 വിദഗ്ധരും അത്രതന്നെ വനംവകുപ്പ്‌ ജീവനക്കാരും പങ്കെടുത്തു.

വരണ്ട ഇലപൊഴിയും വനങ്ങൾ, നിത്യഹരിതവനങ്ങൾ തുടങ്ങിയ വിവിധ ആവാസവ്യവസ്ഥകളിലായിരുന്നു പഠനം. ശലഭങ്ങൾ, പക്ഷികൾ, തുമ്പികൾ, ചീവീടുകൾ, ഉറുമ്പുകൾ തുടങ്ങി നിരവധി ചെറുജീവികളെയും കീടവിഭാഗങ്ങളെയും പഠനവിധേയമാക്കി.

ശലഭങ്ങളുടെ നിറപ്പകിട്ട്

സർവേയിൽ ശലഭങ്ങളുടെ സമൃദ്ധമായ സാന്നിധ്യമാണ്. ആകെ 175 ശലഭവർഗങ്ങൾ തിരിച്ചറിഞ്ഞതിൽ 13 എണ്ണം ഈ മേഖലയിൽ ആദ്യമായാണ്. പുതുതായി കണ്ടെത്തിയവയിൽ റെഡ് സ്‌പോട്ട് ഡ്യൂക്ക് (കനിരാജൻ), അക്ക്യൂട്ട് സൺബീം (ദന്തസൂര്യശലഭം), ഹാംസൺ ഹെഡ്ജ് ബ്ലൂ (കാട്ടുവേലിനീലി), വൈറ്റ് ടിപ്പ്ഡ് ലൈൻ ബ്ലൂ (നാട്ടുമുളവാലൻ), കോമൺ ടിൻസിൽ (മണിവർണൻ), സഹ്യാദ്രി പർപ്പിൾസ്പോട്ടഡ് ഫ്ലിറ്റർ (കാട്ടുമരത്തുള്ളൻ) എന്നിവ പ്രധാനമാണ്.

ഇതിനിടെ ഡാർക്ക് സെറുലിയൻ (കരിംപൊട്ടുവാലാട്ടി) ശലഭങ്ങൾ ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്കു കൂട്ടമായി സഞ്ചരിക്കുന്നതും കണ്ടു. ബ്ലൂ ടൈഗർ (നീലക്കടുവ), ഡാർക്ക് ബ്ലൂ ടൈഗർ, അരളിശലഭം തുടങ്ങിയ രോമപാദശലഭങ്ങളുടെ വലിയ കൂട്ടത്തെയും രേഖപ്പെടുത്തി.

പക്ഷികളുടെ വിരുന്ന്

പക്ഷിവർഗങ്ങളിൽ മാത്രം 187 സ്പീഷീസുകൾ രേഖപ്പെടുത്തിയതും അതിൽ 10 സ്പീഷീസുകൾ പുതുതായി ചേർന്നതുമാണ് സർവേയിലെ ശ്രദ്ധേയമായ കണ്ടെത്തൽ.

ബ്ലാക്ക് സ്റ്റോർക്ക് (കറുത്ത കൊക്ക്), ബ്ലാക്ക് ഹെഡ്ഡഡ് ഐബിസ് (വെള്ള അരിവാൾ കൊക്കൻ), ബ്ലാക്ക് ബാസ (കിന്നരി പ്രാപ്പരുന്ത്), ഗ്രേറ്റർ സ്‌പോട്ടഡ് ഈഗിൾ (വലിയ പുള്ളിപ്പരുന്ത്), ലാർജ് ഹോക്ക്-കുക്കു (വലിയ പേക്കുയിൽ), ചെമ്പുവയറൻ ഷോലക്കിളി, ട്രീ പിപ്പിറ്റ് (മരവരമ്പൻ) എന്നിവയും പുതിയ രേഖപ്പെടുത്തലുകളിലുണ്ട്.

വനത്തിന്റെ ആരോഗ്യകരമായ പരിസ്ഥിതി സൂചിപ്പിക്കുന്ന ഗ്രേ ഹെഡ്ഡഡ് ഫിഷ് ഈഗിൾ (വലിയ മീൻപരുന്ത്), ലെസ്സർ ഫിഷ് ഈഗിൾ (ചെറിയ മീൻപരുന്ത്), ശ്രീലങ്കൻ ഫ്രോഗ് മൗത്ത് (മാക്കാച്ചിക്കാട), ഷാമക്കിളി, ഗ്രേ ബെലീഡ് കുക്കു (ചെറുകുയിൽ), ബ്ലൂ ഈയേർഡ് കിങ്ഫിഷർ (പൊടിപ്പൊന്മാൻ), മലമുഴക്കിവേഴാമ്പൽ, കോഴിവേഴാമ്പൽ തുടങ്ങിയവയുടെ സാന്നിധ്യവും രേഖപ്പെടുത്തി.

വരണ്ടകാലത്തും സമൃദ്ധമായ കീടലോകം

കണക്കെടുപ്പ് നടത്തിയ സമയം വരണ്ട കാലഘട്ടമായിരുന്നിട്ടും 45 തുമ്പികളെ തിരിച്ചറിഞ്ഞു. കാറ്റാടിത്തുമ്പി, പച്ച ചേരാച്ചിറകൻ, നാട്ടുമുലാവാലൻ എന്നിവ പുതുതായി രേഖപ്പെടുത്തി. കൂടാതെ 30 ഇനം ഉറുമ്പ്, 33 ചിലന്തി, 6 ചീവീട് സ്പീഷീസുകൾ എന്നിവയും കണ്ടെത്തി.

കടുവ, പുലി, ആനക്കൂട്ടങ്ങൾ എന്നിവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചതോടെ തെക്കൻ പശ്ചിമഘട്ടത്തിൽ വന്യജീവികൾക്ക് നിർണായകമായ വനപാതയായി വാഴച്ചാൽ പ്രദേശം തുടരുന്നതായി ഗവേഷകർ വ്യക്തമാക്കി. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ്ബാബു സർവേ ഉദ്ഘാടനം ചെയ്തു.

ചാർപ്പ റേഞ്ച് ഓഫീസർ വി.ബി. അഖിൽ, വാഴച്ചാൽ റേഞ്ച് ഓഫീസർ സി. സുമേഷ്, ഷോളയാർ റേഞ്ച് ഓഫീസർ അൽബിൻ ആന്റണി, അതിരപ്പിള്ളി റേഞ്ച് ഓഫീസർ ടി. രഘുലാൽ എന്നിവർ കണക്കെടുപ്പ് ഏകോപിപ്പിച്ചു. ഡോ. കലേഷ് സദാശിവൻ, വിനയൻ പി. നായർ, വി.എം. അനില എന്നിവരാണ് വിവരങ്ങൾ ക്രോഡീകരിച്ചത്.