
കൊച്ചി: സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്. മൺസൂൺ തുടങ്ങിയ ജൂൺ നാലുമുതൽ കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണിത്. ഇടുക്കി, വയനാട് ജില്ലകളിലാണ് കാര്യമായ മഴക്കുറവ്. എൽനിനോ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
നദികളെ ബാധിക്കും
ഇങ്ങനെ മഴ കുറയുന്ന പ്രവണത 15 വർഷമായുണ്ട്. 2025-ൽ എട്ടു ശതമാനമായിരുന്നു കാലവർഷം തുടങ്ങി ഇതേ കാലയളവിലെ മഴയുടെ കുറവ്. 2024-ൽ 37 ശതമാനം, 2023-ൽ 66 ശതമാനം, 2021-ൽ 54 ശതമാനം, 2020-ൽ 17 ശതമാനം എന്നിങ്ങനെയായിരുന്നു കുറവ്. രാജ്യമാകെ 41 ശതമാനമാണ് മഴക്കുറവ്. കേരളത്തിലെ 44 നദികളെയും മഴക്കുറവ് ബാധിക്കും. എൽനിനോ എഫക്ട് 12-15 മാസം വരെ തുടരാമെന്നും ഡോ. അഭിലാഷ് പറഞ്ഞു.
ദക്ഷിണ അമേരിക്കയിലെ പെറുവിന്റെ തീരത്ത് ശാന്തസമുദ്രത്തിലെ ഉപരിതല താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമായ എൽ നിനോ സജീവമാകുമ്പോൾ, ഇന്ത്യയിലേക്ക് മഴ കൊണ്ടുവരുന്ന കാലവർഷക്കാറ്റിന്റെ ശക്തി കുറയും. അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ ഈ മാസം അവസാനത്തോടെ നല്ല മഴ കിട്ടാനും സാധ്യതയുണ്ട്.
കുസാറ്റിന്റെ റഡാർ
വായു പ്രവാഹങ്ങളും മേഘങ്ങളുടെ ഘടനയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന റഡാർ സ്റ്റേഷൻ കുസാറ്റിലുണ്ട്. ദക്ഷിണേന്ത്യയിൽ ഒരു കാമ്പസിൽ റഡാർ ഗവേഷണ കേന്ദ്രം ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.
കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ 26 കോടി രൂപ സഹായത്തോട് 2016-ലാണ് തുടങ്ങിയത്. 20 കിലോമീറ്റർ വരെ ഉയരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
ജില്ലകളിലെ മഴക്കുറവ് (ശതമാനത്തിൽ)
വയനാട്- 65, ഇടുക്കി-53, കാസർകോട്-41, കണ്ണൂർ-41, പാലക്കാട്-37, കൊല്ലം-36, തൃശ്ശൂർ-33,എറണാകുളം-29, ആലപ്പുഴ-33, കോഴിക്കോട്-25, മലപ്പുറം-20, കോട്ടയം-20, പത്തനംതിട്ട-18. തിരുവനന്തപുരത്ത് സാധാരണ നിലയിൽ മഴകിട്ടി.
Content Highlights: Kerala faces a 35% monsoon deficit in 2026 due to the El Niño effect. CUSAT expert insights on rainfall trends and the impact on state rivers.
Published: 27 Jun 2026, 08:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented