കുഞ്ചിത്തണ്ണി: ബൈസണ്‍വാലി ചൊക്രമുടി മലനിരകളില്‍ നടന്നുവന്നിരുന്ന അനധികൃത നിര്‍മാണത്തിന് റവന്യൂ അധികൃതരുടെ പൂട്ട്. ഇവിടെ നടന്നുവരുന്ന നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ വെള്ളിയാഴ്ച സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. റവന്യൂവകുപ്പ് അധികൃതരുടെ ഒത്താശയോടെ പരിസ്ഥിതിലോല മേഖലയില്‍ അനധികൃത നിര്‍മാണം നടക്കുന്നുവെന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.

To advertise here,

ഈ വസ്തുവിലുണ്ടായിരുന്ന യൂക്കാലിമരങ്ങള്‍ വെട്ടിനീക്കി റോഡ് നിര്‍മിച്ചതായും വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനധികൃതമായി കയ്യാലകളും റോഡും നിര്‍മിച്ചതിന് ജൂലായ് അഞ്ചിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത മേഖല റെഡ് സോണില്‍ പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇവിടെ നടക്കുന്ന അനധികൃത നിര്‍മാണങ്ങളെക്കുറിച്ചും ആദിവാസികളുടെ ജലസ്രോതസ്സ് കൈയേറിയതിനെക്കുറിച്ചും താഴ്വാരത്തെ ജനങ്ങള്‍ക്കുള്ള ഉരുള്‍പൊട്ടല്‍സാധ്യതാ ഭീഷണിയെക്കുറിച്ചും 'മാതൃഭൂമി' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂസംഘം നടപടികള്‍ സ്വീകരിച്ചത്.

Read more at:  'റെഡ്‌സോണ്‍' ചൊക്രമലയില്‍ അനധികൃതനിര്‍മാണം, ഉദ്യോഗസ്ഥരുടെ അറിവോടെ; ഉരുള്‍പൊട്ടല്‍ ഭീതി .....

ചൊക്രമുടി മലയില്‍ ഗ്യാപ്പ് റോഡിന് താഴ്ഭാഗത്ത് റോഡ് നിര്‍മിച്ച് റോഡിന്റെ ഇരുവശത്തും പ്ലോട്ടുകള്‍ തിരിച്ച് വില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. റെഡ്‌സോണ്‍ കാറ്റഗറിയില്‍പ്പെട്ട ഇവിടെ പത്തുമാസക്കാലമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ഗ്യാപ്പ് റോഡിന്റെ താഴെഭാഗത്തുള്ള സ്ഥലത്ത് യൂക്കാലിമരങ്ങള്‍ വെട്ടിമാറ്റുകയും അനധികൃതമായി പാറ പൊട്ടിക്കുകയും ചെയ്തിരുന്നു.

ഇവര്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുകയും ഇവിടെയുണ്ടായിരുന്ന ജലസ്രോതസ്സുകള്‍ ഉള്‍പ്പെടുത്തി തടയണ നിര്‍മിക്കുകയും ചെയ്തിരുന്നു. കെട്ടിടനിര്‍മാണം നടത്തുന്നതിനുവേണ്ടി റവന്യൂവകുപ്പില്‍ നിന്ന് ഇവര്‍ക്ക് എന്‍.ഒ.സി.യും ലഭിച്ചിരുന്നു. തുടര്‍ന്ന് ബൈസണ്‍വാലി പഞ്ചായത്തില്‍ കെട്ടിടംനിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷയും ഇവര്‍ നല്‍കി. ഇതോടെ താഴ്വാരത്തുള്ള ബൈസണ്‍വാലി ഭാഗത്ത് താമസിക്കുന്നവരുടെ ഉറക്കംതന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.

നിരന്തരമായി മലയിടിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭാഗത്ത് നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ ഇവരുടെ ജീവനും സ്വത്തിനും ഭീഷണി ആകുമെന്നത് വന്‍ പ്രതിഷേധത്തിന് കാരണമായി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ചൊക്രമുടി കുടിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി എടുത്തിരുന്ന ജലസ്രോതസ്സുകള്‍ തടസ്സപ്പെടുത്തിയെന്നും ആരോപണമുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ  https://mbi.page.link/mbes

കുടിയേറ്റക്കാലം മുതല്‍ തരിശായി കിടന്നിരുന്ന ഈ ഭൂമിയുടെ പട്ടയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ് പരിസരവാസികള്‍ ആരോപിച്ചിരുന്നത്. നിര്‍മാണം നടക്കുന്ന ഈ സ്ഥലം മുമ്പ് റവന്യൂഭൂമി ആയിരുന്നോ എന്ന അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തായാലും ഒരു നാടിനെ മുഴുവന്‍ ഭീതിയിലാക്കിക്കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികളുടെ ഭാഗമായാണ് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്. റവന്യൂവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലഭിച്ച സാഹചര്യത്തില്‍ പഞ്ചായത്തിനും കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിനുള്ള സാഹചര്യമാണ് ഇല്ലാതായിരിക്കുന്നത്.