
കൊച്ചി: കാട്ടാനകൾ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാനുള്ള സൗരോർജ തൂക്കുവേലി വനംവകുപ്പിനുതന്നെ വയ്യാവേലിയാകുന്നു. പന്ത് തട്ടുന്നതുപോലെ കാട്ടാനകൾ സൗരോർജവേലിയുടെ പോസ്റ്റുകൾ തട്ടിക്കളിക്കുന്നു. നബാർഡിന്റെ 17 കോടി രൂപ ഉപയോഗിച്ച് എറണാകുളം-തൃശ്ശൂർ മേഖലയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയെ ചുറ്റി വാഴച്ചാൽ ഡിവിഷനിലെ 60 കിലോമീറ്ററിലാണ് സൗരോർജ തൂക്കുവേലി (ഹാങ്ങിങ് സോളാർ ഫെൻസിങ്) സ്ഥാപിക്കുന്നത്. ഇതിൽ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ എട്ട് കിലോമീറ്ററിൽ സൗരവേലി പൂർത്തിയായപ്പോൾ നാല് കിലോമീറ്ററിലെ നൂറിലേറേ സൗരവേലി പോസ്റ്റുകളാണ് കാട്ടാനകൾ തകർത്തത്. ഒരുദിവസം പോലും പൂർണതോതിൽ ഈ ഭാഗത്ത് സൗരോർജവേലി പ്രവർത്തിപ്പിച്ചിട്ടില്ല. വനവകുപ്പിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവെക്കുന്ന പദ്ധതിയായി ഇത് മാറുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു.
ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ നെല്ലിപ്പോക്കറ്റ് മുതൽ മുനിത്തടം വരെയുള്ള എട്ട് കിലോമീറ്ററിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിക്കൽ പൂർത്തിയായത്. ഇതിൽ നെല്ലിപ്പോക്കറ്റ് മുതൽ വെറ്റിലപ്പാറ വരെയുള്ള നാല് കിലോമീറ്ററിൽ സൗരോർജ തൂണുകൾ പൂർണമായി കാട്ടാനക്കൂട്ടം തകർത്തു. വെറ്റിലപ്പാറ മുതൽ മുനിത്തടം വരെയുള്ള ഭാഗത്തും കാട്ടാനക്കൂട്ടം പോസ്റ്റുകൾ തകർത്തിട്ടുണ്ട്.
തൂക്ക് സൗരവേലിയുടെ തൂണിലടക്കം എർത്തുള്ളതാണ്. മരം മറിച്ചിട്ട് തകർത്തതിന്റെ ലക്ഷണങ്ങളൊന്നും ഒരിടത്തും കണ്ടെത്താനായിട്ടില്ല. എന്നിട്ടും എങ്ങനെയാണ് കാട്ടാനക്കൂട്ടം ഇത് തകർക്കുന്നതെന്ന് അമ്പരന്നിരിക്കുകയാണ് വനംവകുപ്പ്. ഒന്നുകിൽ കാട്ടാനക്കൂട്ടം 'ഷോക്കിൽ' നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം കണ്ടെത്തിയിരിക്കുന്നു, അല്ലങ്കിൽ ആവശ്യത്തിന് ചാർജ് തൂണുകളിലില്ല. സൗരവേലിക്ക് സാങ്കേതിക പ്രശ്നങ്ങളുണ്ടോയെന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്.
സൗരോർജ തൂക്കുവേലി സ്ഥാപിക്കാനുള്ള അലൈൻമെന്റ് നിർണയിച്ചതിലെ പിഴവാണ് ആനക്കൂട്ടം തൂണുകൾ തകർക്കുന്നതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. അലൈൻമെന്റ് ശരിയല്ലെന്ന് നേരത്തേതന്നെ ആരോപണം ഉയർന്നിരുന്നു. സൗരവേലിയുടെ ഒരുവശത്ത് റിസർവ് വനവും മറുവശത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമിയുമായതിന്റെ പ്രശ്നമാണണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്ലാന്റേഷൻ ഭൂമി വർഷങ്ങളായി കാട്ടാനക്കൂട്ടം വിഹരിക്കുന്നയിടമാണ്. പ്രദേശത്തെ കാട്ടാനകളുടെ ആവാസവ്യവസ്ഥയുടെ ഭാഗമായി അത് മാറിക്കഴിഞ്ഞു. ആനകൾ പുഴയിലേക്ക് വെള്ളംകുടിക്കാനിറങ്ങുന്നതും ഈ ഭൂമിയിലൂടെയാണ്. ഈ സാഹചര്യത്തിൽ ഏഴാറ്റുമുഖം-വെറ്റിലപ്പാറ റോഡരികിനോട് ചേർന്ന് സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായം നേരത്തേതന്നെ ഉയർന്നിരുന്നു.
കരാറുകാർ ഓരോഘട്ടത്തിലും നിർമാണം പൂർത്തിയാക്കുന്ന സൗരോർജ തൂക്കുവേലി, ബെനഫിഷ്യറി കമ്മിറ്റി പരിശോധിച്ച് ഏറ്റെടുക്കണമെന്നാണ് നിർദേശം. പ്ലാന്റേഷൻ കോർപ്പറേഷന് കൂടുതൽ പ്രയോജനമുണ്ടാകുന്ന രീതിയിലാണ് അലൈൻമെന്റെങ്കിലും അവരോ, വനംവകുപ്പോ പ്രവർത്തനരഹിതമായ സൗരവേലി ഏറ്റെടുക്കാൻ തയ്യാറാവില്ലെന്നാണ് സൂചന. ഒരുവശം റിസർവ് വനവും മറുവശം വനപ്രദേശത്തിന് തുല്യമായ പ്ലാന്റേഷൻ ഭൂമിയുമായതിനാൽ സൗരവേലിയുടെ അറ്റകുറ്റപ്പണിയും പ്രശ്നത്തിലാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Content Highlights: ambitious solar elephant fence is failing as wild elephants destroy posts. Millions lost. Learn about the technical and alignment issues causing this costly failure.
Published: 22 Feb 2026, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented