പെരുമ്പാവൂർ: വൃക്ഷങ്ങൾക്കിടയിൽ വ്യാപകമായി വളരുന്ന ഇഞ്ചയും ഇത്തിൾക്കണ്ണി വിഭാഗത്തിൽപ്പെടുന്ന വള്ളിച്ചെടികളും ഇരിങ്ങോൾ വനത്തിന് ഭീഷണിയാകുന്നു. വൃക്ഷങ്ങളിൽനിന്ന് ജലവും പോഷകവും വലിച്ചെടുത്ത് വളരുന്ന പരാദസസ്യങ്ങൾ (പാരസൈറ്റിക് പ്ലാന്റ്‌സ്) അപൂർവമായ വനസമ്പത്തിന് നാശമുണ്ടാക്കുന്നു.

To advertise here,

കാവിന് കിഴക്കുഭാഗത്ത് വൃക്ഷങ്ങളെ മുരടിപ്പിച്ച് വ്യാപകമായി വളരുന്ന ഇഞ്ചയും മറ്റ് പരാദസസ്യങ്ങളും വെട്ടിനീക്കി വൃക്ഷങ്ങളുടെ സ്വാഭാവികവളർച്ചയ്ക്ക് സാധ്യത ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശകസമിതി സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കത്തുനൽകിയെങ്കിലും നടപടിയില്ല. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വനത്തിൽ തള്ളുന്നത് തടയാനും കഴിയുന്നില്ല. 35 ഏക്കറുളള വനഭൂമി ക്ഷേത്രവിശ്വാസത്തിന്റെ പേരിലാണ് സംരക്ഷിക്കപ്പെട്ടുപോരുന്നത്. വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയില്ലാതെ ഇവിടെനിന്ന് ഒരുവിധത്തിലും മരങ്ങളുടെ ശിഖരങ്ങൾ പോലും മുറിക്കാൻ അനുവദിക്കില്ല.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2010-ൽ നടത്തിയ പഠനത്തിൽ 70 ഇനം പക്ഷികളെ വനത്തിൽ കണ്ടെത്തിയിരുന്നു. ക്ഷേത്രഭൂവിലെ ഊഷ്മാവ്, ജൈവവ്യവസ്ഥ, അപൂർവമായ ശലഭങ്ങൾ, ജീവജാലങ്ങൾ എന്നിവയെല്ലാം പഠനവിഷയമായിട്ടുണ്ട്.

അത്യപൂർവ സസ്യമായ 'പുണ്യാഹ'യുൾപ്പെടെ തിപ്പലി, അമൃത്, ചിറ്റമൃത്, പുഷ്കരമരുത്, ചതുർമൂല, വെള്ളപ്പൈൻ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് വൃക്ഷങ്ങളാണ് വനത്തിലുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുളള വൻവൃക്ഷങ്ങളും ചെടികളും ജൈവ വൈവിധ്യങ്ങളുമുണ്ടെങ്കിലും 'പാമ്പില്ലാവന'മെന്ന പ്രത്യേകതയുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് വനഭൂമിയും വനത്തിന് നടുവിലെ ഭഗവതി ക്ഷേത്രവും. പെരുമ്പാവൂർ നഗരമധ്യത്തിലെ അത്യപൂർവമായ ജൈവസമ്പത്ത് സംരക്ഷിക്കാൻ ദേവസ്വം ബോർഡോ സർക്കാരോ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.

പ്രകൃതിപഠന ശില്പശാല ഇന്ന്

ഇരിങ്ങോൾ കാവ് ഉപദേശക സമിതിയും തപസ്യ കലാസാഹിത്യവേദിയും ചേർന്ന് ഇരിങ്ങോൾ വനത്തിൽ ഞായറാഴ്ച വനപർവം തിരുവാതിര ഞാറ്റുവേല പ്രകൃതിപഠന ശില്പശാല സംഘടിപ്പിക്കും. രാവിലെ 9.30-ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മുൻ ഫോറസ്റ്റ് കൺസർവേറ്റർ ഡോ. എൻ.സി. ഇന്ദുചൂഡൻ മുഖ്യപ്രഭാഷണം നടത്തും.