കൊച്ചി: സംസ്ഥാനത്ത് മിന്നൽപ്രളയം പതിവായ സാഹചര്യത്തിൽ പ്രാദേശിക കാലാവസ്ഥാ ഡേറ്റയുടെ അഭാവവും ജലാശയങ്ങളുടെ ആഴക്കുറവും വെള്ളം ഒഴുകാൻ ഇടമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നിലവിൽ മുന്നറിയിപ്പ് (‘അലർട്ട്’) ലഭിക്കുന്നതിലെ കാലതാമസം മാത്രമാണ് ചർച്ചയാകുന്നത്.
പ്രകൃതിദുരന്തങ്ങൾ തുടർക്കഥയായതോടെ കേരളത്തിലുടനീളം കാലാവസ്ഥ ഡേറ്റാ നെറ്റ്‌വർക്ക് ഉണ്ടാക്കേണ്ടതായിരുന്നുവെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് (ഡീപ്പ് ഡിപ്രഷൻ) ഉണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാൽ, വിവരം മത്സ്യത്തൊഴിലാളികളിൽ എത്തിയിരുന്നില്ല. കാറ്റിന്റെ വേഗം 63 കിലോമീറ്ററിന് മുകളിലായാൽ ചുഴലി ആകുമെന്നിരിക്കേയായിരുന്നു ഡീപ്പ് ഡിപ്രഷൻ ഉണ്ടാകുമെന്ന പ്രവചനം.
കാലാവസ്ഥാ പ്രവചനം നൂറുശതമാനം കൃത്യമാകില്ല
റഡാർ ഇമേജുകൾ വിലയിരുത്തിയാണ് മുന്നറിയിപ്പുകൾ നൽകുന്നത്. കാലാവസ്ഥാ പ്രവചനം നൂറ് ശതമാനം കൃത്യമാകില്ല. കാറ്റ്, താപനില, ആർദ്രത തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ചുള്ള ഗണിതശാസ്ത്ര മോഡലുകൾ വഴിയാണ് പ്രവചനം. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രധാന ഒബ്‌സർവേറ്ററികളുള്ളത്. ആലപ്പുഴ പോലുള്ള സ്ഥലങ്ങളിലെ ഡേറ്റ ഇല്ലാത്തതു കാരണം സാറ്റലൈറ്റ്, റഡാർ വിവരങ്ങൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് യഥാർഥ അളവെടുപ്പിനോളം കൃത്യമാകില്ലെന്നും ഡോ. എസ്. അഭിലാഷ് പറഞ്ഞു.
റഡാറുകളും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളും വേണം
ഓരോ പ്രദേശത്തെയും ഡേറ്റ ലഭിക്കാത്തതിനാൽ പ്രാദേശിക പ്രവചനം പരാജയപ്പെടുന്നത് ഒഴിവാക്കാൻ കൂടുതൽ റഡാറുകളും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളും സ്ഥാപിച്ച് ഡേറ്റ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. സംസ്ഥാനത്ത് ഇപ്പോൾ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമാണ് റഡാറുകൾ പ്രവർത്തിക്കുന്നത്. വയനാട്ടിലേത് പ്രവർത്തനം തുടങ്ങിയിട്ടില്ല.
ഭൂപ്രകൃതിയിലും മാറ്റം
മുൻപ് വലിയ മഴപെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തേതുപോലെ പ്രളയങ്ങൾ ഉണ്ടായിരുന്നില്ല. ജലാശയങ്ങളുടെ ആഴം കുറഞ്ഞതും വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാത്തതും ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങളുമാണ് ഇപ്പോഴത്തെ പ്രളയത്തിന് പ്രധാന കാരണം. മുൻപ് മാസങ്ങളോളം പെയ്തിരുന്ന മഴ ഇപ്പോൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതിതീവ്രമായി പെയ്യുന്നത് താങ്ങാൻ ഭൂപ്രദേശങ്ങൾക്ക് സാധിക്കുന്നില്ലെന്ന വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Lack of local weather data networks worsens flash floods in Kerala., Delayed weather alerts and inaccurate localized forecasting remain major challenges., Only Kochi and Thiruvananthapuram currently operationalize weather radars., Geographical changes and shallow water bodies obstruct proper water drainage.
Published: 11 Aug 2026, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented