ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെ എത്തിച്ച മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് സമീപത്ത് നിന്ന് നായാട്ടുകാരനെ പിടികൂടി. വേട്ടയാടല്‍ പശ്ചാത്തലമുണ്ടായിരുന്ന ആലം മോം​ഗിയ എന്നയാളെയാണ് അധികൃതര്‍ പിടികൂടിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ സംരക്ഷിത മേഖലയില്‍ നിന്നുമാണ് സംശയാസ്പദമായ രീതിയിൽ ഇയാളെ പിടികൂടിയത്.  ഇയാളുടെ പക്കല്‍ നിന്നും  വേട്ടയ്ക്കുപയോ​ഗിക്കുന്ന തോക്കും കണ്ടെത്തിയിട്ടുണ്ട്. 

To advertise here,

ദേശീയോദ്യാനത്തിന്റെ സമീപപ്രദേശത്തായിട്ടാണ് 40-ക്കാരനായ ആലം മോം​ഗിയ താമസിക്കുന്നത്. ഏപ്രില്‍ 16-നാണ് ദേശീയോദ്യാനത്തിലെ സംരക്ഷിത മേഖലയില്‍ നിന്ന് മോം​ഗിയയെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഇയാളുടെ സഹായികളായ രണ്ടു പേരെ കൂടി പിടികൂടാനായി അറസ്റ്റ് വിവരം പുറത്തു വിട്ടിരുന്നില്ല. ചീറ്റകളെത്തിയതിനുശേഷം ഈ പ്രദേശത്ത് നിന്ന് പിടിയിലാകുന്ന നാലാമത്തെ നായാട്ടുകാരനാണിയാൾ. ചെറിയ മൃ​ഗങ്ങളെ വേട്ടയാടുന്നതിനാണ് മോം​ഗിയ ഇവിടെ എത്തിയിരുന്നതെന്നും ഇയാൾക്ക് വൻസംഘങ്ങളുമായി ബന്ധമില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. 

ചീറ്റകളെ എത്തിച്ചതിനുശേഷം  സംരക്ഷിത പ്രദേശത്ത് നിന്ന് പിടികൂടുന്ന നാലാമത്തെ ആള്‍ കൂടിയാണ് ആലം മോം​ഗിയ. ഡിസംബര്‍ 2022-ല്‍ പന്ന കടുവ സങ്കേതത്തിന് സമീപം കടുവയുടെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വന്യജീവി സംരക്ഷിത മേഖലകളിൽ നായാട്ടുകാരുടെ സാന്നിധ്യത്തെ കുറിച്ചുള്ള സംശയം അധികൃതരില്‍ ശക്തമാണ്.