പറവൂര്‍: പശ്ചിമഘട്ട മലനിരകളില്‍നിന്ന് സസ്യശാസ്ത്ര ഗവേഷകര്‍ രണ്ട് പുതിയ സസ്യങ്ങളെക്കൂടി കണ്ടെത്തി. ഒന്നിന് അന്താരാഷ്ട്ര സസ്യഗവേഷകനും എം.ജി. സര്‍വകലാശാലാ റിസര്‍ച്ച് ഗൈഡും മാല്യങ്കര എസ്.എന്‍.എം. കോളേജ് മുന്‍ അധ്യാപകനുമായ മൂത്തകുന്നം ചന്ദ്രശ്ശേരില്‍ ഡോ. സി.എന്‍. സുനിലിന്റെ പേര് നല്‍കി. 'ഫിബ്രിസ്‌റ്റൈലി സുനിലൈ' എന്നാണ് സസ്യം അറിയപ്പെടുക.

To advertise here,

രണ്ടാമത്തെ സസ്യത്തിന് സസ്യഗവേഷകനും ലഖ്നൗവിലെ കേന്ദ്ര സസ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ മലയാളി ശാസ്ത്രജ്ഞനുമായ ഡോ. കെ.എം. പ്രഭുകുമാറിന്റെ പേരാണ് ('നിയോനോട്ടിസ് പ്രഭു') നല്‍കിയിട്ടുള്ളത്. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'ഫിട്ടോതായ' (Phytotaya)യുടെ നവംബര്‍, ഡിസംബര്‍ ലക്കങ്ങളില്‍ ഇവയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം പൊന്മുടി അഗസ്ത്യകൂടം വനമേഖലയില്‍ നിന്നാണ് ഫിബ്രിസ്‌റ്റൈലി സുനിലൈ കണ്ടെത്തിയത്. വളരെ കുറവ് എണ്ണമേയുള്ളു. ഇതിന്റെ സവിശേഷതകള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മാല്യങ്കര എസ്.എന്‍.എം. കോളേജ് ബോട്ടണി വിഭാഗം അധ്യാപകരായ ഡോ. എം.ജി. സനില്‍കുമാര്‍, ഡോ. ഇ.സി. ബൈജു, വിദ്യാര്‍ഥികളായ നിത്യ, ദിവ്യ എന്നിവരുടെ ഗവേഷണത്തിലാണ് ഈ സസ്യം കണ്ടത്.

46 പുതിയ സസ്യങ്ങളെ കേരളത്തില്‍ നിന്നുതന്നെ കണ്ടെത്തി അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷകനാണ് ഡോ. സി.എന്‍. സുനില്‍. നേരത്തെ ഇടുക്കിയില്‍ കണ്ടെത്തിയ ഒരു സസ്യത്തിനും അദ്ദേഹത്തിന്റെ പേരു നല്‍കിയിരുന്നു. നിയോനോട്ടീസ് പ്രഭു എന്ന സസ്യം വയനാട്ടിലെ ചെമ്പ്ര മലനിരകളിലാണ് കണ്ടെത്തിയത്. തെച്ചിപ്പൂക്കുലകളോട് സാദൃശ്യമുള്ള വെളുത്ത പുഷ്പങ്ങളുള്ള പൂങ്കുലകളോടു കൂടിയതാണിത്.

ഡോ. എം.ജി. സനല്‍കുമാറിനെ കൂടാതെ, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഡോ. അനില്‍കുമാര്‍, പയ്യന്നൂര്‍ കോളേജ് ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. രതീഷ് നാരായണന്‍, നിത്യ, സലിം പിച്ചണ്‍ എന്നിവരാണ് ഇതു കണ്ടെത്തിയ ഗവേഷണ സംഘത്തിലുള്ളത്.

Content Highlights: two new plants found out from western ghats