ന്യൂഡൽഹി: ഡൽഹിയിലെ പൊതുയിടങ്ങളിൽ ​ഗുണനിലവാരമുള്ള വായു ഉറപ്പാക്കുന്നതിന് പദ്ധതിയുമായി ഡൽഹി ഭരണകൂടം. പദ്ധതിയുടെ ഭാ​ഗമായി നെഹ്റു പാർക്കിൽ ഔട്ട്‌ഡോര്‍ എയർ പ്യൂരിഫയറുകൾ സ്ഥാപിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. ന​ഗരത്തിൽ ധാരാളം ആളുകളെത്തുന്ന പൊതുയിടങ്ങളിലാകും പദ്ധതി നടപ്പാക്കുക.

To advertise here,

മികച്ച വായു​ഗുണനിലവാരം എങ്ങനെ ഉറപ്പാക്കാമെന്ന് നെഹ്റു പാർക്കിലൂടെ പഠിക്കാന്ന് ഡൽഹി പരിസ്ഥിതി മന്ത്രി പ്രതികരിച്ചു. എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) അഥവാ ​വായു​ഗുണനിലവാര സൂചിക ഡൽഹിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം എക്യുഐ ഏറെ വെല്ലുവിളി നിറഞ്ഞ ഘടകമാണ്. മികച്ച വായുഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുകയാണ്. നെഹ്‌റു പാര്‍ക്കില്‍ പഠനം നടത്തുകയാണ്. രാവിലെ നടക്കാനും വ്യായാമത്തിനുമായി ധാരാളം ആളുകളെത്തുന്ന മേഖല കൂടിയാണ് നെഹ്‌റു പാര്‍ക്ക്. ഒരു പ്രത്യേക സ്ഥലത്ത് വായുഗുണനിലവാരം മികച്ചതാക്കാന്‍ കഴിയുമോയെന്ന് ഇതിലൂടെ വിലയിരുത്താനാകും", മഞ്ജീന്ദര്‍ സിങ് സിര്‍സ പ്രതികരിച്ചു. 

ഓരോ 600 സ്‌ക്വയര്‍ മീറ്റര്‍ പരിധിയിലും മികച്ച വായുഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയുന്ന ഔട്ട്‌ഡോര്‍ എയര്‍ പ്യൂരിഫയറുകളാകും നെഹ്‌റു പാര്‍ക്കില്‍ സ്ഥാപിക്കുക. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രകാരം സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ പദ്ധതി നടപ്പിലാക്കുന്നതിനാല്‍ ഗവണ്‍മെന്റിന് സാമ്പത്തിക ബാധ്യതയുണ്ടാകില്ല.

വായുവിലെ മലിനകണങ്ങള്‍ പിടിച്ചെടുത്ത് ശേഖരിക്കുന്ന സംവിധാനമാണ് എയര്‍ പ്യൂരിഫയറുകള്‍. ഒരു ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്ന ഈ സംവിധാനത്തിന് കുറഞ്ഞ അറ്റകുറ്റപ്പണി മാത്രമേ വേണ്ടിവരൂവെന്ന പ്രത്യേകത കൂടിയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പിഡബ്ല്യുഡി മന്ത്രി പര്‍വേഷ് സാഹിബ് സിങ്ങിനൊപ്പം മഞ്ജീന്ദര്‍ സിങ് സിര്‍സ ഞായറാഴ്ച നെഹ്‌റു പാര്‍ക്ക് സന്ദര്‍ശിച്ചു. 

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക 84 ആയിരുന്നു.  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് പൂജ്യം മുതല്‍ 50 വരെയുള്ള എക്യുഐ ''നല്ലത്'', 51 മുതല്‍ 100 വരെയുള്ള എക്യുഐ. 'തൃപ്തികരം'', 101 മുതല്‍ 200 വരെ 'മിതം', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.