തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ജൂൺ 11-ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂൺ 12-ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ജൂൺ 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കാറ്റും മഴയും ഉള്ളപ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. കാറ്റ് വീശി തുടങ്ങുമ്പോൾത്തന്നെ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം. വീടിന്റെ ടെറസിൽ നിൽക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ ആയ ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ തയ്യാറാകണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കുകയും പകൽ സമയത്തുതന്നെ ക്യാമ്പുകളിലേക്ക് മാറുകയും വേണം.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പത്രം-പാൽ വിതരണക്കാർ, കർഷകർ, നിർമാണ തൊഴിലാളികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നമ്പറിലോ വിവരം അറിയിക്കണം.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽനിന്ന് സെൽഫി എടുക്കുന്നതും കാഴ്ച കാണാൻ കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. മലയോര മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കാലാവസ്ഥയിലെ കൃത്യമായ വിവരങ്ങൾക്കായി കാലാവസ്ഥ വകുപ്പിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Content Highlights: Orange alert declared for Ernakulam, Thrissur, Kozhikode, Kannur, and Idukki districts., Expect heavy rainfall up to 204.4mm within 24 hours., High-speed winds (40-50 km/h) predicted; safety precautions advised., Avoid riverbanks, hills, and tourism activities during the alert period., Emergency helpline numbers 1077 and 1070 are operational 24/7.
Published: 11 Jun 2026, 05:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented