ആലപ്പുഴ: കൊല്ലം പരപ്പില്‍ കടല്‍മണല്‍ഖനനം നടക്കുന്നത് 50 കിലോമീറ്ററിന് അപ്പുറത്താണെന്ന കേന്ദ്ര ഖനമന്ത്രാലയം സെക്രട്ടറി വി.എല്‍. കാന്തറാവുവിന്റെ വാദം തെറ്റാണെന്ന് മന്ത്രാലയത്തിന്റെതന്നെ രേഖകള്‍. ഖനനം സംബന്ധിച്ച് മന്ത്രാലയം കൊച്ചിയില്‍ സംഘടിപ്പിച്ച റോഡ്ഷോയില്‍ അവതരിപ്പിച്ച കണക്കുകള്‍ അദ്ദേഹത്തിന്റെ വാദത്തിന് എതിരാണ്. അതില്‍ പറയുന്നത് ഇങ്ങനെ:

To advertise here,

കൊല്ലം ഒന്നാം ബ്ലോക്ക്: തീരത്തുനിന്നുള്ള ദൂരം-33 കിലോമീറ്റര്‍, വിസ്തീര്‍ണം-79 ചതുരശ്ര കിലോമീറ്റര്‍, പ്രകൃതിവിഭവം 100.33 ദശലക്ഷം ടണ്‍, വെള്ളത്തിന്റെ ആഴം-53.3 മീറ്റര്‍ മുതല്‍ 62.5 വരെ.
രണ്ടാം ബ്ലോക്ക്: തീരത്തുനിന്നുള്ള ദൂരം-30 കിലോമീറ്റര്‍, വിസ്തീര്‍ണം-78 ചതുരശ്ര കിലോമീറ്റര്‍, പ്രകൃതിവിഭവം-100.64 ദശലക്ഷം ടണ്‍, ആഴം-48.4 മീറ്റര്‍ മുതല്‍ 61.4 മീറ്റര്‍
മൂന്നാം ബ്ലോക്ക്: തീരത്തുനിന്നുള്ള ദൂരം-27 കിലോമീറ്റര്‍, വിസ്തീര്‍ണം-85 ചതുരശ്ര കിലോമീറ്റര്‍, പ്രകൃതിവിഭവം-101.45 ദശലക്ഷം ടണ്‍, ആഴം-49.3 മീറ്റര്‍ മുതല്‍ 59 വരെ.

മീന്‍പിടിത്തം നടക്കുന്നത് 20-25 കിലോമീറ്ററിലാണെന്നാണ് മന്ത്രാലയം സെക്രട്ടറി കഴിഞ്ഞദിവസം മാതൃഭൂമിയോടു പറഞ്ഞത്. ഇതനുസരിച്ചു നോക്കിയാല്‍പ്പോലും മീന്‍പിടിത്തമേഖലയുടെ തൊട്ടടുത്താണ് ഖനനം നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാകും. മേഖലയില്‍ ആയിരത്തോളം ട്രോള്‍ബോട്ടുകള്‍ മീന്‍പിടിക്കുന്നതാണ്.

കടലിന്റെ അടിത്തട്ട് അടുത്തറിയാന്‍ സീസ്മിക് തരംഗങ്ങള്‍ കടത്തിവിട്ടുള്ള പഠനം ഓരോ കിലോമീറ്ററിലും നടത്തുക, ധാതുലവണങ്ങളുടെ ശാസ്ത്രീയ അപഗ്രഥനം, പാരിസ്ഥിതികാഘാത പഠനം എന്നിവ ആവശ്യമാണെന്ന് ഈ രേഖ വ്യക്തമാക്കുന്നു.

ഖനനത്തിനു ടെന്‍ഡര്‍ എടുക്കുന്നവര്‍തന്നെയാകും പാരിസ്ഥിതികാഘാത പഠനം നടത്തുകയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. പഠനങ്ങള്‍ക്കുള്ള ഡേറ്റ തയ്യാറാക്കാന്‍ 40-50 ദിവസമാണ് രേഖയില്‍ പറയുന്നത്. ഫലത്തില്‍ അതിവേഗം പഠനം നടത്തി ഖനനത്തിലേക്കു നീങ്ങാന്‍ കഴിയും. ഖനനം നടത്തുന്ന കമ്പനിയെത്തന്നെ പഠനം ഏല്‍പ്പിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്.

പഠനവാഗ്ദാനം തട്ടിപ്പ് -കെ.സി. വേണുഗോപാല്‍

ന്യൂഡല്‍ഹി: ഖനനത്തിന് ടെന്‍ഡര്‍ നല്‍കിയ കമ്പനിയെക്കൊണ്ട് പാരിസ്ഥിതികാഘാതപഠനം നടത്തുമെന്ന ഖനനമന്ത്രാലയത്തിന്റെ വാദം യുക്തിക്കുനിരക്കാത്തതും നീതിരഹിതവുമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കരിമണല്‍ കൊള്ളയ്ക്കുള്ള പച്ചക്കൊടിയാണിത്. ടെന്‍ഡര്‍ നേടിയ ഒരു ഏജന്‍സി നിഷ്പക്ഷമായ പാരിസ്ഥിതിക പഠനം എങ്ങനെ നടത്തും. വിശ്വാസ്യതയുള്ള സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവരെ ഖനനത്തിന് അനുമതി നല്‍കിയ ടെന്‍ഡര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാല്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢിക്ക് കത്തുനല്‍കി.

ലക്ഷ്യം റോയല്‍ട്ടി വരുമാനം - എന്‍.കെ.പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ഖനനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നും ഖനനവരുമാനത്തിന്റെ റോയല്‍ട്ടികൂടി ആവശ്യപ്പെടാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആര്‍.എസ്.പി. കേന്ദ്ര കമ്മിറ്റി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. കുറ്റപ്പെടുത്തി. കൊല്ലം പരപ്പിലെ സമുദ്രസമ്പത്ത് പൂര്‍ണമായും നശിപ്പിക്കുന്നതാണ് കടല്‍മണല്‍ ഖനനം. ഇതിന്റെ പിന്നില്‍ കരിമണല്‍ സമ്പത്താണ് ലക്ഷ്യമെന്നു സംശയിക്കണം -അദ്ദേഹം പറഞ്ഞു.