ന്യൂഡൽഹി: രാജ്യത്ത് 2020-നും 2021-നും ഇടയിൽ 88 കടുവ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വിവരാവകാശ രേഖകൾ. എന്നാൽ ഈ മരണങ്ങളുടെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനോ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

To advertise here,

മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന കടുവ സങ്കേതങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാന്ധവ്ഗഡ്, കൻഹ, പന്ന, കാസിരംഗ, തഡോബ, ദുധ്വ, കോർബെറ്റ് തുടങ്ങിയ പ്രശസ്തമായ വനമേഖലകളും ഇതിൽ ഉൾപ്പെടുന്നു.

പല കേസുകളിലും കടുവകളുടെ ശരീരഭാഗങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇവ വേട്ടയാടപ്പെട്ടതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പലപ്പോഴും 'അസ്വാഭാവിക മരണം' എന്ന് രേഖപ്പെടുത്തുന്നതല്ലാതെ മരണകാരണം വ്യക്തമാക്കുന്ന കോളങ്ങൾ ഒഴിഞ്ഞുകിടക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മരണപ്പെട്ട പല കടുവകളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളോ ഫോറൻസിക് പരിശോധനാ ഫലങ്ങളോ ലഭ്യമായിട്ടില്ല എന്നത് അന്വേഷണത്തിലെ വലിയ വീഴ്ചയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ, നിലവിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ റിപ്പോർട്ട് 2026 ജനുവരി 27-നകം സമർപ്പിക്കണമെന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിൽ തീരുമാനമായില്ലെങ്കിൽ കേസുകൾ അവസാനിപ്പിക്കാനാണ് അധികൃതരുടെ നീക്കം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ അനിശ്ചിതത്വത്തിലാണ്.