രാജപുരം :മലയോരത്തെ കള്ളത്തോക്ക് നിർമാണം; രണ്ടുപേർ കൂടി അറസ്റ്റിൽ. രാജപുരം പാലംകല്ലിലെ സന്തോഷ് വിജയൻ (36), പരപ്പ മുണ്ടത്തടത്തെ താഴത്ത് വീട്ടിൽ പി.ജെ. ഷാജി എന്നിവരാണ് പിടിയിലായത്. രണ്ടുപേരും മലയോരത്തെ പ്രധാന നായാട്ട് സംഘാംഗങ്ങളാണ്.

To advertise here,

കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇരുവരെയും വെള്ളിയാഴ്ച രാവിലെ ആറോടെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പയിൽനിന്നുമാണ് രാജപുരം ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലായ മൂന്നംഗസംഘത്തെ കൂടാതെ, തോക്ക് നിർമിക്കാൻ ഏൽപ്പിച്ച ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

കേസിലെ പ്രധാന പ്രതി ആലക്കോട് അരങ്ങം കാർത്തികപുരം സ്വദേശി എം.കെ. അജിത്‌കുമാറിനെ (55) കഴിഞ്ഞദിവസം കോട്ടക്കുന്ന് കൈക്കളൻകല്ലിലെ വാടകവീട്ടിൽനിന്നും നിർമാണം പൂർത്തിയായ രണ്ട് കള്ളത്തോക്കുകളും നിർമാണം അവസാനഘട്ടത്തിലുള്ള ഒരു തോക്കും സാധനസാമഗ്രികളുമടക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട് വാടകയ്ക്കെടുത്ത് നൽകിയതും ആവശ്യമായ സഹായങ്ങൾ ചെയ്തതും രണ്ടാം പ്രതി സന്തോഷായിരുന്നു. അയാൾക്കും മൂന്നാം പ്രതി പി.ജെ. ഷാജിക്കും വേണ്ടിയായിരുന്നു രണ്ട് തോക്കുകൾ. നിർമാണം അവസാനഘട്ടത്തിലായിരുന്ന തോക്കാകട്ടെ, ഇനി പിടികൂടാനുള്ള ആൾക്ക് വേണ്ടിയുള്ളതുമായിരുന്നു. അതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്.

കോടതി റിമാൻഡ് ചെയ്ത കേസിലെ ഒന്നാം പ്രതി അജിത്‌കുമാറിനെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി. ശനിയാഴ്ച, തോക്ക് നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങിയ സ്ഥലങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുക്കും. കേസുമായി ബന്ധപ്പെട്ട് ബേക്കൽ ഡിവൈഎസ്‌പി വി.വി. മനോജ് കുമാർ വെള്ളിയാഴ്ച ഉച്ചയോടെ രാജപുരം സ്റ്റേഷനിൽ നേരിട്ടെത്തി പ്രതികളിൽനിന്ന്‌ വിവരങ്ങൾ തേടിയിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജപുരം പോലീസും പ്രത്യേക സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതിയെ പിടികൂടിയതും കള്ളത്തോക്കുകളടക്കം കസ്റ്റഡിയിൽ എടുക്കാനും കഴിഞ്ഞത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ ആളുകൾ കേസിൽ ഉൾപ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പുലർച്ചയോടെ രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. തോക്ക് നിർമാണത്തിനായി എൽപ്പിച്ച മൂന്നാമന് വേണ്ടിയുള്ള തിരച്ചിലും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

രാജപുരം മലയോരമേഖലയില്‍ കള്ളത്തോക്ക് നിർമാണവും ഉപയോഗവും വ്യാപകം

ജില്ലയിലെ മലയോരമേഖല കേന്ദ്രീകരിച്ച് കള്ളത്തോക്ക് നിർമാണവും ഉപയോഗവും വ്യാപകമെന്ന് സൂചന. രണ്ടുവർഷത്തിനിടെ പനത്തടി ഫോറസ്റ്റ് സെക്ഷൻ അധികൃതർ മാത്രം പിടികൂടിയത് 11 കള്ളത്തോക്കുകൾ. പാണത്തൂർ, പാറക്കടവ്, കുണ്ടുപ്പള്ളി, കൊട്ടോടി മഞ്ഞങ്ങാനം, ഓട്ടമല വണ്ണാർക്കയം, പാണത്തൂർ പ്ലാന്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നായാട്ടിനെത്തിയ സംഘങ്ങളിൽനിന്നുമാണ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കള്ളത്തോക്കുകൾ പിടികൂടിയത്. അതുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളിയായി 36 പ്രതികളെയും കസ്റ്റഡിയിലെടുത്തു.

നായാട്ട് സംഘങ്ങളിൽനിന്ന്‌ 10 വാഹനങ്ങൾ, 18 തിരകൾ, 11 ടോർച്ചുകൾ എന്നിവയും പിടികൂടിയിരുന്നു. നിലവിൽ വനംവകുപ്പ് അധികൃതരും പോലീസും പിടികൂടിയ കള്ളത്തോക്കുകളുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടി തോക്കുകൾ ഇനിയും മലയോരകേന്ദ്രങ്ങളിൽ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. വനംവകുപ്പ് പിടികൂടിയ കള്ളത്തോക്കുകളുമായി ബന്ധപ്പെട്ട് ആയുധ നിയമപ്രകാരം കേസെടുക്കുന്നതിനായി വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

കള്ളത്തോക്ക് നിർമാണത്തിന് പിന്നിൽ പ്രധാനമായും നായാട്ട് സംഘങ്ങളാണെന്നാണ് പോലീസും വനംവകുപ്പ് അധികൃതരും കരുതുന്നത്. ജില്ലയിലെ മലയോരമേഖലകളും വനാതിർത്തി സ്ഥലങ്ങളും കേന്ദ്രീകരിച്ച് കാലങ്ങളായി നായാട്ട് സംഘങ്ങൾ സജീവമാണ്. അവരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് കള്ളത്തോക്കുകളാണ്. അത്തരം നായാട്ട് സംഘങ്ങൾക്ക് തോക്ക് നിർമിച്ച് നൽകുന്നതിൽ പ്രധാനിയാണ് കഴിഞ്ഞദിവസം രാജപുരം കോട്ടക്കുന്നിൽനിന്നും രണ്ട് കള്ളത്തോക്കുകളും നിർമാണവസ്തുക്കളുമായി പിടിയിലായ ആലക്കോട് കാർത്തികപുരം സ്വദേശി അജിത് കുമാർ.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി താമസിച്ച് ആവശ്യക്കാർക്ക് തോക്ക് നിർമിച്ച് നല്കുന്നത് ഇയാളാണെന്ന് പറയപ്പെടുന്നു. കള്ളത്തോക്ക് ആവശ്യമുള്ളവരുടെ സഹായത്തോടെ അതേ പ്രദേശത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ താമസിച്ചാണ് നിർമാണം. റാണിപുരം, മരുതോം, മാലോം, പരപ്പ വനമേഖലകളിലും വനത്തിനകത്തും നായാട്ട് സംഘം വലിയതോതിൽ മൃഗവേട്ട നടത്തുന്നതായി സൂചനയുണ്ട്. കാട്ടുപന്നിയുടെയും മറ്റും ശല്യം രൂക്ഷമായതിനാൽ നായാട്ട് വിവരമറിഞ്ഞാലും കർഷകരോ നാട്ടുകാരോ പുറത്തുപറയാനും തയ്യാറാകില്ല.

കാട്ടുപോത്ത്, കലമാൻ പോലുള്ളവയെ നായാട്ട് നടത്തുന്ന സംഘങ്ങളും മലയോരത്തുണ്ടെന്നാണ് അറിയുന്നത്.