ഓസ്ട്രേലിയയിലെ ഗോൾഡ്‌ഫീൽഡ്സ് മേഖലയിൽ പുതുതായി കണ്ടെത്തിയ ഒരു തേനീച്ച ഇനമാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഗോൾഡ്‌ഫീൽഡ്സ് മേഖലയിൽ കണ്ടെത്തിയ തദ്ദേശീയ തേനീച്ച ഇനമാണ് "ലൂസിഫർ" തേനീച്ചകൾ. ചെറിയ കൊമ്പുകളുള്ള പെൺതേനീച്ചകളാണ് മെഗാചൈൽ ലൂസിഫർ എന്ന പുതിയ വിഭാഗം.

To advertise here,

ലൂസിഫർ തേനീച്ചകളെ സവിശേഷമാക്കുന്നത് അതിൻ്റെ രൂപമാണ്. 'ഹാക്കീരിയാപിസ്' ഗ്രൂപ്പിലെ പെൺ തേനീച്ചകളുടെ മുഖത്താണ് ചെറിയ, കൂർത്ത കൊമ്പുകൾ കണ്ടെത്തിയത്. ഏകദേശം 0.9 മില്ലിമീറ്റർ നീളമുള്ള, മുകളിലേക്ക് ചൂണ്ടി നിൽക്കുന്ന കുത്തനെയുള്ള ഘടനകളാണ് ഈ കൊമ്പുകൾ. ഈ ഇനത്തിലെ ആൺ തേനീച്ചകൾക്ക് ഈ കൊമ്പുകൾ ഇല്ലെന്നതാണ് മറ്റൊരു കൗതുകം.

2019 ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഗോൾഡ്‌ഫീൽഡ്‌സിൽ കർട്ടിൻ സർവകലാശാലയിലെ ഗവേഷകയായ ഡോ. കിറ്റ് പ്രെൻഡർഗാസ്റ്റ്, ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന കാട്ടുപൂവായ മരിയാന്തസ് അക്വിലോണേറിയസിൽ സർവേ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മെഗാചൈൽ ലൂസിഫർ എന്ന ഈ തേനീച്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പൂവുകളിൽ നടത്തിയ പഠനങ്ങളിൽനിന്ന് അവയുടെ പ്രത്യുൽപാദനത്തിനായി ആശ്രയിക്കുന്ന പരാഗണകാരികളായ (pollinators) തേനീച്ചകളിലേക്കും പഠനം വ്യാപിപ്പിക്കുകയായിരുന്നു.

പെൺ തേനീച്ചയുടെ മുഖത്ത് കാണപ്പെടുന്ന ചെറിയ "കൊമ്പുകൾ" ആൺതേനീച്ചകളിൽ കാണുന്നില്ലെന്ന വസ്തുത ഗവേഷകയായ കിറ്റ് പ്രെൻഡർഗാസ്റ്റിനെ അത്ഭുതപ്പെടുത്തി. നെറ്റ്ഫ്ലിക്സ് ടിവി ഷോ ലൂസിഫറിന്റെ ആരാധിക കൂടിയായിരുന്നു പ്രെൻഡർഗാസ്റ്റ്. അതുകൊണ്ടുതന്നെ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ പേര് താൻ കണ്ടെത്തിയ പുതിയ സ്പീഷീസിനിടാൻ കിറ്റ് താത്പര്യപ്പെട്ടിരുന്നു. ഇതാണ് ലാറ്റിനിൽ "പ്രകാശം കൊണ്ടുവരുന്നവൻ" എന്നർത്ഥം വരുന്ന "ലൂസിഫർ" എന്ന പേരിന് പ്രചോദനമായത്. കൂടാതെ, തേനീച്ചയുടെ പൈശാചിക രൂപത്തിന് അനുയോജ്യമായ ഒരു സൂചനയും ഈ പേര് സൂചിപ്പിക്കുന്നുണ്ട്.

പ്രെൻഡർഗാസ്റ്റിന്റെ കണ്ടെത്തൽ രൂപത്തിൽ വൈവിധ്യം മാത്രമല്ല, വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും ജൈവവൈവിധ്യത്തെയും നിലനിർത്തുന്നതിൽ ഇത്തരം തദ്ദേശീയ പരാഗണകാരികൾ വഹിക്കുന്ന പ്രധാന പങ്കും പുതിയ പഠനങ്ങൾക്ക് വഴിതുറക്കുകയാണ്.

ഡിഎൻഎ ഡാറ്റാബേസുകളിലോ മ്യൂസിയം ശേഖരങ്ങളിലോ മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു പ്രത്യേക ഇനമാണിതെന്ന് ഡിഎൻഎ ബാർകോഡിങ് വഴി സ്ഥിരീകരിച്ചുകഴിഞ്ഞു. ഹാക്കീരിയാപിസ് തേനീച്ച ഗ്രൂപ്പിൽ കഴിഞ്ഞ 20 വർഷത്തിനിടെ കടന്നുവരുന്ന ആദ്യ അംഗമാണിത്.

അതേസമയം, ലൂസിർ തേനീച്ചയുടെ കണ്ടെത്തൽ അതിന്റെ ആവാസവ്യവസ്ഥയുടെ ദുർബലാവസ്ഥയിലേക്കും വെളിച്ചം വീശുന്നു. തേനീച്ചയും അത് പരാഗണം നടത്തുന്ന വംശനാശഭീഷണി നേരിടുന്ന കാട്ടുപൂവും ഖനനം, മണ്ണ് നീക്കംചെയ്യൽ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികൾ നേരിടുന്ന പ്രദേശത്ത് ഒതുങ്ങിനിൽക്കുന്നവയാണ്. അതുകൊണ്ടുതന്നെ പൂച്ചെടികളെയും ആവാസവ്യവസ്ഥയെയും നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ തദ്ദേശീയ പരാഗണകാരികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ശാസ്ത്രജ്ഞർ ഉയർത്തിക്കാണിക്കുന്നുണ്ട്.

മിക്കവാറും എല്ലാ പൂച്ചെടികളും പ്രത്യുൽപാദനത്തിനായി പരാഗണകാരികളെ, പ്രത്യേകിച്ച് തേനീച്ചകളെ ആശ്രയിക്കുന്നു. എന്നിരുന്നാലും, ആവാസവ്യവസ്ഥയുടെ നഷ്ടവും കാലാവസ്ഥാ വ്യതിയാനവും കാരണം പല പരാഗണകാരികളുടെ ഇനങ്ങളും ഇപ്പോൾ വംശനാശം നേരിടുന്നുണ്ട്.

ആരോഗ്യകരമായ ആവാസവ്യവസ്ഥയും ഭക്ഷ്യോൽപ്പാദനവും നിലനിർത്തുന്നതിൽ തേനീച്ചകൾ, ചിത്രശലഭങ്ങൾ, മറ്റ് പ്രാണികൾ എന്നിവ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് വിലയിരുത്തുന്ന വാർഷിക ആഘോഷമായ ഓസ്‌ട്രേലിയൻ പോളിനേറ്റർ വീക്കിനോടനുബന്ധിച്ചാണ് ഗവേഷണത്തിന്റെ പ്രസിദ്ധീകരണം. അറ്റ്ലസ് ഓഫ് ലിവിങ് ഓസ്‌ട്രേലിയ, ഗോൾഡ്‌ഫീൽഡ്സ് എൻവയോൺമെന്റൽ മാനേജ്‌മെന്റ് ഗ്രൂപ്പ്, യുഎസ്ഡിഎ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് എന്നിവ ഗവേഷണത്തെ പിന്തുണച്ചു. ഗവേഷണ കണ്ടെത്തലുകൾ ജേണൽ ഓഫ് ഹൈമനോപ്റ്റെറ റിസർച്ചിൽ പ്രസിദ്ധീകരിച്ചു.